ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിനായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുവാൻ ബംഗ്ലാദേശ് ബൗളർ ഹസൻ മഹ്മൂദിന് സാധിച്ചിരുന്നു. ഇന്ത്യൻ മണ്ണിൽ ബംഗ്ലാദേശിനായി അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ബംഗ്ലാദേശ് ബൗളറാണ് ഹസൻ മഹ്മൂദ്. പേരുകേട്ട ഇന്ത്യൻ ബാറ്റങ്ങിനെ 376 റൺസിന് ഒതുക്കാൻ ഹസൻ മഹ്മൂദിന്‍റെ ബൗിളങ് മികവ് സഹായിച്ചിട്ടുണ്ട്. വെറും നാലാമത്തെ ടെസ്റ്റ് മത്സരത്തിൽ കളിക്കുന്ന ഹസൻ ഇപ്പോൾ തന്നെ രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
2019ൽ അബു ജായെദിന്‍റെ നാല് വിക്കറ്റ് നേട്ടമായിരുന്നു ഒരു ബംഗ്ലാദേശ് ബൗളറുടെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകടനം. മത്സരത്തിലെ ആദ്യ ദിനം ഇന്ത്യയുടെ ബാറ്റിങ്ങിലെ പ്രധാന ശക്തികളായ നായകൻ രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിവരെ ഹസൻ പുറത്താക്കിക്കൊണ്ട് മിടുക്ക് കാട്ടിയിരുന്നു. രണ്ടാം ദിനം വാലറ്റക്കാരനായ ജ്സപ്രീത് ബുംറയെ പുറത്താക്കി താരം അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുകയായിരുന്നു. താരത്തിന്‍റെ തുടർച്ചയായ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.
കഴിഞ്ഞ മാസം പാകിസ്താനെതിരെ റാവൽപിണ്ടിയിൽ വെച്ച് നടന്ന രണ്ടാം മത്സരത്തിൽ 43 റൺസ് വിട്ടുനൽകികൊണ്ട് അഞ്ച് വിക്കറ്റ് നേട്ടം ഹസൻ സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റിന്‍റെ ഭാവിയാകാൻ ഈ 24 കാരന് സാധിക്കുമെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലാണ് നിലവിൽ ഹസൻ മുന്നേറുന്നത്. ഇന്ത്യക്കെതിരെ 83 റൺസ് വഴങ്ങിയാണ് അദ്ദേഹത്തിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം. അതേസമയം തുടക്കം പതറിയ ഇന്ത്യയെ കരകയറ്റിയത് ആർ. അശ്വിൻ ജഡേജ എന്നിവരുടെ കൂട്ടുക്കെട്ടാണ്. അശ്വിൻ 113 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ ജഡേജ 86 റൺസ് നേടി. ഇരുവർക്കും പുറമെ നേരത്തെ യശ്വസ്വി ജയ്സ്വാളും ഇന്ത്യക്കായി അർധസെഞ്ച്വറി നേടിയിരുന്നു. ഓപ്പണിങ് ഇറങ്ങിയ ജയ്സ്വാൾ 118 പന്ത് നേരിട്ട് 56 റൺസ് നേടി. രോഹിത് ശർമ (6), ഗിൽ (0), കോഹ്ലി (6), രാഹുൽ (16) എന്നിവർ നിരാശപ്പെടുത്തി. ഏറെ നാളുകൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്ത് 39 റൺസ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.