‘എന്തൊക്കെ ആയിരുന്നു, ധോണി വരുന്നേ... സിംഹം വരുന്നേ... ഇപ്പോൾ എന്തായി’! വെറ്ററൻ താരത്തെ ട്രോളി സിദ്ദു

‘എന്തൊക്കെ ആയിരുന്നു, ധോണി വരുന്നേ... സിംഹം വരുന്നേ... ഇപ്പോൾ എന്തായി’! വെറ്ററൻ താരത്തെ ട്രോളി സിദ്ദു

ചെന്നൈ: നായകനായി വെറ്ററൻ താരം എം.എസ്. ധോണി തിരിച്ചെത്തിയ മത്സരത്തിലും ചെന്നൈ സൂപ്പർ കിങ്സിന് തോൽക്കാനായിരുന്നു വിധി! സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ടു വിക്കറ്റിനാണ് ചെന്നൈയുടെ തോൽവി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഈ ഐ.പി.എൽ സീസണിലെ ഏറ്റവും ചെറിയ സ്കോറിനാണ് പുറത്തായത്. ഒരുഘട്ടത്തിൽ ടീം ഐ.പി.എല്ലിലെ തങ്ങളുടെ ഏറ്റവും ചെറിയ ടോട്ടലിനു പുറത്താകുമെന്നുവരെ ആരാധകർ ആശങ്കപ്പെട്ടിരുന്നു. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ വിമർശനമുയരുന്നതിടെയാണു ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്. എന്നാൽ, തിരിച്ചുവരവിലും ധോണി ആരാധകരെ നിരാശപ്പെടുത്തി. ഒമ്പതാമനായി ബാറ്റിങ്ങിനിറങ്ങിയ താരത്തിന് നാലു പന്തിൽ ഒരു റണ്ണുമാത്രമാണ് എടുക്കാനായത്. സുനിൽ നരെയ്ന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് ഔട്ടായത്.

ഈസമയം ഹിന്ദി കമന്‍ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം നവജോത് സിങ് സിദ്ദു നടത്തിയ പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പതിവുപോലെ വലിയ കരഘോഷത്തോടെയും ആർപ്പുവിളികളോടെയുമാണ് ധോണിയെ ഗ്രൗണ്ടിലേക്ക് വരവേറ്റത്. എന്നാൽ, നരെയ്ന്‍റെ പന്തിൽ താരം പുറത്തായതോടെ ഗ്രൗണ്ട് നിശ്ശബ്ദമായി. ‘ധോണി വരുന്നേ... സിംഹം വരുന്നേ എന്ന് പറഞ്ഞ് ജനം ആർത്തുവിളിക്കുകയായരിന്നു, അതിരുവിട്ട ആവേശവും ആഘോഷവുമായിരുന്നു, ഒടുവിൽ ഒന്നും സംഭവിച്ചില്ല’ -സിദ്ദു പറഞ്ഞു.

ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചെന്നൈ കുറിച്ച 104 റൺസ് വിജയലക്ഷ്യം 10.1 ഓവറിൽ അനായാസം കൊൽക്കത്ത മറികടന്നു. സീസണിൽ സി.എസ്.കെയുടെ തുടർച്ചയായ അഞ്ചാം തോൽവി. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്നാണ് ധോണി മത്സരശേഷം പ്രതികരിച്ചത്. തിങ്കളാഴ്ച ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ അവരുടെ തട്ടകത്തിലാണ് ചെന്നൈയുടെ അടുത്ത മത്സരം. പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ ചെന്നൈ ജയിക്കണം.

Tags:    
News Summary - Ex-Indian Cricketer's Brutal Jibe At MS Dhoni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.