മൂന്നു മത്സരങ്ങളിലും ആദ്യപന്തിൽ പൂജ്യത്തിന് പുറത്തായി ‘ഹാട്രിക് ഗോൾഡൻ ഡക്ക് ബഹുമതി’ നേടിയ സൂര്യ കുമാർ യാദവിനെതിരെ ക്രിക്കറ്റ് പ്രേമികളും മുൻ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ശ്രേയസ് അയ്യരുടെ പരിക്ക് ഭേദമായില്ലെങ്കിൽ ലോകകപ്പിലും നാലാം നമ്പറിൽ സൂര്യക്കുതന്നെയാണ് സാധ്യത.
ട്വന്റി20യിൽ തകർത്തുകളിക്കുന്ന സൂര്യ കുമാർ ഏകദിനത്തിൽ ബൗളർമാർക്ക് മുന്നിൽ മുട്ടിടിച്ചുനിൽക്കുകയാണ്. ചെന്നൈ ഏകദിനത്തിൽ തീർത്തും പരിഭ്രമത്തോടെയാണ് ഈ ബാറ്റർ ആഷ്ടൺ ആഗറിന്റെ ബാൾ നേരിട്ടതും കുറ്റിതെറിച്ചതും. ഇനി അടുത്ത ജൂലൈയിലാണ് ഇന്ത്യക്ക് ഏകദിന പരമ്പരയുള്ളത്.
ഈ മാസം 31ന് ഐ.പി.എൽ തുടങ്ങാനിരിക്കേ, സൂര്യകുമാർ ഫോമിലേക്കുയരുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. ട്വന്റി20യിൽ മൂന്നു സെഞ്ച്വറികൾ കുറിച്ച സൂര്യകുമാർ 23 ഏകദിനത്തിൽ 433 റൺസ് മാത്രമാണ് നേടിയത്. 24.05 എന്ന നിരാശജനകമായ ബാറ്റിങ് ശരാശരിയാണ് ഈ താരത്തിനുള്ളത്. സഞ്ജു സാംസന്റെ ശരാശരി 66 റൺസാണ്.
സൂര്യകുമാറിനുപകരം മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്ന ആവശ്യം ശക്തമാണ്. സമൂഹ മാധ്യമങ്ങളിൽ ആരാധകർ ആവശ്യമുയർത്തിയിട്ടുണ്ട്. മുൻതാരങ്ങളും സഞ്ജുവിനെ പിന്തുണക്കുന്നു. ഐ.പി.എല്ലിനുശേഷം സഞ്ജു ഏകദിന ടീമിലെത്തുമെന്നാണ് പ്രതീക്ഷ.
വിക്കറ്റ് കീപ്പർ- ബാറ്റർ എന്ന നിലയിൽ കെ.എൽ. രാഹുലും ഇഷാൻ കിഷനും ടീമിലുണ്ടാകും. സഞ്ജുവിനെ സ്പെഷലിസ്റ്റ് ബാറ്ററായാകും ഉപയോഗിക്കുന്നത്. വമ്പനടികൾക്ക് കെൽപില്ലാത്ത രാഹുലിനേക്കാൾ മധ്യനിരയിൽ ഏറ്റവും ഉപകരിക്കുന്നത്. സഞ്ജുവിനെയാണ്. സൂര്യകുമാറിന് പകരം സഞ്ജുവിനെ പരീക്ഷിക്കണമെന്ന് മുൻ താരം വസീം ജാഫർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.