മൂന്നാം ടെസ്റ്റിലും നാണംകെട്ട് ഇന്ത്യ; ചരിത്ര തോൽവി 25 റൺസിന്; പരമ്പര തൂത്തുവാരി ന്യൂസിലൻഡ്

മുംബൈ: മൂന്നാം ടെസ്റ്റിൽ 147 റൺസെന്ന ചെറിയ ലക്ഷ്യത്തിനു മുന്നിലും തകർന്നടിഞ്ഞ് ഇന്ത്യ. 25 റൺസിന് ഇന്ത്യയെ തകർത്ത് ന്യൂസിലൻഡ് പരമ്പര തൂത്തുവാരി.

29.1 ഓവറിൽ 121 റൺസെടുക്കുന്നതിനിടെ ഇന്ത്യ ഓൾ ഔട്ടാകുകയായിരുന്നു. സ്വന്തം നാട്ടിൽ നടന്ന പരമ്പരയിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാർ സമ്പൂർണ തോൽവി വഴങ്ങുന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് കീവീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. സ്കോർ -ന്യൂസിലൻഡ് 235, 174. ഇന്ത്യ -263, 121.

ഒരറ്റത്ത് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പൊരുതിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. അജാസ് പട്ടേലിന്‍റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. രണ്ടു ഇന്നിങ്സുകളിലുമായി 11 വിക്കറ്റാണ് താരം നേടിയത്. 57 പന്തിൽ 64 റൺസെടുത്ത പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. പന്തടക്കം മൂന്നു പേർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. മുൻനിര ബാറ്റർമാരെല്ലാം വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ ജയിക്കാവുന്ന മത്സരവും ഇന്ത്യ ന്യൂസിലൻഡിനു മുന്നിൽ അടിയറവെക്കുകയായിരുന്നു.

29 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. ഓപ്പണർമായ യശസ്വി ജയ്സ്വാൾ (16 പന്തിൽ അഞ്ച്), രോഹിത് ശർമ (11 പന്തിൽ 11), ശുഭ്മൻ ഗിൽ (നാലു പന്തിൽ ഒന്ന്), വിരാട് കോഹ്ലി (ഏഴു പന്തിൽ ഒന്ന്), സർഫറാസ് ഖാൻ (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായത്. ഒരറ്റത് പന്ത് ചെറുത്തുനിന്നത് ഇന്ത്യക്ക് ഒരുഘട്ടത്തിൽ വിജയപ്രതീക്ഷ നൽകിയെങ്കിലും താരം പുറത്തായതാണ് തിരിച്ചടിയായത്. രവീന്ദ്ര ജദേജ (22 പന്തിൽ ആറ്), വാഷിങ്ടൺ സുന്ദർ(25 പന്തിൽ 12), ആർ. അശ്വിൻ (29 പന്തിൽ എട്ട്), ആകാശ് ദീപ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ഗ്ലെൻ ഫിലിപ്സ് മൂന്നു വിക്കറ്റും മാറ്റ് ഹെൻറി ഒരു വിക്കറ്റും നേടി. ഹെൻറിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്താണ് രോഹിത് പുറത്തായത്. ഗില്ലും കോഹ്ലിയും അജാസ് പട്ടേലിന്റെ പന്തിൽ പുറത്തായി. ജയ്സ്വാളിനെ ഫിലിപ്സ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. പിന്നാലെയെത്തിയ സര്‍ഫറാസ് ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ പട്ടേലിന്‍റെ പന്തിൽ രചിൻ രവീന്ദ്രക്ക് ക്യാച്ച് നൽകി മടങ്ങി.

മൂന്നാം ദിനം ഒമ്പത് വിക്കറ്റിന് 171 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കീവീസിന് മൂന്നു റൺസ് കൂട്ടിചേർക്കുന്നതിനിടെ പത്താം വിക്കറ്റും നഷ്ടമായി. 23 പന്തിൽ എട്ടു റൺസെടുത്ത അജാസ് പട്ടേലിനെ ജദേജ ആകാശ് ദീപിന്‍റെ കൈകളിലെത്തിച്ചു. ഇതോടെ സന്ദർശകരുടെ രണ്ടാം ഇന്നിങ്സ് 174 റൺസിൽ അവസാനിച്ചു.

