ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ആവേശകരമായ വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ തേടിയെത്തിയത് നിരവധി റെക്കോഡുകൾ. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 90,000 കാണികളെ സാക്ഷിനിർത്തി അവസാന പന്തിലാണ് ഇന്ത്യ അയൽക്കാരിൽനിന്ന് വിജയം പിടിച്ചെടുത്തത്. സമീപകാലത്ത് നടന്ന ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായാണ് ക്രിക്കറ്റ് ലോകം ഇന്ത്യ-പാക് പോരാട്ടത്തെ വിലയിരുത്തുന്നത്. പാകിസ്താൻ എതിരാളികളായെത്തിയാൽ 'കലി'യിളകുന്ന കോഹ്‍ലിയെയാണ് ഒരിക്കൽ കൂടി കാണികൾ കണ്ടത്.
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്ന അഞ്ചു മത്സരങ്ങളിൽ കോഹ്‍ലി അടിച്ചുകൂട്ടിയത് 308 റൺസാണ്. ഇതിൽ പാക് താരങ്ങൾക്ക് പുറത്താക്കാനായത് ഒരു തവണ മാത്രം. കഴിഞ്ഞ വർഷം 49 പന്തിൽ 57 റൺസെടുത്ത് നിൽക്കെ ഷാഹിൻ അഫ്രീദിയുടെ പന്തിലായിരുന്നു പുറത്താവൽ. 2012ൽ 61 പന്തിൽ 78, 2014ൽ 32 പന്തിൽ 36, 2016ൽ 37 പന്തിൽ 55, 2022ൽ 53 പന്തിൽ 82 എന്നിങ്ങനെയാണ് കോഹ്‍ലി പുറത്താവാതെ നേടിയ റണ്ണുകൾ. ഏകദിന-ട്വന്റി ലോകകപ്പുകളിൽ ഒരു ടീമിനെതിരെ 500 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമായും അദ്ദേഹം മാറി. 501 റൺസാണ് ഇതുവരെ സ്വന്തമാക്കിയത്. വെസ്റ്റിൻഡീസിനെതിരെ 458 റൺസ് നേടിയ മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലേഴ്സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ അഞ്ച് അർധ സെഞ്ച്വറി നേടി ന്യൂസിലാൻഡിന്റെ കെയ്ൻ വില്യംസണിനൊപ്പമെത്താനും കോഹ്‍ലിക്കായി. കഴിഞ്ഞ മത്സരത്തോടെ ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ താരമെന്ന റെക്കോഡ് അഫ്ഗാനിസ്താന്റെ മുഹമ്മദ് നബിയെ മറികടന്ന് സ്വന്തമാക്കാനും കോഹ്‍ലിക്കായി. 14 തവണയാണ് അദ്ദേഹം മത്സരത്തിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.