ബംഗളൂരു: ഐ.പി.എല്ലിലെ നിർണായകമായ പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 188 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. 32 പന്തിൽ 52 റൺസ് നേടിയ രജത് പട്ടിദാറും 29 പന്തിൽ 41 റൺസ് നേടിയ വിൽ ജാക്സുമാണ് മികച്ച സ്കോറിലേക്കെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് ഓപണർ വിരാട് കോഹ്‌ലി മികച്ച തുടക്കമാണ് നൽകിയതെങ്കിലും സഹ ഓപണറും ക്യാപ്റ്റനുമായ ഫാഫ് ഡുപ്ലിസിസിന് താളം കണ്ടെത്താനായില്ല. ആറ് റൺസെടുത്ത ഡുപ്ലിസിസിനെ മുകേഷ് കുമാർ മടക്കി. 13 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 27 റൺസെടുത്ത കോഹ്‌ലിക്ക് ഇഷാന്ത് ശർമ തടയിട്ടു. ഇഷാന്തിന്റെ പന്തിൽ അഭിഷേക് പൊരേൽ പിടിച്ച് പുറത്താക്കി.
മൂന്നാം വിക്കറ്റിൽ വിൽ ജാക്സും രജത് പട്ടിദാറും ചേർന്ന് നടത്തിയ മുന്നേറ്റം സ്കോർ അതിവേഗം 100 കടത്തി. അർധസെഞ്ച്വറി പൂർത്തിയാക്കിയ രജത് പട്ടിദാർ (52) റാഷിക് സലാമിന് വിക്കറ്റ് നൽകി മടങ്ങി. 32 പന്തിൽ മൂന്ന് സിക്സും മൂന്ന് ഫോറും ഉൾപ്പെടെയാണ് പട്ടിദാർ 52 റൺസെടുത്തത്. സ്കോർ 137 ൽ നിൽക്കെ കുൽദീപ് യാദവിന്റെ പന്തിൽ വിൽ ജാക്സും മടങ്ങി. 29 പന്തിൽ 41 റൺസെടുത്താണ് ജാക്സ് മടങ്ങിയത്.
പിന്നീട് കാമറൂൺ ഗ്രീനിന്റെ ഊഴമായിരുന്നു. കൂറ്റനടികളുമായി നിലയുറപ്പിച്ച കാമറൂൺ ഗ്രീനിന് പിന്തുണ നൽകാതെ മറുവശത്ത് തുടരെ തുടരെ വിക്കറ്റുകൾ വീണു. മഹിപാൽ ലംറോർ (13), ദിനേഷ് കാർത്തിക് (0), സ്പനിൽ സിങ് (0), കരൺ ശർമ (6) മുഹമ്മദ് സിറാജ് (0) എന്നിവർ പുറത്തായി. 24 പന്തിൽ 32 റൺസുമായി ഗ്രീൻ പുറത്താവാതെ നിന്നു. ഖലീൽ അഹമ്മദ്, റാഷിഖ് സലാം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വിലക്കിനെ തുടർന്ന് വിട്ടുനിന്ന നായകൻ ഋഷഭ് പന്തിന് പകരം അക്ഷർ പട്ടേലാണ് ഡൽഹിയെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.