ഐ.പി.എൽ ലേലം കഴിഞ്ഞപ്പോൾ മുതൽ പൃഥ്വിഷാക്ക് ഇരിക്കപ്പൊറുതിയില്ല. കാണുന്നവരും കേൾക്കുന്നവരും മാത്രമല്ല, സോഷ്യൽ മീഡിയയിലെ ക്രിക്കറ്റ് അറിയാവുന്നവരെല്ലാം ഉപദേശത്തോട് ഉപദേശം. കോഹ്‍ലിയെ കണ്ടു പഠിക്കൂ, ഋഷഭ് പന്തിനെ നോക്കൂ... തടി കുറയ്ക്കൂ.. കഠിനമായി പരിശീലിക്കൂ... അങ്ങനെയങ്ങനെ ഉപദേശങ്ങളുടെ കുറിപ്പടി നീണ്ടു നീണ്ടു പോകുന്നു. ഇതിനെല്ലാം കാരണം, കഴിഞ്ഞ മാസം സൗദിയിൽ നടന്ന ഐ.പി.എൽ ലേലത്തിൽ പൃഥ്വി ഷാ എടുക്കാ ചരക്കായതാണ്.
ഒരുകാലത്ത് സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്‍ലിക്കും രോഹിത് ശർമക്കുമൊക്കെ പറ്റിയ പിൻഗാമി എന്ന നിലയിൽ വാഴ്ത്തപ്പെട്ട താരമാണ് അഭയമില്ലാതെ ഇപ്പോൾ അലയുന്നത് എന്നോർക്കണം. ഇക്കുറി ഡൽഹി ക്യാപിറ്റൽസ് കൈയൊഴിഞ്ഞ ഷായുടെ അടിസ്ഥാന വില ലേലത്തിൽ 75 ലക്ഷമായിരുന്നു. എന്നാൽ, ഐ.പി.എല്ലിലെ 10 ടീമുകളിൽ ആരും ഷായെ വാങ്ങാൻ തയാറായില്ല. അതേസമയം, ഡൽഹി റിലീസ് ചെയ്ത വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ്. 27 കോടിക്കാണ് പന്തിനെ ലഖ്നൗ കീശയിലാക്കിയത്.
കഴിഞ്ഞ രണ്ട് സീസണിലും എട്ട് കോടിക്കായിരുന്നു ഷായെ ക്യാപിറ്റൽസ് നിലനിർത്തിയത്. 2021ൽ 1.2 കോടിയാണ് ഡൽഹി ക്യാപിറ്റൽസ് ഷാക്ക് നൽകിയത്. 2022 ൽ 7.5 കോടിയായി ഉയർന്നു. അടുത്ത രണ്ട് വർഷങ്ങളിലും എട്ടു കോടിയുമായി. അങ്ങനെയൊരു താരമാണ് ഇക്കുറി ആർക്കും വേണ്ടാതായത്.
കഴിഞ്ഞ രണ്ട് സീസണുകളിലും മോശം ഫോമായിരുന്നു ഷായുടേത്. ഇക്കുറി ഡൽഹി രണ്ടാമതൊന്നാലോചിക്കാതെ ഷായെ ഒഴിവാക്കി. 2021ൽ ബാറ്റർമാരിൽ ഏഴാമതായിരുന്ന ഷാ 2022ൽ 33 ാമതും 2023ൽ 71ാമതുമായി. കഴിഞ്ഞ സീസണിൽ 52ാമതായിരുന്നു ഷാ.
ഏത് ബൗളറെയും അടിച്ചു നിലംപരിശാക്കിയിരുന്ന ഒരു പൃഥ്വി ഷായുണ്ടായിരുന്നു. പവർ പ്ലേയിൽ ഏറ്റവും അപകടകാരിയായ ബാറ്റർ. സ്റ്റൈലിലും കളിയഴകിലും സച്ചിനെയും രോഹിതിനെയും ഓർമിപ്പിച്ച താരം. കോഹ്‍ലിക്ക് പകരമാകുമെന്ന് കളിയെഴുത്തുകാർ പ്രവചിച്ച പ്രതിഭ. 2021 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളർ ശിവം മാവിയെ ഒരോവറിൽ ആറ് ഫോറുകൾ അടിച്ച് നിലംപരിശാക്കിയത് ഷായുടെ ഐ.പി.എൽ കരിയറിലെ മികച്ച ഇന്നിങ്സായിരുന്നു.
