ഗാബ ടെസ്റ്റിൽ വില്ലനായി മഴ; ടോസ് നഷ്ടമായ ആസ്ട്രേലിയ ബാറ്റ് ചെയ്യുന്നു; ജദേജ തിരിച്ചെത്തി, അശ്വിൻ പുറത്ത്

ബ്രിസ്ബേൻ: ഇടക്കിടെ പെയ്യുന്ന മഴ മൂലം ഇഴഞ്ഞു നീങ്ങുന്ന ആസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് ലഞ്ചിന് പിരിയുമ്പോൾ ആസ്ട്രേലിയ 13.2 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാവാതെ 28 റൺസെടുത്തു. ഓപണർമാരായ ഉസ്്മാൻ ഖവാജ (19), നഥാൻ മക്സ്വീനി ( 4) എന്നിവരാണ് ക്രീസിൽ.

ഗാബ സ്റ്റേഡിയത്തിൽ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ആസ്ട്രേലിയയെ ബാറ്റിങ്ങനയക്കുകായായിരുന്നു. രണ്ടാം ടെസ്റ്റിൽ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രവിചന്ദ്ര അശ്വിന് പകരം രവീന്ദ്ര ജദേജയും ഹർഷിദ് റാണക്ക് പകരം ആകാശ് ദിപ് സിങ്ങും ടീമിലെത്തി. ആസ്ട്രേലിയൻ പേസർ ജോഷ് ഹാസൽവുഡ് ടീമിൽ തിരിച്ചെത്തി. സ്കോട്ട് ബോളണ്ട് പുറത്തിരിക്കും.

നാലുവർഷം മുമ്പ് ആസ്ട്രേലിയയെ മുട്ടുകുത്തിച്ച പരമ്പരയിൽ ഗാബയിലെ വിജയവും ശ്രദ്ധേയമായിരുന്നു. 328 റൺസിനായിരുന്നു അജിൻക്യ രഹാനെ നയിച്ച ടീമിന്റെ അന്നത്തെ ജയം. എന്നാൽ, പഴയനേട്ടം ആവർത്തിക്കണമെങ്കിൽ ഇന്ത്യൻ ടീമിന് ഇനിയും മെച്ചപ്പെടാനുണ്ട്. അഡലെയ്ഡ് ടെസ്റ്റിൽ ബാറ്റിങ്ങും ബൗളിങ്ങും നിരാശപ്പെടുത്തുന്നതായിരുന്നു. പുതുതാരമായ നിതീഷ് റെഡ്ഡി ഒഴികെയുള്ളവർക്ക് ബാറ്റിങ്ങിൽ ഒന്നും ചെയ്യാനായില്ല.

ക്യാപ്റ്റൻ രോഹിത് ശർമ ഏത് പൊസിഷനിൽ കളിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒന്നാം ടെസ്റ്റിൽ കളിക്കാതിരുന്ന രോഹിത് അഡലെയ്ഡിൽ ആറാമനായാണ് ഇറങ്ങിയത്. ഒന്നാമിന്നിങ്സിൽ മൂന്നും രണ്ടാമൂഴത്തിൽ ആറും റൺസിൽ ഇന്ത്യൻ നായകൻ ഒതുങ്ങി. പരിശീലനത്തിനിടെ പുതിയ പന്തുകൾ ഏറെ നേരം നേരിട്ട രോഹിതിനെ ഓപണർ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുമോയെന്ന് വ്യക്തമല്ല.

പെർത്തിൽ സെഞ്ച്വറി നേടിയ സീനിയർ താരം വിരാട് കോഹ്‍ലിക്കും നിർണായകമായ മത്സരമാണിത്. ഈ സീസണിൽ കോഹ്‍ലിയുടെ ശരാശരി ഒന്നാമിന്നിങ്സ് സ്കോർ പത്ത് റൺസാണ്. ഇന്ത്യൻ ടീമിന്റെ ഒന്നാമിന്നിങ്സ് പ്രകടനവും ഈ സീസണിൽ നിരാശാജനകമാണ്. 

Tags:    
News Summary - India vs Australia 3rd Test Day 1: Rain Stops Play

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.