മസ്കത്ത്: ട്വന്റി20 ലോകകപ്പിൽ ഒരു വിജയമെങ്കിലും നേടുകയെന്ന സ്വപ്നവുമായി മൂന്നാം അങ്കത്തിനായി ഒമാൻ ഇന്നിറങ്ങും. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സ്കോഡ്ലൻഡാണ് എതിരാളികൾ. രാത്രി ഒമ്പത് മണിക്കാണ് കളി. ഗ്രൂപ്പിലെ അവസാന മത്സരം ജൂൺ 13ന് ഇംഗ്ലണ്ടിനതിരെയാണ്. ഇംഗ്ലണ്ടിനെ അട്ടിമറിച്ചിടുകയെന്നത് ഒമാൻ സ്വപ്നത്തിൽപോലും വിചാരിക്കാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ വിജയമധുരം നുകരാൻ അൽപമെങ്കിലും സാധ്യതയുള്ളത് ഇന്നത്തെ മത്സരത്തിനാണ്. കഴിഞ്ഞ മത്സരങ്ങളിലെ പോരായ്മകൾ പരിഹരിച്ചാണ് കോച്ച് ദുലീപ് മെൻഡിസ് ഇന്ന് കുട്ടികളെ ഇറക്കുക. ബൗളർമാർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നന്നായി നിർവഹിക്കുന്നുണ്ടെങ്കിലും ബാറ്റമാർ പ്രതീക്ഷക്കൊത്തുയരാത്തതാണ് കഴിഞ്ഞ രണ്ട് കളിയിലും തിരിച്ചടിയായത്. ആദ്യ കളിയിൽ നിർഭാഗ്യത്തിന്റെ അകമ്പടിയോടെ 11 റൺസിനാണ് സൂപ്പർ ഓവറിൽ നമീബിയയോട് തോൽവി വഴങ്ങിയത്.
രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ വിറപ്പിക്കാനും സുൽത്താനേറ്റിനായി 39 റൺസിനായിരുന്നു കംഗാരുപ്പടയോട് അടിയറവു പറഞ്ഞത്. ദുർബലരായ ഒമാനെതിരെ വമ്പൻ വിജയ മോഹവുമായി ഇറങ്ങിയ ആസ്ട്രേലിയയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു ചെമ്പടയുടെ പ്രകടനം. ആദ്യ കളിയിലെ പോലെ ബൗളർമാർ നിറഞ്ഞാടിയ മത്സരത്തിൽ മുൻ ചമ്പ്യന്മാർക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനെ സാധിച്ചുള്ളു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 129 റൺസിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. കൂട്ടുകെട്ടുണ്ടാക്കാൻ കഴിയാതെപോയതായിരുന്നു ഒമാന് തിരിച്ചടിയായത്. വാലറ്റത്ത് നടത്തിയ പ്രകടനം മുൻനിര ബാറ്റർമാർ നടത്തിയിരുന്നെങ്കിൽ ഒരുപക്ഷേ കളിയുടെ ഫലം മറ്റൊന്ന് ആകുമായിരുന്നു. എന്നാൽ, തങ്ങളുടെ കുറവുകൾ പരിഹരിച്ച് ലോകകപ്പിൽ ആദ്യവിജയം സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായാണ് ഒമാൻ ക്യാപ്റ്റൻ ആഖിബ് ഇല്യാസ് കൂട്ടരും ഞായറാഴ്ച ഇറങ്ങുക. കണക്കിലെ കളിയിൽ സുൽത്താനേറ്റിനേക്കാൾ ബഹുദൂരം മുന്നിലാണ് സ്കോട്ടിഷ് പട. മാത്രവുമല്ല കഴിഞ്ഞ കളിയിൽ നമീബിയയെ തോൽപ്പിക്കാൻ കഴിഞ്ഞതും ടീമിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.