ഹർദിക്ക് നൽകുന്ന ഒരു തരം 'ഹയരാർക്കി'; ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ പ്രത്യേക 'ജെനുസ്'

ഇന്ത്യ-ബംഗ്ലാദേശ് ട്വന്‍റി-20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നും ഇന്ത്യ ആധികാരികമായി വിജയിച്ചാണ് ഇന്ത്യയുടെ തേരോട്ടം. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ 86 റൺസിനും വിജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ 133 റൺസിന്‍റെ ജയമാണ് സ്വന്തമാക്കിയത്. പരമ്പരയിൽ ഉടനീളം ബംഗ്ലാദേശിനെ ഇന്ത്യ ഇഞ്ച് ഇഞ്ചായി വധിക്കുന്നതാണ് കാണാൻ സാധിച്ചത്. ഒരു ചെറിയ വിട്ടുവീഴ്ച പോലും കടുവകൾക്ക് നൽകാൻ ഇന്ത്യ തയ്യാറായില്ല. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് എന്നീ സകല മേഖല‍യിലും ഇന്ത്യ അവരുടെ മികച്ച ഫോമിലായിരുന്നു കളിച്ചത്.

തന്‍റെ മികച്ച ദിവസങ്ങളിൽ നേരെ വരുന്ന എന്തിനെയും കരുത്തോടെ നേരിടുന്ന യാതൊരു ഭയവും, കൂസലുമില്ലാതെയുള്ള ഹർദിക്ക് പാണ്ഡ്യയുടെ സംഹാരതാണ്ഡവം പരമ്പരയിൽ കാണാൻ സാധിച്ചു. കുറച്ചു മാസങ്ങൾക്ക് മുമ്പ് തനിക്ക് നേരെ കൂവിയിരുന്ന, കല്ലെറിഞ്ഞിരുന്ന ഇന്ത്യൻ ആരാധകരെയെല്ലാം തനിക്ക് വേണ്ടി ആർപ്പ് വിളിപ്പിക്കുന്ന രീതിയിലേക്ക് മാറ്റുവാൻ ഹർദിക്കിന് വേണ്ടിയിരുന്നത് ഒരു ടൂർണമെന്‍റായിരുന്നു. അതേ, ഇന്ത്യ നേടിയ ആ ട്വന്‍റി-20 ലോകകപ്പ് ഹർദിക്കിന്‍റെ ഒരു പുനർജന്മത്തിനാണ് വഴി തെളിച്ചുവിട്ടത്. ചോർന്ന് പോയെന്ന് തെറ്റുധരിച്ച ഹർദിക്കിന്‍റെ പ്രധാന കരുത്തായ ആത്മവിശ്വാസവും മനസാന്നിധ്യവുമെല്ലാം തിരിച്ചുവന്ന് അതിന്‍റെ കൊടുമുടിയിലേക്കാണ് ഓടി കയറിയിരിക്കുന്നത്.

ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ കണ്ടത് അതിന്‍റെ ഒരു എക്സ്ട്രീം പതിപ്പാണ്. പരമ്പരയുടെ മൂന്ന് മത്സരത്തിലും കളത്തിൽ നിറഞ്ഞ് നിന്ന ഹർദിക്ക് പാണ്ഡ്യയാണ് പരമ്പരയിലെ താരമായി മാറിയതും. ഈ മൂന്ന് മത്സരത്തിൽ നിന്നുമായി ഒരു മത്സരത്തിൽ പോലും പ്ലെയർ ഓഫ് ദി മാച്ചായി ഹർദിക്കിനെ തെരഞ്ഞെടുത്തിട്ടില്ല. എന്നാൽ പരമ്പര അവസാനിച്ചപ്പോൾ ഹർദിക്കാണ് പരമ്പരയുടെ താരം. ഒരു ട്വന്‍റി-20 താരത്തിന് വേണ്ട സകലമാന കഴിവുകളും ഒത്തുചേർന്ന താരമാണ് ഹർദിക്ക്. മൂന്ന് മത്സരത്തിലും എതിരാളികളുടെ മേൽ ശക്തമായ ആധിപത്യം സ്ഥാപിക്കാൻ ഹർദിക്കിന്‍റെ പ്രകടനം ആവശ്യമായിരുന്നു. കളിയിൽ മികവ് പുലർത്തുന്നുതിനോടൊപ്പം തന്‍റെ ശക്തമായ മനോഭാവവും ഗെസ്റ്ററുകളും കൊണ്ട് ഇന്ത്യക്ക് ഹർദിക്ക് നൽകുന്ന ഒരു തരം 'ഹയരാർക്കി' അപൂർവമാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരു പ്രത്യേക ജെനുസ് എന്ന് ഹർദിക്കിനെ വിശേഷപ്പിച്ചാലും തെറ്റ് പറയാൻ സാധിക്കില്ല.

