ചെന്നൈ: ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് സ്പിൻ ബൗളർമാരെ അതിജീവിച്ച് ഇന്ത്യ ലീഡുയർത്തുന്നു. തുടക്കത്തിലെ തകർച്ചക്ക് ശേഷം ക്രീസിലുറച്ച നായകൻ വിരാട് കോഹ്ലിയും(56) ഏഴാമതായി ഇറങ്ങി ആത്മവിശ്വാസത്തോടെ ബാറ്റുചെയ്ത രവിചന്ദ്രൻ അശ്വിനുമാണ് (50) ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. ആറുവിക്കറ്റ് നഷ്ടത്തിന് 190 റൺസെന്ന നിലയിലാണ് ഇന്ത്യ. ആകെ ലീഡ് 385 റൺസായതോടെ ഇംഗ്ലണ്ടിന് ചങ്കിടിപ്പേറി.
ഒരുവിക്കറ്റിന് 54 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം തകർച്ചയോടെയായിരുന്നു. 7 റൺസുമായി ചേതേശ്വർ പുജാര റൺ ഒൗട്ടായി മടങ്ങി. വൈകാതെ ജാക് ലീഷിന്‍റെ പന്തിൽ സ്റ്റംപിങ്ങിനിരയായി 26 റൺസുമായി രോഹിത് ശർമയും തിരികെ നടന്നു. ഋഷഭ് പന്ത് (8), അജിൻക്യ രഹാനെ (10), അക്സർ പേട്ടൽ (7) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോഴും ഒരുവശത്ത് കോഹ്ലി ക്രീസിലുറച്ചുനിൽക്കുകയായിരുന്നു.
കഴിഞ്ഞ ഇന്നിങ്സിലെ പിഴവ് സംഭവിക്കാതിരിക്കാൻ പഴുതടച്ച പ്രതിരോധവുമായാണ് കോഹ്ലി ബാറ്റേന്തിയത്. ഏഴാമനായി ബാറ്റിങ്ങിനെത്തിയ അശ്വിനാകട്ടെ, മുൻനിരയെ കവച്ചുവെക്കുന്ന പ്രകടനമാണ് നടത്തിയത്.
ബാറ്റ്സ്മാൻമാർക്ക് നിലയുപ്പിക്കാനാകാതെ പന്ത് കുത്തിത്തിരിയുന്ന പിച്ചിൽ ബാറ്റിങ് കൂടുതൽ ദുഷ്കരമാകാനാണ് സാധ്യത. ഇന്ത്യയുയർത്തുന്ന വൻ സ്കോറിനെ പ്രതിരോധിക്കാൻ ഇംഗ്ലണ്ട് ഏറെ പാടുപെടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.