ധാക്ക: ബംഗ്ലദേശ് അഞ്ചു റൺസിന് തോറ്റ കളിയിൽ മുൻ നായകൻ വിരാട് കോഹ്ലി വ്യാജ ഫീൽഡിങ് നടത്തിയെന്നും പിഴയായി ഐ.സി.സി ചട്ടപ്രകാരം അഞ്ചു റൺസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബംഗ്ലദേശ് വിക്കറ്റ് കീപർ നൂറുൽ ഹസൻ. അഡ് ലെയ്ഡിൽ ഇരുടീമുകൾക്കും നിർണായകമായ മത്സരത്തിനിടെയാണ് ബാറ്ററെ തെറ്റിദ്ധരിപ്പിക്കാൻ കോഹ്ലി പന്ത് എറിയുന്നതായി കാണിച്ചത്.
കളി പാതിയിൽ മുടക്കി മഴയെത്തുംമുമ്പായിരുന്നു ആരോപണ വിധേയമായ സംഭവം. അക്സർ പട്ടേൽ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്ത് ബംഗ്ലദേശ് ബാറ്റർ ലിട്ടൺ ദാസ് ഓഫ്സൈഡിലേക്ക് അടിച്ചിട്ട് രണ്ടു റൺസിനായി ഓടി. അർഷ്ദീപ് കൈയിലെടുത്ത പന്ത് കീപർക്കായി എറിഞ്ഞുനൽകി. കീപറുടെ അരികെയുണ്ടായിരുന്ന കോഹ്ലി പന്ത് കൈയിൽ ലഭിച്ചപോലെ നോൺസ്ട്രൈക്കറുടെ ഭാഗത്തേക്ക് എറിയുന്നതായി കാണിച്ചു. പന്ത് ശരിക്കും ലഭിച്ചത് കീപർ കാർത്തികിനായിരുന്നു.
ബാറ്ററെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾക്ക് ക്രിക്കറ്റ് ചട്ടം 41.5 പ്രകാരം അഞ്ചു റൺസ് വരെ പിഴ നൽകാം. ചെയ്തത് തെറ്റാണെന്ന് അംപയർക്ക് ബോധ്യപ്പെട്ടാൽ മാത്രമാണ് നടപടി. ഈ സംഭവത്തിൽ പക്ഷേ, അംപയർ പ്രശ്നമുണ്ടാക്കാത്തതിനാൽ ബംഗ്ലദേശ് നീക്കം എവിടെയുമെത്തില്ലെന്നുറപ്പാണ്.
ബുധനാഴ്ച എതിർടീമിനെ ചൊടിപ്പിച്ച അംപയറുടെ തീരുമാനങ്ങൾ വേറെയുമുണ്ടായിരുന്നു. ദിനേശ് കാർത്തിക് പുറത്തായ പന്തിൽ റണ്ണൗട്ട് വിധിച്ചത് ബാൾ വിക്കറ്റിൽ തട്ടിയെന്നു കണ്ടാണ്. എന്നാൽ, റീെപ്ലകളിൽ ബൗളറുടെ കൈയാണ് തട്ടുന്നതെന്നു വ്യക്തം. അർഷ്ദീപിന്റെ പന്തിൽ ലിട്ടൺ ദാസിനെ വിക്കറ്റ് കീപർ ക്യാച്ച് എടുത്തത് അനുവദിക്കാത്തതും അവ്യക്തതകളേറെയുള്ള തീരുമാനം.
കോരിച്ചൊരിയുന്ന മഴ ഏറെ നേരം കളി മുടക്കിയതിനൊടുവിൽ നാല് ഓവർ കുറച്ചായിരുന്നു ബംഗ്ലദേശ് കളിച്ചത്. അഞ്ചു റൺസിന് ഇന്ത്യ ജയിക്കുകയും ചെയ്തു. ഇതോടെ, ബംഗ്ലദേശ് പുറത്തേക്ക് വഴി തുറന്നപ്പോൾ ഇന്ത്യ നോക്കൗട്ട് യോഗ്യതക്ക് ഏറെ അരികിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.