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ ഹർദിക്ക് തുടക്കത്തിൽ സഞ്ജും സാംസണും സൂര്യകുമാർ യാദവും നൽകിയ മൊമന്‍റം അതുപോലെ തുടർന്ന് കൊണ്ട് ടീമിന്‍റെ ടോപ് സ്കോററായി കളി ഫിനിഷ് ചെയ്യുകയായിരുന്നു. 16 പന്തിൽ 39 റൺസ് അതിൽ അഞ്ച് ഫോറും രണ്ട് സിക്സറും. നേരത്തെ ബൗളിങ്ങിൽ ഒരു വിക്കറ്റും ഹർദിക്ക് നേടിയിരുന്നു. രണ്ടാം മത്സരത്തിലും ഫിനിഷിങ് ലൈനിൽ ഹർദിക്കിന്‍റെ കത്തികയറ്റത്തിന് ഇന്ത്യ സാക്ഷിയായിരുന്നു. 19 പന്ത് നേരിട്ട ഹർദിക്ക് പാണ്ഡ്യ രണ്ട് സിക്സറിന്‍റെയും രണ്ട് ഫോറിന്‍റെയും അകമ്പടിയോടെ 32 റൺസ്. പവർ ഹിറ്റിങ്ങിന്‍റെ ഇന്ത്യയുടെ ഏറ്റവും മികച്ചവയിൽ ഒന്നാണ് ഹർദിക്ക് കാഴ്ചവെച്ചുകൊണ്ടിരുന്നത്.

ഇന്ത്യ റെക്കോർഡ് വെടിക്കെട്ട് നടത്തി 297 റൺസ് നേടിയ മൂന്നാം മത്സരത്തിലും ഹർദിക്കിന്‍റെ കൈകരുത്തുണ്ടായിരുന്നു 18 പന്ത് മാത്രം നേരിട്ട് നാല് ഫോറും അത്രയും തന്നെ കൂറ്റൻ സിക്സറുമടിച്ച് 47 റൺസ്. ഈ ബാറ്റിങ്ങിനെല്ലാം പുറമെ ഫീൽഡിൽ ഹർദിക്കിന്‍റെ അത്ലെറ്റിസവും മികച്ച ഉദാഹരണമായി കാണിക്കാവുന്നതാണ്. ഹർദിക്ക് മനോഭാവത്തിന്‍റെയും ഉയർത്തെഴുന്നേൽപ്പിന്‍റെയുമെല്ലാം ഒരു പ്രതീകമാണ്. ഇനിയും അയാളെ തള്ളിപറഞ്ഞെക്കും ‍അയാൾക്ക് നേരെ സംഘർഷങ്ങളുണ്ടായേക്കാം. എന്നാൽ ഇതിനെല്ലാമപ്പുറത്തേക്ക് ഹർദിക്ക് ഉ‍യരും, വീണ്ടും കളിക്കും, ഇന്ത്യൻ ടീമിനെ വിജയങ്ങളിലേക്ക് കൈപിടിച്ച് നടത്തും.

Tags:    
News Summary - hardik pandya player of the series in india vs bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.