ബംഗ്ലാദേശിനെതിരായ ടെസ്റ്റ്: ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 404ന് ഓൾഔട്ട്

ചറ്റോഗ്രാം (ബംഗ്ലാദേശ്): ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 404 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക്, 126 റൺസ് മാത്രമേ സ്കോർ ബോർഡിൽ കൂട്ടിചേർക്കാനായുള്ളു.

192 പന്തിൽ 86 റൺസെടുത്ത ശ്രേയസ്സ് അയ്യരുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇബാദത്ത് ഹൊസ്സൈന്‍റെ പന്തിൽ ബൗൾഡായാണ് താരം മടങ്ങിയത്. രവിചന്ദ്രൻ അശ്വിൻ അർധ സെഞ്ച്വറി നേടി (113 പന്തിൽ 58 റൺസ്). കുൽദീപ് യാദവ് (114 പന്തിൽ 40 റൺസ്), മുഹമ്മദ് സിറാജ് (മൂന്നു പന്തിൽ നാല്) എന്നിവരും പുറത്തായി. 15 റൺസുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനുവേണ്ടി തൈജുൽ ഇസ്‍ലാം, മെഹ്ദി ഹസൻ മിറാസ് എന്നിവർ നാലു വിക്കറ്റ് വീതം നേടി. ഇബാദത്ത് ഹൊസൈനും ഖാലിദ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും. ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ അഞ്ചു റൺസെടുത്തിട്ടുണ്ട്. നേരത്തെ, ചേതേശ്വർ പുജാരയുടെയും ശ്രേയസ്സ് അയ്യരുടെയും പ്രകടനങ്ങളാണ് തുടക്കത്തിൽ തകർന്ന ഇന്ത്യയെ കരകയറ്റിയത്.

പത്ത് റൺസിനാണ് പൂജാരക്ക് സെഞ്ച്വറി നഷ്ടമായത്. ടോസ് നേടിയ നായകൻ കെ.എൽ രാഹുൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ 41ലെത്തിയപ്പോൾ ഓപണർ ശുഭ്മാൻ ഗിൽ (20) തൈജുൽ ഇസ്‍ലാമിന്റെ പന്തിൽ യാസിർ അലിക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ മറ്റൊരു ഓപണർ രാഹുലും (22) പുറത്ത്. ഖാലിദ് അഹമ്മദിന്റെ ഓവറിൽ ബൗൾഡാവുകയായിരുന്നു ക്യാപ്റ്റൻ. തൊട്ടടുത്ത ഓവറിൽ വിരാട് കോഹ് ലിയെ തൈജുൽ ഇസ്‍ലാം വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോൾ സ്കോർ മൂന്നിന് 48. പുജാരയും ഋഷഭ് പന്തും പിടിച്ചുനിൽക്കാൻ ശ്രമിച്ചു.

വ്യക്തിഗത സ്കോർ 46ലെത്തിയപ്പോൾ ഋഷഭ് മടങ്ങി. മെഹ്ദി ഹസൻ മിറാസിന്റെ ഏറിൽ ബൗൾഡാവുകയായിരുന്നു. സ്കോർ നാലിന് 112. പുജാരയും ശ്രേ‍യസ്സും ഒരുമിച്ചതോടെയാണ് ഇന്ത്യ കരകയറിയത്. 203 പന്തിൽ 90 റൺസെടുത്ത പുജാര തൈജുൽ ഇസ്‍ലാമിന്റെ പന്തിൽ സ്റ്റമ്പിളകി മടങ്ങി. അക്സർ പട്ടേലിനെയും (14) മെഹ്ദി ബൗൾഡാക്കി.

Tags:    
News Summary - India vs Bangladesh, 1st Test Match, Day 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.