ന്യൂഡൽഹി: ഐ.പി.എൽ പടിവാതിലിൽ എത്തിനിൽക്കേ രാജസ്ഥാൻ റോയൽസിന് തിരിച്ചടിയേകി പേസർ ജോഫ്ര ആർച്ചറുടെ പരിക്ക്.
ഇന്ത്യക്കെതിരായ ട്വന്‍റി20 പരമ്പരക്കിടെ പരിക്കേറ്റ ജോഫ്ര ആർച്ചറുടെ സേവനം ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിന് ലഭ്യമാകില്ലെന്ന് നായകൻ ഓയിൻ മോർഗൻ കഴിഞ്ഞ ദിവസം അറിയിച്ചു. മാർച്ച് 23ന് പൂനെയിൽ വെച്ചാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം.
ഏപ്രിൽ ഒമ്പതിനാണ് ഐ.പി.എൽ തുടങ്ങുന്നത്. പരിക്ക് അൽപം ഗുരുതരമായതിനാൽ ഈ സീസണിലെ പകുതി മത്സരങ്ങൾ ആർച്ചർക്ക് നഷ്ടമാകും. ഐ.പി.എൽ 2020 പതിപ്പിലെ ഏറ്റവും വിലയേറിയ കളിക്കാരനായിരുന്നു ആർച്ചർ.
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ് പിൻവാങ്ങിയ ആർച്ചർ ട്വന്‍റി20 പരമ്പരയിലൂടെ മികച്ച തിരിച്ചു വരവ് നടത്തിയിരുന്നു. 25കാരന്‍റെ കരിയർ ബെസ്റ്റായ 4/33 നാലാം ട്വന്‍റി20യിലാണ് പിറവി കൊണ്ടത്.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിെന ഇംഗ്ലണ്ട് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ട്വന്‍റി20 ലോകകപ്പിന് മുമ്പ് ന്യൂസിലൻഡിനും ഇന്ത്യക്കുമെതിരെ സ്വന്തം മണ്ണിൽ പരമ്പര കളിക്കുന്നുണ്ട് ഇംഗ്ലണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.