കറക്കി വീഴ്ത്തി വരുൺ ചക്രവർത്തി, അഞ്ചു വിക്കറ്റ്; ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

കറക്കി വീഴ്ത്തി വരുൺ ചക്രവർത്തി, അഞ്ചു വിക്കറ്റ്; ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്‍റി20യിൽ ഇന്ത്യക്ക് 172 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ഇന്ത്യക്കായി വരുൺ ചക്രവർത്തി അഞ്ചു വിക്കറ്റ് വീഴ്ത്തി. നാലു ഓവറിൽ 24 റൺസ് വഴങ്ങിയാണ് താരത്തിന്‍റെ അഞ്ചു വിക്കറ്റ് നേട്ടം.

അർധ സെഞ്ച്വറി നേടിയ ബെൻ ഡ‍ക്കറ്റാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. 28 പന്തിൽ രണ്ടു സിക്സും ഏഴു ഫോറുമടക്കം 51 റൺസെടുത്താണ് താരം പുറത്തായത്. 24 പന്തിൽ 43 റൺസെടുത്ത ലിയാം ലിവിങ്സറ്റണും ഭേദപ്പെട്ട പ്രകടനം നടത്തി. നായകൻ ജോസ് ബട്‍ലർ (22 പന്തിൽ 24), ഫിൽ സാൾട്ട് (ഏഴു പന്തിൽ അഞ്ച്), ഹാരി ബ്രൂക്ക് (പത്ത് പന്തിൽ എട്ട്), ജെയ്മി സ്മിത്ത് (നാലു പന്തിൽ ആറ്), ജെയ്മി ഓവർടൻ (പൂജ്യം), ബ്രൈഡൻ കാഴ്സ് (നാലു പന്തിൽ മൂന്ന്), ജോഫ്ര ആർച്ചർ (പൂജ്യം) എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ പുറത്തായ മറ്റു താരങ്ങൾ.

ഒമ്പത് പന്തിൽ 10 റൺസുമായി ആദിൽ റഷീദും പത്ത് പന്തിൽ പത്ത് റൺസുമായി മാർക്ക് വുഡും പുറത്താകാതെ നിന്നു. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റും രവി ബിഷ്ണോയി, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഏഴു റൺസെടുക്കുന്നതിനിടെ ഫിൽ സാള്‍ട്ടിനെ പുറത്താക്കി പാണ്ഡ്യ ആദ്യ തിരിച്ചടി നൽകി. പാണ്ഡ്യയുടെ പന്തിൽ‌ അഭിഷേക് ശർമ ക്യാച്ചെടുത്താണ് താരം പുറത്തായത്. പിന്നാലെ ബട്ലറും ബെൻ ഡക്കറ്റും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്കോർ 50 കടന്നു. വരുൺ ചക്രവർത്തിയുടെ പന്തിൽ റിവേഴ്സ് സ്വീപിന് ശ്രമിച്ച ബട്‍ലറെ വിക്കറ്റ് കീപ്പർ സഞ്ജു ക്യാച്ചെടുത്ത് പുറത്താക്കി. തൊട്ടുപിന്നാലെ ബെൻ ഡക്കറ്റും പുറത്തായത് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. സ്പിന്നർ അക്സർ പട്ടേലാണ് ഡക്കറ്റിനെ മടക്കിയത്.

പിന്നാലെ വന്നവർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. 14 മാസത്തെ ഇടവേളക്കുശേഷം പേസർ മുഹമ്മദ് ഷമി ആദ്യമായി ഇന്ത്യക്കായി കളിക്കാനിറങ്ങിയെങ്കിലും താളം കണ്ടെത്തിയില്ല. മൂന്നു ഓവറിൽ 25 റൺസ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. അർഷ്ദീപ് സിങ്ങിന് പകരക്കാരനായാണ് താരം പ്ലെയിങ് ഇലവനിലെത്തിയത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യക്ക് ഇന്നുകൂടി ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ധ്രുവ് ജുറേൽ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.

Tags:    
News Summary - India vs England 3rd T20I: India Given 172-Run Target

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.