ലുഡേർഹിൽ (യു.എസ്): മഴ ഭീഷണിക്കിടെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ് പോരാട്ടം. ദുർബലരായ കാനഡയാണ് എതിരാളികൾ. തുടർച്ചയായ മൂന്ന് മത്സരങ്ങൾ ജയിച്ച് ഇന്ത്യ സൂപ്പർ എട്ടിലെത്തിയിരുന്നു. ഫ്ലോറിഡയിലെ ബ്രോവാഡ് കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂയോർക്കിൽനിന്ന് 1850 കി. മീറ്റർ താണ്ടി കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീം ഇവിടെയെത്തിയത്. സൂപ്പർ എട്ട് മത്സരങ്ങൾക്കായി ടീം ഇനി വെസ്റ്റിൻഡീസിലേക്ക് പറക്കും.
ഐ.പി.എല്ലിൽ ഗംഭീര ഫോമിലായിരുന്ന മുൻ നായകൻ വിരാട് കോഹ്ലി താളംകണ്ടെത്താത്തതാണ് ഇന്ത്യയുടെ ബാറ്റിങ്ങിലെ തലവേദന. ഐ.പി.എല്ലിൽ 150 സ്ട്രൈക്ക്റേറ്റിൽ 700ലേറെ റൺസായിരുന്നു കോഹ്ലി നേടിയത്. ലോകകപ്പിൽ മൂന്ന് കളികളിൽ അഞ്ച് റൺസ് മാത്രം. യു.എസ്.എക്കെതിരെ ‘ഗോൾഡൻ ഡക്കും’ ഇതിലുൾപ്പെടും. ബാറ്റിങ്ങിൽ ഋഷഭ് പന്തും സൂര്യകുമാർ യാദവും ഫോമിലെത്തിയത് ഇന്ത്യക്ക് കരുത്താകും. അയർലൻഡിനും പാകിസ്താനുമെതിരെ പന്തും അമേരിക്കക്കെതിരെ സൂര്യകുമാറും നന്നായി ബാറ്റ് ചെയ്തു. ശിവം ദുബെ അമേരിക്കക്കെതിരെ 35 റൺസ് നേടിയിരുന്നു. ദുബെ ഫോമിലായതിനാൽ സഞ്ജു സാംസണ് അവസരം ലഭിക്കാനിടയില്ല. യുവ ഓപണർ യശസ്വി ജയ്സ്വാളിന് അവസരം ലഭിച്ചാൽ കോഹ്ലി മൂന്നാം നമ്പറിലിറങ്ങും.
ബൗളർമാരെല്ലാം ക്ലിക്കായിട്ടുണ്ട്. ജസ്പ്രീത് ബുംറ അഞ്ചും ഹാർദിക് പാണ്ഡ്യയും അർഷദീപ് സിങ്ങും ഏഴും വിക്കറ്റുകൾ സ്വന്തമാക്കി ഫോം തുടരുകയാണ്. മുഹമ്മദ് സിറാജും രവീന്ദ്ര ജദേജയും അധികം റൺസ് വിട്ടുകൊടുക്കാതെ പന്തെറിയുന്നുണ്ട്. സ്പിൻ ബൗളർമാരായ ജദേജയും അക്സർ പട്ടേലും പുറത്തിരുന്നേക്കും. കുൽദീപ് യാദവ് കളിക്കും. സ്പിന്നിനെ തുണക്കുന്ന വെസ്റ്റിൻഡീസിലെ പിച്ചിലാണ് സൂപ്പർ എട്ട് മത്സരങ്ങൾ നടക്കുന്നത്. സാദ് ബിൻ സഫർ നയിക്കുന്ന കാനഡ ടീമിൽ ആരോൺ ജോൺസണാണ് പ്രമുഖ താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.