രോഹിത് ശർമയെ അഞ്ചാം ടെസ്റ്റിൽ നിന്നും പുറത്തിരുത്തിയതിന്‍റെ പൂർണ ഉത്തരവാദിത്തം കോച്ച് ഗൗതം ഗംഭീറിന്‍റേതല്ലെന്ന് രോഹിത് തന്നെ വ്യക്തമാക്കിയെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. അഞ്ചാം ടെസ്റ്റ് രണ്ടാം ദിനത്തിൽ രോഹിത് നൽകിയ അഭിമുഖമാണ് കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് മഞ്ജരേക്കർ പറയുന്നു.
സീരീസിൽ മൂന്ന് മത്സരം കളിച്ച രോഹിത് ശർമ മോശം പ്രകടനം കാരണം അവസാന ടെസ്റ്റിൽ ടീമിൽ നിന്നും വിട്ടുനിന്നിരുന്നു. എന്നാൽ ഇന്ത്യൻ ടീമിന്‍റെ വിധിയിൽ മാറ്റമൊന്നുമുണ്ടായില്ല. സിഡ്നിയിൽ നടന്ന അവസാന മത്സരവും തോറ്റ് 3-1ന് ഇന്ത്യ പരമ്പര അടിയറവ് പറഞ്ഞു.
'രോഹിത് ശർമ ആ അഭിമുഖം നൽകിയതിന് മറ്റൊരു കാരണമുണ്ടായിരുന്നു, ചില കാര്യങ്ങളിൽ വ്യക്തത കൊണ്ടുവരുവാൻ അതിന് സാധിച്ചു. രോഹിത്തിനെ പുറത്തിരുത്തിയത് ഗംഭീറിന്‍റെ ധീരമായ ഇടപെടലാണെന്ന വാർത്തകളുണ്ടായിരുന്നു. എന്നാൽ സത്യം പറഞ്ഞാൽ രോഹിത്തിന് കാര്യങ്ങൾ നേരെയാക്കണമായിരുന്നു.
എനിക്ക് ആ അഭിമുഖം ഇഷ്ടമായി. ടീമിൽ മറ്റൊരു ഫോമൗട്ട് ബാറ്ററെ താങ്ങാൻ സാധിക്കില്ല, അതുകൊണ്ട് ഞാൻ പുറത്തിരുന്നു എന്ന പറഞ്ഞത് എനിക്ക് ഇഷ്ടമായി. എന്നാൽ അതിൽ മറ്റ് വികാരങ്ങളും അടങ്ങിയിട്ടുണ്ട്,' മഞ്ജരേക്കർ പറഞ്ഞു. പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്ന രോഹിത് ശർമ രണ്ടാം മത്സരത്തിൽ ടീമിൽ തിരിച്ചെത്തുകയായിരുന്നു. മൂന്ന് മത്സരത്തിൽ ടീമിനെ നയിച്ച രോഹിത്തിന് ഒരു മത്സരം പോലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. അഞ്ച് ഇന്നിങ്സിൽ ബാറ്റ് വീശിയ താരം ആകെ 31 റൺസാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.