റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്നു മുതൽ റാഞ്ചിയിൽ നടക്കും. അഞ്ചു മത്സര പരമ്പരയിൽ 2-1ന് മുന്നിലാണ് ആതിഥേയരിപ്പോൾ. ആ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന രോഹിത് ശർമക്കും സംഘത്തിനും നാലാം ടെസ്റ്റുകൂടി ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. ആദ്യ ടെസ്റ്റിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെയല്ല പിന്നെ കണ്ടത്. ബാസ്ബാൾ ശൈലിയിൽ പ്രതീക്ഷയർപ്പിച്ച് തുടങ്ങിയ ഇംഗ്ലണ്ടാവട്ടെ പിന്നെ പിറകോട്ടുപോയി. നാലാം ടെസ്റ്റ് ജയിച്ച് ഒപ്പമെത്തുകയാണ് സന്ദർശകരുടെ ലക്ഷ്യം. സ്വന്തം മണ്ണിൽ തുടർച്ചയായ 17ാം പരമ്പര ജയത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്.
ബാറ്റർ കെ.എൽ. രാഹുലും പേസ് ബൗളർ ജസ്പ്രീത് ബുംറയും നാലാം ടെസ്റ്റിൽ കളിക്കില്ല. രാഹുലിന്റെ പരിക്ക് ഇനിയും ഭേദമായിട്ടില്ല. അരങ്ങേറ്റം ഗംഭീരമാക്കിയ സർഫറാസ് ഖാന് രാഹുലിന്റെ വിടവ് നികത്താനാവുന്നുണ്ട്. എന്നാൽ, രജത് പാട്ടിദാർ തുടർച്ചയായി പരാജയപ്പെടുന്നത് തലവേദനയാണ്. ഈ സാഹചര്യത്തിൽ മലയാളിതാരം ദേവ്ദത്ത് പടിക്കലിന് അരങ്ങേറാൻ അവസരമുണ്ടാവുമോയെന്ന് ആരാധകർ ഉറ്റുനോക്കുന്നു. ഓപണർമാരായ രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, മൂന്നാമൻ ശുഭ്മൻ ഗിൽ, ടെസ്റ്റ് ക്യാപ് ലഭിച്ച വിക്കറ്റ് കീപ്പർ ധ്രുവ് ജുറൽ എന്നിവരും ബാറ്റിങ്ങിൽ വിശ്വാസം കാക്കുന്നു. ബാറ്റുകൊണ്ടും ബാളുകൊണ്ടും ഒരുപോലെ മിന്നുകയാണ് രവീന്ദ്ര ജദേജ. മൂന്നു സ്പിന്നർമാരും രണ്ടു പേസർമാരും എന്ന ഫോർമുല തുടർന്നാൽ ജദേജക്കും രവിചന്ദ്ര അശ്വിനും പുറമെ കുൽദീപ് യാദവ് തുടരാനാണ് സാധ്യത. ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ് പേസ് ബൗളിങ് നയിക്കും. കൂടെ ഒരു പേസർ കൂടി വേണമെന്നതിനാൽ ആകാശ് ദീപ് അരങ്ങേറിയേക്കും. അല്ലെങ്കിൽ മുകേഷ് കുമാർ ഇറങ്ങും.
പതിവുപോലെ െപ്ലയിങ് ഇലവനെ നേരത്തേ പ്രഖ്യാപിച്ചു ഇംഗ്ലണ്ട്. യുവസ്പിന്നർ ശുഐബ് ഉമർ തിരിച്ചെത്തി. റെഹാൻ അഹ്മദിനെയാണ് മാറ്റിയത്. പേസർ മാർക് വുഡിന് പകരം ഒലീ റോബിൻസനും അന്തിമ ഇലവനിൽ ഇടംപിടിച്ചു.
ഇന്ത്യൻ ടീം ഇവരിൽനിന്ന്: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കെ.എസ്. ഭരത്.
ഇംഗ്ലണ്ട് െപ്ലയിങ് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക് ക്രാളി, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്സ്, ഒലീ റോബിൻസൺ, ജെയിംസ് ആൻഡേഴ്സൺ, ശുഐബ് ബഷീർ, ടോം ഹാർട്ട്ലി.
റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് മത്സരം ഇന്ന് റാഞ്ചിയിൽ ആരംഭിക്കാനിരിക്കെ പിച്ചിൽ ആശങ്ക പ്രകടിപ്പിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. റാഞ്ചിയിലെ പോലെ ഒരു പിച്ച് ഇതുവരെ കണ്ടിട്ടില്ലെന്നും എന്തു സംഭവിക്കുമെന്ന് തനിക്ക് ഒരു പിടിത്തവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇതുപോലൊരു പിച്ച് ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല. എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല, അതിനാൽ എന്തു സംഭവിക്കുമെന്നും എനിക്കറിയില്ല. പുറത്തുനിന്ന്, ഡ്രസിങ് റൂമിൽനിന്ന് നോക്കിയാൽ പിച്ച് പച്ചയും പുല്ലും നിറഞ്ഞതായി തോന്നും. എന്നാൽ, അടുത്തേക്ക് പോയി നോക്കിയാൽ തീർത്തും വ്യത്യസ്തമാണ്. ഇരുണ്ടതും തകർന്നതുമായ പിച്ചാണ്. കുറച്ച് വിള്ളലുകളും കാണുന്നു’’ -ഇംഗ്ലണ്ട് നായകൻ പറഞ്ഞു. ഒലീ പോപ്പും സമാനമായ ആശങ്കകൾ പങ്കിട്ടു. പിച്ചിന്റെ ഒരു പകുതി വലിയ കുഴപ്പമില്ല, എന്നാൽ വലംകൈയൻ ഓഫ് സ്റ്റംപിനു പുറത്ത് ധാരാളം പാച്ചുകൾ ഉണ്ട്. ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ ഇത് മുതലെടുത്തേക്കുമെന്ന് പോപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.