ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആതിഥേയരെ മലർത്തിയടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈ സൂപ്പർകിംഗ്‌സ് മുന്നോട്ട് വെച്ച 145 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ (147/4 ) കൊൽക്കത്ത ലക്ഷ്യം കണ്ടു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ നിതീഷ്റാണയുടെയും(57) റിങ്കു സിങ്ങിന്റെയും ( 54) അർധ സെഞ്ച്വറിയാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഓപണർമാരായ റുതുരാജ് ഗെയ്‌ക്‌വാദും, ഡെവൺ കോൺവെയും ഭേതപ്പെട്ട തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നടിയുകയായിരുന്നു. റുതുരാജ് ഗെയ്‌ക്‌വാദ് 17 ഉം കോൺവെ 30 ഉം റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ അജിങ്ക്യ രഹാനെ (16) വരുൺ ചക്രവർത്തിക്ക് രണ്ടാമെത്തെ വിക്കറ്റ് നൽകി മടങ്ങി. അമ്പാട്ടി റായിഡു 4ഉം മൊയീൻ അലി 1ഉം റൺസെടുത്ത് സുനിൽ നരെയ്ന വിക്കറ്റ് സമ്മാനിച്ചു. അഞ്ചാമനായി ഇറങ്ങിയ ശിവം ദുബെയും രവീന്ദ്ര ജഡേജയും ചേർന്നാണ് ടീമിനെ തകർച്ചയിൽ നിന്ന് കരകറ്റിയത്. 34 പന്തിൽ മുന്ന് സിക്സും ഒരു ബൗണ്ടറിയുമുൾപ്പെടെ 48 റൺസെടുത്ത് ദുബെ പുറത്താവാതെ നിന്നു. രവീന്ദ്ര ജഡേജ 20 റൺസെടുത്ത് മടങ്ങി. എം.എസ് ധോണി 2 റൺസെടുത്ത് പുറത്താവാതെ നിന്നു
വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഷാർദുൽ താക്കൂർ, വൈഭവ് അറോറ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ മുൻനിരക്ക് ദീപക്ക് ചാഹർ കനത്ത പ്രഹരമേൽപ്പിച്ചു. ജേസൺ റോയ് 12ഉം റഹ്മാനുള്ള ഗുർബാസ് 1ഉം വെങ്കിടേഷ് അയ്യർ 9ഉം റൺസെടുത്ത് ചാഹറിന് വിക്കറ്റ് നൽകി മടങ്ങി. തുടർന്നെത്തിയ ക്യാപ്റ്റൻ നിതീഷ് റാണയും റിങ്കു സിംഗും ചേർന്നാണ് ടീമിനെ കരകയറ്റിയത്. 43 പന്തിൽ 3 സിക്സും 4 ഫോറുമുൾപ്പെടെ 54 റൺസ് നേടി റിങ്കു സിംഗ് റണ്ണൗട്ടാവുകയായിരന്നു. 44 പന്തിൽ ഒരുസിക്സും 6 ഫോറുമുൾപ്പെടെ 57 റൺസടിച്ച് നിതീഷ് റാണയും 2 റൺസെടുത്ത് ആന്ദ്രേ റസ്സലും പുറത്താവാതെ നിന്നു. ചെന്നൈക്ക് വേണ്ടി ദീപക്ക് ചാഹർ മൂന്ന് വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.