ജന്മസിദ്ധമായ പ്രതിഭയുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഷായുടെ കരിയർ തവിടുപൊടിയായതിന് കാരണം അദ്ദേഹത്തിന്റെ അച്ചടക്കമില്ലാത്ത ജീവിതമാണെന്ന് ഏറ്റവും അടുത്തവർ തന്നെ സൂചിപ്പിക്കുന്നു. കളിക്കളത്തിനു പുറത്തുള്ള ഷാ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് പ്രവേശിക്കുകയും നിലവിട്ട പാർട്ടികളിൽ പങ്കെടുക്കുകയും പ്രാക്ടീസിന് സമയത്ത് എത്താതിരിക്കുകയുമൊക്കെ ചെയ്തതായി പരിശീലകർ തന്നെ പറയുന്നു. ബാറ്റിനും പാഡിനും ഇടയിലെ വിടവ് അടയ്ക്കാൻ വേണ്ട യാതൊരു പരിശീലനവും നടത്താതെ തുടരെ കുറ്റി തെറിച്ച് പുറത്താവുന്ന ഷാ സമീപകാല ഐ.പി.എല്ലിലെ ദയനീയ ചിത്രമായിരുന്നു.
ടീമിലെടുത്താൽ മെരുക്കിയെടുക്കാൻ പാടുള്ള ഒറ്റക്കൊമ്പനാണ് ഷാ എന്ന ഇമേജും ഇക്കുറി ലേലത്തിൽ തടസ്സമായി. തടിയനായ സർഫറാസ് ഖാൻ പോലും ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചത് ഫിറ്റ്നസും കളിമികവും കൊണ്ടാണ്.
2013 നവംബറിലായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഒരാഴ്ച കഴിഞ്ഞ സമയത്താണ് 14 വയസ്സുകാരനായ പൃഥ്വി ഷാ പ്രശസ്ത സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റായ ഹാരിസ് ഷീൽഡിൽ റിസ്വി സ്പ്രിങ് ഫീൽഡിനായി 546 റൺസ് അടിച്ച് തകർത്ത് വാർത്തകളിൽ ഇടംപിടിച്ചത്. അതുവരെയുള്ള സ്കൂൾ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ ആയിരുന്നു അത്. (2016 ജനുവരി നാലിന് പ്രണവ് ധൻവാഡേ 1009 റൺസ് അടിക്കുന്നതുവരെ ഇതായിരുന്നു റെക്കോർഡ്. കെ.സി ഗാന്ധി സ്കൂളിനായി 327 പന്തിലായിരുന്നു പ്രണവ് 1009 റൺസ് നേടിയത്.) ‘വണ്ടർ കിഡ്’ എന്ന വിശേഷണം അങ്ങനെ ഷാക്ക് ലഭിച്ചു. സച്ചിനും വിനോദ് കാംബ്ലിയും ചേർന്ന് സ്കൂൾ ക്രിക്കറ്റിൽ 664 റൺസിന്റെ റെക്കോർഡ് സ്കോർ പടുത്തുയർത്തിയ ശേഷം മുംബൈയിലെ കുട്ടികൾക്ക് ഇരുവരും ഹീറോകളായിരുന്നു. അതിന്റെ ആവേശത്തിൽ ക്രിക്കറ്റിലേക്ക് കുതിച്ച തലമുറകളിലൊരാളായിരുന്നു പൃഥ്വി ഷായും.
