ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച പൊലിമയിൽ ഇറങ്ങിയ ഇന്ത്യൻ ടീം രണ്ടാം മത്സരത്തിൽ പതറുന്ന കാഴ്ചയാണ്. ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് രണ്ടാം ദിനം 262 റൺസിൽ അവസാനിപ്പിച്ച ആസ്ത്രേലിയ 62 റൺ ലീഡും നേടിയിട്ടുണ്ട്. ഏഴു വിക്കറ്റിന് 139 എന്ന നിലയിൽ തകർന്നടിയുകയായിരുന്ന ഇന്ത്യയെ അക്സർ പട്ടേൽ-രവിചന്ദ്രൻ അശ്വിൻ സെഞ്ച്വറി കൂട്ടുകെട്ടാണ് മാന്യമായ നിലയിലാക്കിയത്.
അതേസമയം, കംഗാരുക്കൾക്കെതിരെ ടീം ഇന്ത്യയെ പിന്തുണയ്ക്കാൻ ആരാധകർ കൂട്ടമായി ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. എന്നാൽ, സ്വന്തം ടീമിനെ പിന്തുണക്കുന്നതിനൊപ്പം ഓസീസ് താരങ്ങളെ പ്രകോപിപ്പിക്കാനും ചിലർ ശ്രമം നടത്തി. ബൗണ്ടറി റോപ്പിനടുത്തെത്തിയ ആസ്ത്രേലിയൻ ഫീൽഡർമാരെ 'സാൻഡ്പേപ്പർ' എന്ന് വിളിച്ചുപറഞ്ഞാണ് അലോസരപ്പെടുത്താൻ ഒരു സ്റ്റാൻഡിലെ കാണികൾ ശ്രമിച്ചത്.
ആസ്ത്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ നാണക്കേടിന്റെ ഏടായിരുന്നു സാൻഡ്പേപ്പർ വിവാദം. 2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തിൽ കൃത്രിമം കാണിച്ചതിന് ആസ്ത്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർ ശിക്ഷിക്കപ്പെട്ട സംഭവമായിരുന്നു അത്.
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ആസ്ത്രേലിയൻ ടീമിനെ ഇതേ കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആരാധകർ ആർത്തുവിളിച്ചു: ‘‘സാൻഡ്പേപ്പർ, സാൻഡ്പേപ്പർ, സാൻഡ്പേപ്പർ, സാൻഡ്പേപ്പർ’’....., - സംഭവം ഒരു ആരാധകൻ വിഡിയോ പകർത്തി ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. ഇന്ത്യൻ ഫാൻസ് ചെയ്തത് മോശമായ പ്രവർത്തിയാണെന്നും നമ്മുടെ രാജ്യത്ത് കളിക്കാൻ വന്നവരോട് ഇങ്ങനെ ചെയ്യരുതെന്നും പലരും കമന്റുകളിലൂടെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.