രണ്ടു മാറ്റങ്ങളുമായി ഇംഗ്ലണ്ട്; ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു

റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. കഴിഞ്ഞ ടീമിൽനിന്ന് രണ്ടു മാറ്റങ്ങളാണ് വരുത്തിയത്. വെള്ളിയാഴ്ച റാഞ്ചി ജെ.എസ്.സി.എ ഇന്‍റർനാഷനൽ കോംപ്ലക്സ് സ്റ്റേഡിയത്തിലാണ് മത്സരം.

പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. പേസർ ഒലീ റോബിൻസൺ, സ്പിന്നർ ശുഐബ് ബഷീർ എന്നിവർ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി. പകരം മാർക്ക് വുഡ്, റെഹാൻ അഹ്മദ് എന്നിവർ പുറത്തായി. രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യയോട് 434 റൺസിന്‍റെ വമ്പൻ തോൽവിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ഇന്ത്യ മുന്നോട്ടുവെച്ച 557 പിന്തുടർന്ന സന്ദർശകർ 122 റൺസിൽ ഓൾ ഔട്ടായി.

നാണംകെട്ട തോൽവിയാണ് ടീമിൽ മാറ്റംവരുത്താൻ ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ചത്. രണ്ട് പേസർമാരും രണ്ടു സ്പിന്നർമാരും ഉൾപ്പെടുന്ന കോമ്പിനേഷൻ തന്നെയാണ് റാഞ്ചിയിലും ടീം പരീക്ഷിക്കുന്നത്. ശുഐബ് ബഷീർ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിനാണ് റോബിൻസൻ ഇറങ്ങുന്നത്. മോശം ഫോമിലുള്ള ജോ റൂട്ടിനെ ടീമിൽ നിലനിർത്തി. 700 വിക്കറ്റ് ക്ലബിലെത്താൻ നാലു വിക്കറ്റ് മാത്രം അകലെയാണ് വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സൺ.

റാഞ്ചിയിൽ ബെൻ സ്റ്റോക്സും പന്തെറിയുമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞവർഷം ആഗസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ആഷസിലാണ് നായകൻ അവസാനമായി ഇംഗ്ലണ്ടിനായി ബൗൾ ചെയ്തത്. കാൽമുട്ടിന് പരിക്കേറ്റ താരം പിന്നീട് പന്തെറിഞ്ഞിട്ടില്ല.

ഇംഗ്ലണ്ട് ടീം: സാക് ക്രോളി, ബെൻ ഡക്കറ്റ്, ഒലീ പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ്, ടോം ഹാർട്ലി, ഒലീ റോബിൻസൺ, ജെയിംസ് ആൻഡേഴ്സൺ, ശുഐബ് ബഷീർ.

Tags:    
News Summary - England Announce Playing XI For Ranchi Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.