2018 ലെ അണ്ടർ 19 ലോക കപ്പ് ഇന്ത്യ നേടുമ്പോൾ നായകൻ പൃഥ്വി ഷാ ആയിരുന്നു. ആ വർഷം അവസാനം വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിച്ച ഷാ സെഞ്ച്വറി നേടി. 19ാമത്തെ വയസ്സിൽ കന്നി സെഞ്ച്വറി നേടിയ റെക്കോർഡ് അതിനു മുമ്പ് സച്ചിനു മാത്രമായിരുന്നു. അതോടെ, വിരമിച്ച സച്ചിന് പിൻഗാമിയെ കണ്ടെത്തിയ ആഹ്ലാദത്തിലായിരുന്നു ക്രിക്കറ്റ് ലോകം. പക്ഷേ, വെറും ആറ് ടെസ്റ്റുകളിൽ ഷായുടെ ടെസ്റ്റ് കരിയർ അവസാനിച്ചു. ഏത് ബൗളറെയും കൂസലില്ലാതെ പറത്തുന്ന ഷായുടെ ബാറ്റിനും പാഡിനും ഇടയിലെ വിടവിൽ നിരന്തരം ആക്രമിച്ച എതിരാളികൾക്കു മുന്നിൽ അയാൾ പതിവായി ബാറ്റുവെച്ച് കീഴടങ്ങി.
ആറ് ഏകദിനങ്ങളും ഒരൊറ്റ ട്വന്റി 20 അന്താരാഷ്ട്ര മത്സരവും മാത്രം കളിക്കാനേ ഷാക്ക് കഴിഞ്ഞുള്ളു. ഐ.പി.എല്ലിൽ ഡൽഹിക്കുവേണ്ടി തകർപ്പൻ തുടക്കങ്ങൾ നൽകിയ ഷാ ക്രമേണ അവിടെയും മങ്ങി. ഒടുവിലിപ്പോൾ മൈതാനത്തിന് പുറത്തുമായി. ഏറ്റവും ഒടുവിൽ സെയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരെ മുംബൈക്കായി കളിച്ചപ്പോഴും പരാജയമായി. മികച്ച തുടക്കം കിട്ടിയെങ്കിലും വെറും 23 റൺസിന് പുറത്തായി. മത്സരത്തിൽ കേരളം 43 റൺസിന് ജയിക്കുകയും ചെയ്തു.
ഡൽഹി ക്യാപിറ്റൽസിൽ ഷായുടെ നായകനായിരുന്നു ഋഷഭ് പന്ത്. 2022 ഡിസംബറിലുണ്ടായ ഭീകരമായ കാറപകടത്തിൽ പന്തിന്റെ കരിയറും ജീവിതവും ഏതാണ്ട് കഴിഞ്ഞുവെന്ന് എല്ലാവരും വിലയിരുത്തിയതാണ്. എന്നാൽ, അപാരമായ ഇഛാശക്തിയും കഠിനപരിശ്രമങ്ങളുമായി തിരികെ വന്ന പന്ത് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായിരിക്കുന്നു. ന്യൂസിലാണ്ടിനെതിരെ ടെസ്റ്റ് സെഞ്ച്വറിയും കുറിച്ചു. 25കാരനായ പൃഥ്വി ഷായോട് 27കാരനായ പന്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി ഉപദേശിക്കുന്നവർ ഏറെയുണ്ട്. സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും പ്രവീൺ ആംറേയും കെവിൻ പീറ്റേഴ്സണുമെല്ലാം പൃഥ്വിയെ ഉപദേശിക്കുന്നത് സച്ചിന്റെയും വിരാട് കോഹ്‍ലിയുടെയും പന്തിന്റെയും കഥകൾ ഉദ്ധരിച്ചാണ്.
‘ഏറ്റവും മികച്ച സ്‌പോർട്‌സ് സ്റ്റോറികളിൽ ചിലത് തിരിച്ചുവരവിന്റെതാണ്. പൃഥ്വി ഷായുടെ മടങ്ങിവരവ് ആഗ്രഹിക്കുന്നവർ അവന് ചുറ്റുമുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് പുറത്തുകടന്ന് ശരിയായ വഴിയിലേക്ക് തിരിയാൻ അവനെ ഉപദേശിക്കണം.’ - മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ പറയുന്നു.
പൃഥ്വിയുടെ മുന്നിൽ തിരിച്ചുവരവിന് ഇനിയും സമയമുണ്ടെന്ന് ദ്രാവിഡും ഗാംഗുലിയുമെല്ലാം പറയുന്നു. എതിരാളികളെ അടിച്ചുപറത്തുന്ന പൃഥ്വി ഷായുടെ പഴയ ആ ഫോം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നുണ്ട്. ഇനി എന്തുവേണമെന്ന് പൃഥ്വി ഷാ തീരുമാനിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.