മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ റൺമഴ പെയ്ത മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തകർത്ത് ഡൽഹി കാപ്പിറ്റൽസ്. പഞ്ചാബ് കിങ്സ് ഉയർത്തിയ 195 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്കായി ശിഖർ ധവാൻ പടനയിക്കുകയായിരുന്നു. 49 പന്തിൽ 92 റൺസെടുത്ത ധവാൻ പഞ്ചാബിന്‍റെ തോൽവി ഉറപ്പാക്കിയാണ് മടങ്ങിയത്. 13 ബൗണ്ടറികളും രണ്ട് സിക്സറുമടക്കമായിരുന്നു ധവാന്‍റെ മാച്ച് വിന്നിങ് ഇന്നിങ്സ്. 17 പന്തിൽ 32 റൺസെടുത്ത പൃഥ്വി ഷായും 27 റൺസെടുത്ത മാർകസ് സ്റ്റേയ്നിസും ഡൽഹിയുടെ ജയത്തിന് തങ്ങളുടെ സംഭാവനകൾ അർപ്പിച്ചു.
സീസണിൽ ആദ്യമായി അവസരം ലഭിച്ച സ്റ്റീവൻ സ്മിത്തിന് (9) തിളങ്ങാനായില്ല. 15റൺസായിരുന്നു നായകൻ ഋഷഭ് പന്തിന്‍റെ സംഭാവന. അടങ്ങാത്ത വിജയ ദാഹവുമായി ബാറ്റ് ചെയ്ത ഡൽഹി ബാറ്റ്സ്മാൻമാർക്ക് മുമ്പിൽ പഞ്ചാബ് ബൗളർമാർ തല്ലുകൊണ്ട് തളർനു. നാലോവറിൽ 53 റൺസ് വഴങ്ങിയ മുഹമ്മദ് ഷമിയാണ് ഏറ്റവുമധികം തല്ലുവാങ്ങിയത്.
ആദ്യം ബാറ്റുചെയ്ത പഞ്ചാബ് തകർത്തടിച്ചാണ് തുടങ്ങിയത്. താളം വീണ്ടെടുത്ത മായങ്ക് അഗർവാളും (36 പന്തിൽ 69) കെ.എൽ രാഹുലും (51പന്തിൽ 61) ചേർന്ന് ഒന്നാം വിക്കറ്റിൽ 122റൺസാണ് കുറിച്ചത്. ഒരുഘട്ടത്തിൽ 200ഉം പിന്നിട്ട് കുതിക്കുമെന്ന കരുതിയ പഞ്ചാബിന് പിന്നീട് അതേ വേഗത്തിൽ സ്കോർ ചലിപ്പിക്കാനായില്ല. മൂന്നുമത്സരങ്ങളിൽ നിന്നുമുള്ള ഡൽഹിയുടെ രണ്ടാം വിജയവും പഞ്ചാബിന്‍റെ രണ്ടാം തോൽവിയുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.