പുണെ: നാലാം ട്വന്‍റി20യിൽ ഇംഗ്ലണ്ടിന് മുന്നിൽ 182 റൺസിന്‍റെ വിജയലക്ഷ്യം വെച്ചുനീട്ടി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു.
തുടക്കത്തിൽ പതറിയ ഇന്ത്യയെ ഹാർദിക്ക് പാണ്ഡ്യയുടെയും (30 പന്തിൽ 53 റൺസ്) ശിവം ദുബെയുടെയും (34 പന്തിൽ 53 റൺസ്) അർധ സെഞ്ച്വറി പ്രകടനമാണ് കരകയറ്റിയത്. ഒരുഘട്ടത്തിൽ രണ്ടു ഓവറിൽ 12 റൺസെടുക്കുന്നതിനിടെ മൂന്നു മുൻനിര ബാറ്റർമാരെയാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്നു പന്തിൽ ഒരു റണ്ണെടുത്ത് സഞ്ജു മടങ്ങിയപ്പോൾ, സൂര്യകുമാറിന്‍റെ സമ്പാദ്യം നാലു പന്തിൽ പൂജ്യം. തിലക് വർമയാണ് പുറത്തായ മറ്റൊരു താരം. രണ്ടാം ഓവറിൽ ഇംഗ്ലണ്ട് പേസർ സാഖിബ് മഹ്മൂദാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. ക്രിസ് വുഡിനു പകരക്കാരനായാണ് മഹ്മൂദ് പരമ്പരയിൽ ആദ്യമായി പ്ലെയിങ് ഇലവനിലെത്തിയത്.
മഹ്മൂദിന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഷോട്ട് ബാളിൽ വമ്പനടിക്കു ശ്രമിച്ചാണ് സഞ്ജു പുറത്തായത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഷോട്ട് ബാളിൽ തന്നെയാണ് താരം ഔട്ടായത്. മഹ്മൂദിന്‍റെ രണ്ടാമത്തെ പന്തിൽ തിലക് വന്നപോലെ മടങ്ങി.
അവസാന പന്തിലാണ് സൂര്യകുമാർ പുറത്തായത്. അഭിഷേക് വർമയും (10 പന്തിൽ 19 റൺസ്) റിങ്കു സിങ്ങുമാണ് (നാലു പന്തിൽ അഞ്ച്) ക്രീസിൽ. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സഞ്ജുവും സൂര്യയും നിരാശപ്പെടുത്തിയിരുന്നു. മൂന്നു മത്സരങ്ങളിൽ 0, 12, 14 എന്നിങ്ങനെയാണ് സൂര്യയുടെ സ്കോർ. 26, 5, 3 എന്നിങ്ങനെയാണ് മൂന്നു മത്സരങ്ങളിൽ സഞ്ജുവിന്റെ സ്‌കോർ. കഴിഞ്ഞ മൂന്നു മത്സരത്തിൽ പേസ് ബൗളർ ജോഫ്ര ആർച്ചറുടെ പന്തിലാണ് സഞ്ജു ഔട്ടായത്.
അഭിഷേക് ശർമയും (19 പന്തിൽ 29 റൺസ്), റിങ്കു സിങ്ങും (26 പന്തിൽ 30) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. അക്സർ പട്ടേൽ (നാലു പന്തിൽ അഞ്ച്), അർഷ്ദീപ് സിങ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രവി ബിഷ്ണോയി പുറത്താകാതെ നിന്നു. ജമീ ഓവർടൺ രണ്ടും ആദിൽ റാഷിദ്, ബ്രൈഡൻ കാർസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നാലാം ട്വന്‍റി20യിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. നേരത്തെ മൂന്നു തവണയും ടോസ് നേടിയ നായകൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പേസർ മുഹമ്മദ് ഷമിക്കു പകരം അർഷ്ദീപ് സിങ് പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി. 14 മാസത്തെ ഇടവേളക്കുശേഷമാണ് കഴിഞ്ഞ മത്സരത്തിൽ ഷമി ആദ്യമായി ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങിയത്. താരത്തിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ധ്രുവ് ജുറേലിനു പകരം റിങ്കു സിങ്ങും വാഷിങ്ടൺ സുന്ദറിനു പകരം ശിവം ദുബെയും കളിക്കും. ഇംഗ്ലണ്ട് ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്.
പുണെയിലെ ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര പിടിക്കാനാകും. നിലവിൽ 2-1ന് മുന്നിലാണ് ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോൾ മൂന്നാം മത്സരത്തിൽ ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയി, വരുൺ ചക്രവർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.