ഇത്തവണത്തെ ഐ.സി.സി ലോകകപ്പ് പ്രവചനങ്ങൾക്കതീതമായാണ് മുന്നോട്ട് പോകുന്നത്. മുൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും, ഫേവറിറ്റുകളായ ദക്ഷിണാഫ്രിക്കയും പാകിസ്താനുമൊക്കെ ദുർബലരായ ടീമുകൾക്കെതിരെ തോൽവി വഴങ്ങിയത് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചു. എന്നാൽ, ഇന്ത്യൻ ടീം അഞ്ചിൽ അഞ്ചും വിജയിച്ച് കുതിപ്പ് തുടരുകയാണ്.
പാതിദൂരം പിന്നിട്ട ലോകകപ്പിൽ മിക്ക ടീമുകളും അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. നാല് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് തൊട്ടുതാഴെ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ഈ മൂന്ന് ടീമുകൾ സെമിയിൽ പ്രവേശിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
നിരവധി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളാണ് ഇത്തവണ ലോകകപ്പിൽ ചില താരങ്ങൾ കാഴ്ചവെച്ചത്. അതിൽ തന്നെ പലതും അപ്രതീക്ഷിതമായിരുന്നു. എന്നാൽ, അഞ്ച് മത്സരങ്ങൾ കഴിഞ്ഞിട്ടും നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നവരുമുണ്ട്. പല പ്രമുഖരെയും പിന്തള്ളി ലോകകപ്പിൽ അവസരം ലഭിച്ച അത്തരത്തിലുള്ള 11 പേരുടെ ഫ്ലോപ് ഇലവനെ തന്നെ സൃഷ്ടിച്ചിരിക്കുകയാണ് സ്‍പോർട്സ് വെബ് സൈറ്റായ സ്‍പോർട്സ് കീഡ.
ഈ ലോകകപ്പിൽ മിക്ക ഓപണർമാരും അവരുടെ റോൾ ഭംഗിയായി നിറവേറ്റുന്നുണ്ട്. എന്നാൽ, ജോണി ബെയർസ്റ്റോയും കുസൽ പെരേരയും ഇതുവരെ ക്ലിക്കായിട്ടില്ല? ആക്രമണോത്സുകരായ ഈ രണ്ട് ബാറ്റർമാർക്കും ഒറ്റയ്ക്ക് ഒരു മത്സരത്തിന്റെ ഗതി തന്നെ മാറ്റാൻ കഴിയും. നിർഭാഗ്യവശാൽ, ടൂർണമെന്റിൽ ആ ദിവസം ഇതുവരെ വന്നുചേർന്നിട്ടില്ല. ബെയർസ്റ്റോ നാല് മത്സരങ്ങളിൽ നിന്നായി 24.25 ശരാശരിയിൽ ഇതുവരെ 97 റൺസാണ് നേടിയത്. കുശാൽ പെരേരയുടെ സമ്പാദ്യം 90 റൺസ് മാത്രമാണ്. ഓസീസിനെതിരെ നേടിയ 78 റൺസാണ് ഉയർന്ന സ്കോർ.
സ്മിത്തും, ബട്ലറും ഫ്ലോപ് 11-ൽ ഉൾപ്പെടുമെന്ന് ആരും ചിന്തിച്ചുകാണില്ല. ലോകോത്തര ബാറ്റർമാരായ ഇരുവരും സ്പിന്നിനെതിരെയും പേസിനെതിരെയും ഗംഭീരമായ പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. എന്നാൽ, ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഇതുവരെ ഇരുവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുൻ ഓസീസ് നായകന്റെ ആകെ സമ്പാദ്യം 72 റൺസാണ്. ഇംഗ്ലണ്ടിന്റെ വലംകൈയ്യൻ ബാറ്ററുടേതും 72 റൺസാണ്. ബട്ലറാണ് തോൽവി 11-ന്റെ നായകനും വിക്കറ്റ് കീപ്പറും ബംഗ്ലാദേശിന്റെ നജ്മുൽ ഹുസൈൻ ഷാന്റോ ഏഷ്യാ കപ്പിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, ലോകകപ്പിൽ ഇതുവരെ 74 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
മൂന്ന് ആൾറൗണ്ടർമാരാണ് ഫ്ലോപ് ഇലവനിലുള്ളത്. മൂന്ന് പേർക്കും അവരുടെ ഓൾറൗണ്ട് മികവ് ഇതുവരെ അതാത് ടീമുകൾക്ക് സമ്മാനിക്കാൻ കഴിഞ്ഞിട്ടില്ല. അതിൽ ലങ്കയുടെ ഡി സിൽവ വെറു 73 റൺസാണ് നേടിയത്. പാകിസ്താന്റെ നവാസ് ആകട്ടെ 57 റൺസും രണ്ട് വിക്കറ്റുമാണ് നേടിയത്. ടീമിലിടം ലഭിച്ച ഒരേയൊരു ഇന്ത്യൻ താരമായ ഷർദുൽ താക്കൂറിന് ഇതുവരെ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല. പന്തുകൊണ്ടും താരം കാര്യമായ സംഭാവന നൽകിയിട്ടില്ല. ഏറെ തല്ലുകൊണ്ട താരം ഇതുവരെ രണ്ട് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.
വേഗതയേറിയ പേസർമാരെപ്പോലും സുഖകരമായി നേരിടാൻ ബാറ്റർമാരെ അനുവദിക്കുന്ന പിച്ചുകളാണ് ഇന്ത്യയിലേത്. രണ്ട് അതിവേഗ ബൗളർമാരായ മാർക്ക് വുഡിനും ഹാരിസ് റൗഫിനും ഇതുവരെ കാര്യമായ ചലനമുണ്ടാക്കാൻ ലോകകപ്പിൽ സാധിച്ചിട്ടില്ല, എതിർ ബാറ്റർമാർക്ക് എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധിയുണ്ടാക്കാൻ പോന്ന ലൈനും ലെങ്തും ഇരുവരും ഇതുവരെ കണ്ടെത്തിയിട്ടുമില്ല.
ഇതുവരെ മൂന്ന് വിക്കറ്റുകൾ മാത്രമാണ് ഇംഗ്ലീഷ് താരമായ വുഡ് നേടിയത്. ഇതുവരെ എട്ട് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ടെങ്കിലും അടിയേറെ വാങ്ങുന്നുണ്ട് പാക് താരമായ ഹാരിസ് റൗഫ്. അതുതന്നെയാണ് ടീമിനെ അലട്ടുന്നതും.
ബംഗ്ലാദേശിന്റെ ബൗളിങ് കുന്തമുന മുസ്തഫിസുറിനും വിക്കറ്റുകൾ നേടാൻ കഴിയുന്നില്ല. ഏറെ പരിചയസമ്പന്നനായ താരം ഇതുവരെ വെറും രണ്ടുപേരെ മാത്രമാണ് പുറത്താക്കിയത്.
ജോണി ബെയർസ്റ്റോ, കുശാൽ പെരേര, സ്റ്റീവ് സ്മിത്ത്, നജ്മുൽ ഷാന്റോ, ജോസ് ബട്ട്ലർ (c&wk), ധനഞ്ജയ ഡി സിൽവ, മുഹമ്മദ് നവാസ്, ശാർദുൽ താക്കൂർ, മാർക്ക് വുഡ്, ഹാരിസ് റൗഫ്, മുസ്തഫിസുർ റഹ്മാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.