സൂര്യത്തിളക്കം; ഇന്ത്യ സൂപ്പർ എട്ടിൽ

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ യു.എസ്.എക്കെതിരെ ഏഴു വിക്കറ്റ് ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ. 44 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഇന്ത്യക്കായി സൂര്യകുമാർ യാദവും ശിവം ദുബെയും നടത്തിയ ​ചെറുത്തുനിൽപ്പാണ് വിജയത്തിലെത്തിച്ചത്. സൂര്യ 49 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 50 റൺസുമായും ശിവം ദുബെ 35 പന്തിൽ ഒന്ന് വീതം സിക്സും ഫോറുമടക്കം 31 റൺസുമായും പുറത്താകാതെ നിന്നു. 10 പന്തുകൾ ശേഷിക്കെയായിരുന്നു ഇന്ത്യൻ ജയം.

111 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി സൂപ്പർ താരം വിരാട് കോഹ്‍ലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ഇന്ത്യൻ വംശജൻ സൗരഭ് നേത്രവാൽക്കറുടെ പന്തിൽ വിക്കറ്റ് കീപ്പർ ആൻഡ്രീസ് ഗൗസിന് പിടികൊടുത്തായിരുന്നു മടക്കം. വൈകാതെ ക്യാപ്റ്റൻ രോഹിത് ശർമയും തിരിച്ചുകയറി. ആറ് പന്ത് നേരിട്ട് മൂന്ന് റൺസ് മാത്രം നേടിയ രോഹിതിനെയും വീഴ്ത്തിയത് നേത്രവാൽക്കർ തന്നെയായിരുന്നു. തുടർന്ന് ഋഷബ് പന്തും സൂര്യകുമാർ യാദവും ചേർന്ന് പിടിച്ചുനിന്നെങ്കിലും 20 പന്തിൽ 18 റൺസെടുത്ത പന്തിനെ അലിഖാൻ ബൗൾഡാക്കിയതോടെ യു.എസ്.എ വീണ്ടൊമൊരു അട്ടിമറി പ്രതീക്ഷയിലായി. എന്നാൽ, തുടർ​ന്നെത്തിയ ശിവം ദുബെയെ കൂട്ടുനിർത്തി സൂര്യ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

തീ പാറിച്ച് അർഷ്ദീപ്

ഒമ്പത് റൺസ് മാത്രം വഴങ്ങി അർഷ്ദീപ് നാല് വിക്കറ്റ് പിഴുത മത്സരത്തിൽ ഇന്ത്യക്ക് മുമ്പിൽ 111 റൺസ് വിജയലക്ഷ്യമാണ് യു.എസ്.എ കുറിച്ചത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് ആദ്യ ഓവറിൽ തന്നെ അർഷ്ദീപ് ഇരട്ട പ്രഹരമാണ് ഏൽപിച്ചത്. ആദ്യ പന്തിൽ ഷയാൻ ജഹാംഗീറിനെ എൽ.ബി.ഡബ്ല്യുവിൽ കുടുക്കിയ താരം അവസാന പന്തിൽ ആൻഡ്രീസ് ഗൗസിനെ (രണ്ട്) ഹാർദിക് പാണ്ഡ്യയുടെ കൈയിലെത്തിക്കുകയും ചെയ്തു. സ്കോർ ബോർഡിൽ 25 റൺസായപ്പോഴേക്കും മൂന്നാം വിക്കറ്റും വീണു. താൽക്കാലിക ക്യാപ്റ്റൻ ആരോൺ ജോൺസിനെ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ മുഹമ്മദ് സിറാജ് പിടികൂടുകയായിരുന്നു. 22 പന്തിൽ 11 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഒരുവശത്ത് പിടിച്ചുനിന്ന സ്റ്റീവൻ ടെയ്‍ലറുടേതായിരുന്നു അടുത്ത ഊഴം. 30 പന്തിൽ 24 റൺസെടുത്ത താരത്തിന്റെ അക്സർ പട്ടേലിനെതിരായ ഷോട്ട് പിഴച്ചപ്പോൾ പന്ത് സ്റ്റമ്പിൽ പതിക്കുകയായിരുന്നു. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ നിതീഷ് കുമാറിനെ (23 പന്തിൽ 27) അർഷ്ദീപിന്റെ പന്തിൽ മുഹമ്മദ് സിറാജ് ബൗണ്ടറി ലൈനിൽ ഉയർന്നുചാടി മനോഹരമായി കൈയിലൊതുക്കി. 12 പന്തിൽ 15 റൺസെടുത്ത കോറി ആൻഡേഴ്സണെ ഹാർദിക് പാണ്ഡ്യയും പത്ത് പന്തിൽ അത്രയും റൺസെടുത്ത ഹർമീത് സിങ്ങിനെ അർഷ്ദീപും വിക്കറ്റ് കീപ്പർ ഋഷബ് പന്തിനെ ഏൽപിച്ചതോടെ യു.എസ്.എ ഏഴിന് 98 റൺസെന്ന നിലയിലായി. ഷാഡ്‍ലി വാൻ ഷാൽക് വെയ്ക് 11 റൺസുമായി പുറത്താകാതെനിന്നപ്പോൾ ജസ്ദീപ് സിങ് (2) അവസാന പന്തിൽ റണ്ണൗട്ടായി മടങ്ങി.

ഇന്ത്യൻ ബൗളർമാരിൽ നാലോവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി അർഷ്ദീപ് നാലുപേരെ മടക്കിയപ്പോൾ ഹാർദിക് പാണ്ഡ്യ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേൽ ഒരു വിക്കറ്റ് നേടി. 

Tags:    
News Summary - Half century for Surya; India in Super Eight with third win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.