ക്വാലാലംപുർ: പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്. ക്വാലാലംപുരിലെ ബയേമസ് ഓവലിൽ നടന്ന ഫൈനലിൽ അയക്കാരായ ബംഗ്ലാദേശിനെ 41 റൺസിനാണ് ഇന്ത്യൻ കൗമാരം തകർത്തെറിഞ്ഞത്. ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 76ന് പുറത്തായി. ഇന്ത്യക്കായി ഓപണർ ഗോംഗതി തൃഷ അർധ സെഞ്ച്വറി കണ്ടെത്തിയപ്പോൾ മൂന്ന് വിക്കറ്റ് പിഴുത ആയുഷി ശുക്ല ബോളിങ്ങിലും തിളങ്ങി. തൃഷയാണ് കളിയിലെ താരം. സ്കോർ: ഇന്ത്യ -20 ഓവറിൽ ഏഴിന് 117, ബംഗ്ലാദേശ് 18.3 ഓവറിൽ 76ന് പുറത്ത്.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ വലിയ കൂട്ടുകെട്ട് സൃഷ്ടിക്കാൻ ഇന്ത്യൻ താരങ്ങൾക്കായില്ല. സ്കോർ 23ൽനിൽക്കേ ജി. കമാലിനിയുടെ (ഒമ്പത് പന്തിൽ അഞ്ച്) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ട് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ സനിക ചൽക്കെ സംപൂജ്യയായി മടങ്ങി. ക്യപ്റ്റൻ നികി പ്രസാദ് (21 പന്തിൽ 12), ഈശ്വരി അവ്സാരെ (12 പന്തിൽ അഞ്ച്) എന്നിവർ നിരാശപ്പെടുത്തി.
അർധ സെഞ്ച്വറി നേടിയ ഗോംഗതി തൃഷ 16-ാം ഓവറിലാണ് മടങ്ങിയത്. 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 52 റൺസാണ് താരം നേടിയത്. മിഥില വിനോദ് (17), ആയുഷി ശുക്ല (10), വി.ജെ. ജോഷിത (മൂന്ന് പന്തിൽ രണ്ട്*) ഷബ്നം ഷാക്കിൽ (ഒരു പന്തിൽ നാല്*) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്കോർ. നാല് വിക്കറ്റ് പിഴുത ഫർജാന എസ്മിൻ ബംഗ്ലാ ബോളിങ് നിരയിൽ തിളങ്ങി. നിഷിത അക്തർ രണ്ടും ഹബീബ ഇസ്ലാം ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാ ബാറ്റിങ്നിര തകർന്നടിഞ്ഞു. രണ്ട് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 30 പന്തിൽ 22 റൺസ് നേടിയ ജുഐരിയ ഫിർദൗസാണ് അവരുടെ ടോപ് സ്കോറർ. 18 റൺസ് നേടിയ ഫഹോമിദ ചോയയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഇന്ത്യക്കായി ആയുഷി ശുക്ല മൂന്ന് വിക്കറ്റ് പിഴുതു. 3.3 ഓവറിൽ 17 റൺസ് മാത്രമാണ് താരം വിട്ടുനൽകിയത്. പരുണിക സിസോദിയ, സോനം യാദവ് എന്നിവർ രണ്ട് വീതവും മലയാളി താരം വി.ജെ. ജോഷിത ഒരു വിക്കറ്റും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.