ജോർഡന് ഹാട്രിക്, ആഞ്ഞടിച്ച് ബട്ട്‍ലർ; യു.എസ്​.എയെ തുരത്തി ഇംഗ്ലണ്ട് സെമിയിൽ

ബ്രിഡ്ജ്ടൗൺ: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ യു.എസിനെതിരെ പത്ത് വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് സെമിയിൽ. 116 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ട്‍ലർ (38 പന്തിൽ ഏഴ് സിക്സും ആറ് ഫോറുമടക്കം പുറത്താവാതെ 83) ആഞ്ഞടിച്ചപ്പോൾ 62 പന്ത് ശേഷിക്കെ ജയം പിടിക്കുകയായിരുന്നു. വെസ്റ്റിൻഡീസ്-ദക്ഷിണാഫ്രിക്ക മത്സരഫലം ആശ്രയിക്കാതെ സെമിയിലെത്താൻ 17.4 ഓവറിൽ ജയിക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് 9.4 ഓവറിൽ കളി തീർത്തു. ഫിൽ സാൾട്ട് 21 പന്തിൽ 25 റൺസുമായി ബട്‍ലർക്കൊപ്പം പുറത്താകാതെനിന്നു.

ആദ്യം ബാറ്റ് ചെയ്ത എതിരാളികളെ പേസർ ക്രിസ് ജോർഡന്റെ ഹാട്രിക് മികവിൽ ഇംഗ്ലണ്ട് 18.5 ഓവറിൽ 115ന് പുറത്താക്കുകയായിരുന്നു. 19ാം ഓവറിലെ ആദ്യ അഞ്ച് പന്തുകളിൽ ഹാട്രിക് ഉൾപ്പെടെ നാല് വിക്കറ്റുകൾ നേടി ജോർഡൻ. 24 പന്തിൽ 30 റൺസെടുത്ത നിതീഷ് കുമാറാണ് അമേരിക്കയുടെ ടോപ് സ്കോറർ.

ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് പന്തിൽ എട്ട് റൺസെടുത്ത ഓപണർ ആൻഡ്രീസ് ഗൂസിനെ ആദ്യ ഓവറിൽത്തന്നെ റീസ് ടോപ്ലി മടക്കി. ഓപണർ സ്റ്റീവൻ ടെയ്‍ലർ-നിതീഷ് കുമാർ സഖ്യം ടീമിനെ കരകയറ്റവെ വീണ്ടും തിരിച്ചടി. 12 റൺസെടുത്ത ടെയ്‍ലറെ ആറാം ഓവറിൽ സാം കറൻ പുറത്താക്കി. ക്യാപ്റ്റൻ ആരോൺ ജോൺസിനെയും (10) നിതീഷിനെയും ബൗൾഡാക്കി ആദിൽ റാഷിദ്. മിലിന്ദ് കുമാർ (4) ലിയാം ലിവിങ്സ്റ്റണും വിക്കറ്റ് നൽകിയതോടെ 14 ഓവറിൽ അഞ്ച് വിക്കറ്റിന് 88.

കോറി ആൻഡേഴ്സണും ഹർമീത് സിങ്ങും ചേർന്നാണ് നൂറ് കടത്തിയത്. ആൻഡേഴ്സ്ൺ 28 പന്തിൽ 29ഉം ഹർമീത് 17 പന്തിൽ 21 റൺസ് നേടി. ജോർഡൻ എറിഞ്ഞ 19ാം ഓവറിൽ ബാക്കി നാല് വിക്കറ്റുകൾ നിലംപതിച്ചതോടെ യു.എസ് ഓൾ ഔട്ട്. ആദ്യ പന്തിൽ ആൻഡേഴ്സൺ ഹാരി ബ്രൂക്കിന് ക്യാച്ച് നൽകി. മൂന്നാം പന്തിൽ അലി ഖാൻ (0) ബൗൾഡ്. പിന്നാലെ നോഷ്തുഷ് കെൻജിഗെ (0) വിക്കറ്റിന് മുന്നിൽ കുടുങ്ങി. അഞ്ചാം പന്തിൽ സൗരഭ് നേത്രവാൽകറിന്റെ (0) കുറ്റിയുമെടുത്ത് ഹാട്രിക് തികച്ചു ജോർഡൻ. 2.5 ഓവറിൽ പത്ത് റൺസ് വഴങ്ങിയാണ് ജോർഡൻ നാല് വിക്കറ്റെടുത്തത്.

Tags:    
News Summary - Hat-trick for Jordan, Butler with a bang; England beat the USA in the semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.