ചെന്നൈ: വീണ്ടുമൊരു ടെസ്റ്റ് മത്സരം കൂടി ത്രില്ലിങ് ഫിനിഷിലേക്ക് നീങ്ങുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ആരുടേതാകും അവസാന പുഞ്ചിരിയെന്ന് അറിയാൻ നാളെവരെ കാത്തിരിക്കണം. ഇന്ത്യക്ക് വിജയത്തിലേക്ക് വേണ്ടത് 381 റൺസാണെങ്കിൽ ഇംഗ്ലണ്ടിന് വേണ്ടത് ഒൻപത് വിക്കറ്റുകളാണ്. ഇന്ത്യ വിജയിക്കുകയാണെങ്കിൽ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസിനാകും ചെന്നൈ സാക്ഷ്യം വഹിക്കുക. നാലാംദിനം കളിയവസാനിക്കുേമ്പാൾ 15 റൺസുമായി ശുഭ്മാൻ ഗില്ലും 12 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. 12 റൺസെടുത്ത രോഹിത് ശർമയെയാണ് ഇന്ത്യക്ക് നഷ്ടമായത്.
ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്സ് സ്കോറായ 578 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ ആറുവിക്കറ്റിന് 257 റൺസെന്ന നിലയിലാണ് നാലാംദിനം ബാറ്റിങ് തുടങ്ങിയത്. ഇന്ത്യൻ വാലറ്റത്തിൽ നിന്നും കാര്യമായ ചെറുത്തുനിൽപ്പുകളൊന്നുമില്ലാത്ത മത്സരത്തിൽ 85 റൺസുമായി വാഷിങ്ടൺ സുന്ദർ ഒരറ്റത്ത് പൊരുതി നിന്നു. അശ്വിൻ 31 റൺസെടുത്ത് ഇന്ത്യൻ ആയുസ്സ് ദീർഘിപ്പിച്ചെങ്കിലും ഷഹബാസ് നദീം, ജസ്പ്രീത് ബുംറ എന്നിവർ റൺസൊന്നുമെടുക്കാതെയും ഇശാന്ത് ശർമ നാലുറൺസെടുത്തും പുറത്താകുകയായിരുന്നു.
വൻ ലീഡോടെ രണ്ടാമിന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ റോറി ബേൺസിനെ നഷ്ടമായി. ആറുവിക്കറ്റെടുത്ത അശ്വിന്‍റെ കാരം ബോളിന് മുമ്പിൽ വട്ടം കറങ്ങിയ ഇംഗ്ലണ്ട് 178 റൺസിന് കൂടാരംകയറുകയായിരുന്നു. 32 പന്തിൽ നിന്നും 40 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്കോററർ.
ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാൻ ആത്മവിശ്വാസമില്ലാതിരുന്ന ഇംഗ്ലണ്ട് ലീഡ് 400 റൺസ് കടന്നിട്ടും ഡിക്ലയർ ചെയ്യാത്തത് ഇന്ത്യൻ ബാറ്റിങ്ങിന്‍റെ ആഴം കണ്ടറിഞ്ഞായിരുന്നു. സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ അഞ്ചാംദിനം ജാക് ലീഷിനെയും ഡൊമിനിക് ബെസിനെയും ഇന്ത്യൻ ബാറ്റ്സ്മാൻമാർ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.