റൺവേട്ടയിൽ മൈക്കൽ ക്ലാർക്കിനെ മറികടന്ന് ഡേവിഡ് വാർണർ

പെർത്ത്: പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറിയുമായി കളംനിറഞ്ഞ ഡേവിഡ് വാർണർ റൺവേട്ടയിൽ മുൻ ഓസീസ് നായകൻ മൈക്കൽ ക്ലാർക്കിനെ മറികടന്നു. 211 പന്ത് നേരിട്ട് നാല് സിക്സും 16 ഫോറുമടക്കം 164 റൺസ് അടിച്ചതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആസ്ട്രേലിയക്കാരിൽ അഞ്ചാമനായിരിക്കുകയാണ് വാർണർ. ഇരട്ട സെഞ്ച്വറിയിലേക്ക് കുതിച്ച വാർണറെ ആമിർ ജമാലിന്റെ പന്തിൽ ഇമാമുൽ ഹഖ് പിടികൂടുകയായിരുന്നു.

ടെസ്റ്റിൽ 26ാം സെഞ്ച്വറിയാണ് വാർണർ കുറിച്ചത്. 110 ടെസ്റ്റിൽ 45.05 ശരാശരിയിൽ 8651 റൺസാണ് ഇതുവരെ നേടിയത്. 13,378 റൺസ് നേടിയ മുൻ നായകൻ റിക്കി പോണ്ടിങ്ങാണ് ഓസീസ് റൺവേട്ടക്കാരിൽ ഒന്നാമൻ. അലൻ ബോർഡർ (11,174) സ്റ്റീവ് വോ (10,927), സ്റ്റീവ് സ്മിത്ത് (9,351) എന്നിവരാണ് വാർണർക്ക് മുമ്പിലുള്ളത്. എല്ലാ ഫോർമാറ്റിലും ചേർന്ന് കൂടുതൽ റൺസ് നേടിയവരിൽ മൂന്നാമനാണ് 37കാരൻ. 20 റൺസ് കൂടി നേടിയാൽ 18,496 റൺസ് നേടിയ സ്റ്റീവ് വോയെ മറികടന്ന് രണ്ടാമനാകാം. റിക്കി പോണ്ടിങ്ങിന് ശേഷം എല്ലാ ഫോർമാറ്റിലുമായി 50 സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ആസ്ട്രേലിയക്കാരനാകാൻ ഒരു ശതകം കൂടി മതി. 100 സെഞ്ച്വറി നേടിയ ഇന്ത്യയുടെ ഇതിഹാസ താരം സചിൻ ​ടെണ്ടുൽക്കറാണ് ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരിൽ ഒന്നാമൻ. വിരാട് കോഹ്‍ലി (80), റിക്കി പോണ്ടിങ് (71), കുമാർ സങ്കക്കാര (63), ജാക്ക് കാലിസ് (62), ഹാഷിം ആംല (55) മഹേല ജയവർധനെ (54), ബ്രയൻ ലാറ (53) എന്നിവരാണ് 50 സെഞ്ച്വറി കടന്നവർ.

പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 346 റൺസെന്ന നിലയിലാണ്. വാർണറും 41 റൺസെടുത്ത ഉസ്മാൻ ഖ്വാജയും ചേർന്ന് മികച്ച തുടക്കമാണ് അവർക്ക് നൽകിയത്. എന്നാൽ, മാർനസ് ലബൂഷെയ്ൻ (16) സ്റ്റീവൻ സ്മിത്ത് (31) ട്രാവിസ് ഹെഡ് (40) എന്നിവർ കാര്യമായ സംഭാവന നൽകാതെ പുറത്തായി. 15 റൺസുമായി മിച്ചൽ മാർഷും 14 റൺസുമായി അലക്സ് കാരിയുമാണ് ക്രീസിൽ. 

Tags:    
News Summary - David Warner past Michael Clarke in the run chase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.