കൊളംബോ: എമര്‍ജിങ് ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ എയെ 128 റൺസിന് തോൽപിച്ച് പാകിസ്താൻ എക്ക് കിരീടം. 353 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 40 ഓവറിൽ 224 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടമാവുകയായിരുന്നു. 51 പന്തിൽ 61 റൺസെടുത്ത ഓപണർ അഭിഷേക് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ യാഷ് ദുൽ (41 പന്തിൽ 39), സായ് സുദർശൻ (28 പന്തിൽ 29) എന്നിവരാണ് തിളങ്ങിയ മറ്റു ബാറ്റർമാർ. നികിൻ ജോസ് (11), നിശാന്ത് സിന്ധു (10), ധ്രുവ് ജുറേൽ (9), റിയാൻ പരാഗ് (14), ഹർഷിത് റാണ (13) രാജ്‍വർധൻ ഹംഗർഗേക്കർ (11), യുവരാജ് സിങ് ദോഡിയ (5) മാനവ് സൂത്തർ (പുറത്താവാതെ 7) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന. പാകിസ്താനു വേണ്ടി സുഫിയാൻ മുഖീം മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മെഹ്റാൻ മുംതാസ്, അർഷദ് ഇഖ്ബാൽ, മുഹമ്മദ് വസീം എന്നിവർ രണ്ട് വീതവും മുബശ്ശിർ ഖാൻ ഒന്നും വിക്കറ്റ് നേടി.
നേരത്തെ തയ്യബ് താഹിറിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ പാകിസ്താൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റൺസാണ് അടിച്ചെടുത്തത്. 71 പന്തുകൾ നേരിട്ട താഹിർ 12 ഫോറും നാലു സിക്സുമടക്കം 108 റൺസെടുത്തപ്പോൾ ഓപണർമാരായ സയിം അയൂബ് (51 പന്തിൽ 59), സാഹിബ്സദ ഫർഹാൻ (62 പന്തില്‍ 65) എന്നിവർ അർധശതകവുമായും തിളങ്ങി. ഓപണർമാർ 17.2 ഓവറിൽ 121 റണ്‍സിന്റെ കൂട്ടുകെട്ടുയർത്തിയാണ് വഴിപിരിഞ്ഞത്. ഒമൈർ യൂസഫ് (35 പന്തിൽ 35), മുബശ്ശിർ ഖാൻ (47 പന്തിൽ 35) എന്നിവരും തിളങ്ങി. ഖാസിം അക്രം (പൂജ്യം), ക്യാപ്റ്റൻ മുഹമ്മദ് ഹാരിസ് (ആറു പന്തിൽ രണ്ട്) മെഹ്റാൻ മുംതാസ് (10 പന്തിൽ 13) എന്നിവർ വേഗത്തിൽ മടങ്ങിയപ്പോൾ മുഹമ്മദ് വാസിമും (10 പന്തില്‍ 17), സുഫിയാൻ മുക്കീമും (നാല്) പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ആൾറൗണ്ടർ റിയാൻ പരാഗ്, രാജ്‍വർധന്‍ ഹംഗർഗേക്കർ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹർഷിത് റാണ, മാനവ് സൂത്തർ, നിശാന്ത് സിന്ധു എന്നിവർ ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.