സിഡ്നി: സിഡ്നി ടെസ്റ്റിൽ ഇന്ത്യയെ ആറു വിക്കറ്റിന് തോൽപിച്ചതോടെ ആസ്ട്രേലിയ മറ്റു മത്സര ഫലങ്ങൾക്ക് കാത്തുനിൽക്കാതെ തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ചു. ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ ഓസീസിന്‍റെ എതിരാളികൾ.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ ടീം ഇന്ത്യയില്ലാത്ത ആദ്യ ഫൈനലാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും ഇന്ത്യ ഫൈനലിലെത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ജൂൺ 11 മുതൽ 15 വരെ ലോർഡ്സിലാണ് ഫൈനൽ പോരാട്ടം. 2021 ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോടും 2023 ഫൈനലിൽ ആസ്ട്രേലിയയോടും ഇന്ത്യ തോറ്റു. കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിനായി ഇന്ത്യ ഇനിയും കാത്തിരിക്കണം.
അതേസമയം, ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യയിൽനിന്ന് ഓസീസ് തിരിച്ചുപിടിക്കുന്നത് പത്തു വർഷത്തിനുശേഷമാണ്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 295 റൺസിന്‍റെ തകർപ്പൻ ജയം നേടിയശേഷമാണ് പരമ്പരയിലെ ശേഷിക്കുന്ന നാലു മത്സരങ്ങളിൽ മൂന്നെണ്ണവും തോറ്റ് ഇന്ത്യ അടിയറവ് പറഞ്ഞത്. സൂപ്പർ ബാറ്റർ വിരാട് കോഹ്ലി, നായകൻ രോഹിത് ശർമ ഉൾപ്പെടെയുള്ള ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയതാണ് ഇന്ത്യയെ നാണംകെട്ട തോൽവിയിലേക്ക് തള്ളിവിട്ടത്.
അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപിച്ചു. പിന്നാലെ ഗാബയിൽ തോൽവിയെ തുറിച്ചുനോക്കിയ ഇന്ത്യയെ ഇടക്കിടെ പെയ്ത മഴയാണ് രക്ഷിച്ചത്. ഒടുവിൽ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ബോക്സിങ് ഡേ ടെസ്റ്റിൽ 185 റൺസിനായിന്നു ഓസീസ് ജയം. സിഡ്നിയിൽ ആറു വിക്കറ്റിന് തോറ്റതോടെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ പത്തുവർഷമായുള്ള ഇന്ത്യൻ ആധിപത്യത്തിനും അവസാനമായി. തുടർച്ചയായി നാലു തവണ കിരീടം നേടിയാണ് ഇന്ത്യ റെക്കോഡിട്ടത്. നാട്ടിൽ നടന്ന 2017, 2023 പരമ്പരകളിലും 2018-19, 2020-21 വർഷം ഓസീസ് മണ്ണിലും ഇന്ത്യ കിരീടം നേടി.
മോശം ഫോമിലുള്ള നായകൻ രോഹിത് ശർമ സ്വയം വിശ്രമമെടുത്തതോടെ ജസ്പ്രീത് ബുംറയാണ് സിഡ്നി ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത്. രണ്ടാംദിനം താരത്തിന് പരിക്കേറ്റതും ഇന്ത്യക്ക് തിരിച്ചടിയായി. നാട്ടിൽ ന്യൂസിലൻഡിനു മുന്നിൽ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യ ഓസീസ് മണ്ണിലെത്തിയത്. എന്നാൽ, പരമ്പരയിൽ ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം ഓസീസ് തകർത്തു.
സിഡ്നിയിൽ 162 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ ഓസീസ് 27 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 157 റൺസിൽ അവസാനിച്ചിരുന്നു. സ്കോർ: ഇന്ത്യ – 185 & 157, ആസ്ട്രേലിയ – 181 & 162/4. ഓപ്പണർ ട്രാവിസ് ഹെഡ് (38 പന്തിൽ 34), അരങ്ങേറ്റക്കാരൻ ബൂ വെബ്സ്റ്റർ (34 പന്തിൽ 39) എന്നിവരാണ് ടീമിനെ വിജയത്തിലെത്തിച്ചത്. യുവ ഓപ്പണർ സാം കോൺസ്റ്റാസ് (17 പന്തിൽ മൂന്നു ഫോറുകളോടെ 22), മാർനസ് ലബുഷെയ്ൻ (20 പന്തിൽ ആറ്), സ്റ്റീവ് സ്മിത്ത് (ഒമ്പത് പന്തിൽ നാല്), ഉസ്മാൻ ഖ്വാജ (45 പന്തിൽ 41) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.