ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ കെ.എൽ. രാഹുലിന്‍റെ ബാറ്റിങ്

ടെസ്റ്റിലെ അതിവേഗ 50, 100, 150, 200, 250; ഒറ്റദിനം റെക്കോഡുകൾ ഭേദിച്ച് ഇന്ത്യ, ജയം പിടിക്കാൻ ലക്ഷ്യമിട്ട് രോഹിത്തും സംഘവും

കാൺപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ മൂന്ന് ദിനം മഴ രസംകൊല്ലിയായപ്പോൾ, നാലാംദിനം ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റർമാർ തകർത്തടിക്കുന്ന കാഴ്ചക്കാണ് കാണികൾ സാക്ഷ്യം വഹിച്ചത്. ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 233 റൺസിന് പുറത്തായതിനു പിന്നാലെ അതിവേഗം സ്കോർ ചെയ്യുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയത്. തുടക്കം മുതൽ റെക്കോഡുകൾ തകർത്തെറിഞ്ഞ് മുന്നേറിയ ടീം ഇന്ത്യ, 34.4 ഓവറിൽ 9ന് 285 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മിക്കവരും ട്വന്‍റി20 ശൈലിയിൽ ബാറ്റുവീശിയതോടെ, എട്ടിന് മുകളിലാണ് ഇന്ത്യയുടെ റൺറേറ്റ്.

ടെസ്റ്റിലെ ഒരു ടീമിന്‍റെ അതിവേഗ 50,100, 150, 200, 250 എന്നിവയിലെല്ലാമുള്ള റെക്കോഡ് ഇന്ത്യൻ ബാറ്റർമാർക്കു മുന്നിൽ തകർന്നുവീണു. മൂന്നോവറിൽ 50 പിന്നിട്ടതോടെ ഇക്കാര്യത്തിൽ ബാസ്ബോൾ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്‍റെ റെക്കോഡാണ് പഴങ്കഥയായത്. സ്കോർ 55ൽ നിൽക്കേ ക്യാപ്റ്റൻ രോഹിത് ശർമ മടങ്ങിയെങ്കിലും പിന്നാലെയെത്തിയ ശുഭ്മൻ ഗില്ലിനൊപ്പം യശസ്വി ജയ്സ്വാൾ തകർപ്പനടികൾ തുടർന്നുകൊണ്ടിരുന്നു. 10.1 ഓവറിൽ സ്കോർ 100 പിന്നിട്ടു. കഴിഞ്ഞ വർഷ ഇന്ത്യ തന്നെ വെസ്റ്റിൻഡീസിനെതിരെ കുറിച്ച റെക്കോഡാണ് തിരുത്തിയത്.

ജയ്സ്വാളും (72) ഗില്ലും (39) പിന്നാലെ ഋഷഭ് പന്തും (9) മടങ്ങിയതോടെ സൂപ്പർ താരം വിരാട് കോലിയും (47) കെ.എൽ. രാഹുലും (68) ആക്രണത്തിന്‍റെ ചുമതല ഏറ്റെടുത്തു. 18.2 ഓവറിൽ 150, 24.2 ഓവറിൽ 200 റൺസും ടീം പിന്നിട്ടു. 31-ാമത്തെ ഓവറിൽ 250 പിന്നിട്ട് ഇതിലും റെക്കോഡ് എഴുതിച്ചേർത്തു. ടെസ്റ്റിൽ 100 റൺസിനു മുകളിൽ എട്ടിനു മുകളിൽ റൺറേറ്റിൽ സ്കോർ ചെയ്യുന്ന ആദ്യ ടീമാണ് ഇന്ത്യ. 8.22 റൺറേറ്റിലാണ് ഇന്ത്യ 285 റൺസ് അടിച്ചെടുത്തത്.

ഇന്നിങ്സ് ഡിക്ലയർ ചെയ്തതിനു പിന്നാലെ നാലാം ദിനം അവസാന സെഷനിൽ സന്ദർശകരുടെ രണ്ട് വിക്കറ്റും ഇന്ത്യൻ ബോളർമാർ പിഴുതു. ഓപണർ സാകിർ ഹസൻ, നൈറ്റ് വാച്ച്മാൻ ഹസൻ മഹ്മൂദ് എന്നിവരാണ് പുറത്തായത്. നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന്‍റെ 26 റൺസ് പിന്നിലാണ് ബംഗ്ലാദേശ്. അവസാന ദിനമായ ചൊവ്വാഴ്ച ബംഗ്ലാദേശിനെ വേഗത്തിൽ പുറത്താക്കാനാവും ഇന്ത്യൻ ബൗളർമാരുടെ ശ്രമം. സന്ദർശകരെ ചെറിയ സ്കോറിൽ ഒതുക്കിയാൽ ജയം സ്വന്തമാക്കാനാവുമെന്നാണ് രോഹിത്തും സംഘവും കണക്കുകൂട്ടുന്നത്.

Tags:    
News Summary - IND vs BAN: Fastest Team 50, 100, 150, 200 & 250 In Test History Achieved On A Single Day In Kanpur By India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.