പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം

മെൽബൺ: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വൻ തകർച്ച. ഏഴാം ഓവർ ആയപ്പോഴേക്കും 31 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ 10 ഓവറിൽ നാലിന് 45 എന്ന നിലയിലാണ്. ഓപണർമാരായ കെ.എൽ രാഹുൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ നാല് റൺസ് വീതമെടുത്ത് പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 15ഉം അക്സർ പട്ടേൽ രണ്ടും റൺസെടുത്ത് മടങ്ങി. മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി 21 പന്തിൽ 12 റൺസുമായും ഹാർദിക് പാണ്ഡ്യ 11 പന്തിൽ ഏഴ് റൺസുമായും ക്രീസിലുണ്ട്. പാകിസ്താനു വേണ്ടി ഹാരിസ് റഊഫ് രണ്ടു വിക്കറ്റും നസീം ഷാ ഒന്നും വിക്കറ്റെടുത്തു. അക്സർ പട്ടേൽ റൺഔട്ടാവുകയായിരുന്നു.

നേരത്തെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയുമാണ് പാകിസ്താനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലൊതുക്കിയത്. ഷാൻ മസൂദ്, ഇഫ്തിഖാർ അഹ്മദ് എന്നിവരുടെ അർധ സെഞ്ച്വറികളാണ് പാകിസ്താന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

ക്യാപ്റ്റൻ ബാബർ അസമും (0) മുഹമ്മദ് റിസ്‌വാനുമാണ് (12 പന്തിൽനിന്ന് 4) വേഗത്തിൽ പുറത്തായെങ്കിലും ഷാൻ മസൂദും ഇഫ്തിഖാർ അഹമ്മദും ചേർന്ന് ടീമിനെ കരകയറ്റുകയായിരുന്നു. ഷാൻ 42 പന്തിൽ 52 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ കൂറ്റനടിക​ളോടെ കളം നിറഞ്ഞ ഇഫ്തിഖാറിനെ മുഹമ്മദ് ഷമി എൽ.ബി.ഡബ്ലുവിൽ കുരുക്കുകയായിരുന്നു. 34 പന്തിൽ നാല് സിക്സും രണ്ട് ഫോറുമടക്കം 51 റൺസാണ് താരം അടിച്ചെടുത്തത്. തുടർന്നെത്തിയവരിൽ ഷാഹിൻ അഫ്രീദിക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. എട്ട് പന്തിൽ 16 റൺസാണ് താരം നേടിയത്. ഷദാബ് ഖാൻ (ആറ്), ഹൈദർ അലി (രണ്ട്), മുഹമ്മദ് നവാസ് (ഒമ്പത്), ആസിഫ് അലി (രണ്ട്) എന്നിങ്ങ​​​നെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവനകൾ. ഹാരിസ് റഊഫ് നാല് പന്തിൽ ആറ് റൺസെടുത്ത് ഷാൻ മസൂദിനൊപ്പം പുറത്താകാതെ നിന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അർഷ്ദീപ് സിങ് നാലോവറിൽ 32 റൺസ് വഴങ്ങിയും ഹാർദിക് പാണ്ഡ്യ നാലോവറിൽ 30 റൺസ് വഴങ്ങിയുമാണ് മൂന്ന് വിക്കറ്റ് വീതം നേടിയത്. ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും വീഴ്ത്തി. അശ്വിനെയും മുഹമ്മദ് ഷമിയെയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ചഹലിനും ഹർഷൽ പട്ടേലിനും ഇടം കിട്ടിയില്ല.

Tags:    
News Summary - India lost by four wickets against Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.