രണ്ടു ഇന്നിങ്സുകളിലുമായി രവീന്ദ്ര ജദേജ പത്ത് വിക്കറ്റ് നേടി.

രണ്ടു റൺസുമായി വില്യം ഒറൂർക്കെ പുറത്താകാതെ നിന്നു. രണ്ടാം ദിനം നാല് വിക്കറ്റിന് 84 റൺസിന് ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ 263ന് പുറത്താവുകയായിരുന്നു. 28 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. 90 റൺസ് നേടി ശുഭ്മൻ ഗിൽ ടോപ് സ്കോററായപ്പോൾ 60 റൺസുമായി ഋഷഭ് പന്തും പോരാടി. കിവി സ്പിന്നർ അജാസ് പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്ത്തി മിന്നി. രാവിലെ ക്രീസിലുണ്ടായിരുന്ന ഗില്ലും ഋഷഭും ചേർന്ന് അഞ്ചാം വിക്കറ്റിൽ പുറത്തെടുത്ത ബാറ്റിങ് ആതിഥേയർക്ക് മികച്ച ലീഡ് സമ്മാനിക്കുമെന്ന പ്രതീക്ഷ നൽകി. എട്ട് ഫോറും രണ്ട് സിക്സുമടക്കം 59 പന്തിൽ 60 റൺസ് നേടിയ ഋഷഭിനെ ഇഷ് സോധി വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഈ സഖ്യം തകർന്നു. ടീം സ്കോർ 180.

പകരക്കാരനായെത്തിയത് രവീന്ദ്ര ജദേജ. അഞ്ചിന് 195ൽ ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു. സ്കോർ 200 കടന്നതിന് പിന്നാലെ ജദേജയെ (14) ഗ്ലെൻ ഫിലിപ്സിന്റെ പന്തിൽ ഡാരിൽ മിച്ചൽ പിടിച്ചു. തുടർന്നെത്തിയ സർഫറാസ് ഖാൻ അക്കൗണ്ട് തുറക്കുംമുമ്പ് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന്റെ കൈകളിലൊതുങ്ങി. അജാസിനായിരുന്നു വിക്കറ്റ്. മറുതലക്കലുണ്ടായിരുന്ന ഗില്ലിനെ അജാസിന്റെ തന്നെ ഓവറിൽ മിച്ചൽ ക്യാച്ചെടുത്തു മടക്കി. സെഞ്ച്വറിക്കും ലീഡിനും അരികിൽ വെച്ചായിരുന്നു ഗില്ലിന്റെ വീഴ്ച. എട്ടിന് 227. 38 റൺസെടുത്ത് പുറത്താവാതെ നിന്ന വാഷിങ്ടൺ സുന്ദറാണ് കിവികളുടെ 235 റൺസെന്ന ഒന്നാം ഇന്നിങ്സ് സ്കോറിന് മുകളിൽ ഇന്ത്യയെ എത്തിച്ചത്. രവിചന്ദ്രൻ അശ്വിനെയും (6) അജാസ് പുറത്താക്കിയപ്പോൾ ആകാശ്ദീപ് റണ്ണൗട്ടായി.

നാല് വിക്കറ്റെടുത്ത ജദേജയും മൂന്ന് വിക്കറ്റ് നേടിയ അശ്വിനുമാണ് രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിനെ തകർത്തത്. ആദ്യ ഓവറിൽത്തന്നെ ക്യാപ്റ്റൻ ടോം ലാഥം (1) ആകാശ്ദീപിന്റെ പന്തിൽ ബൗൾഡായി. മറ്റൊരു ഓപണർ ഡെവൻ കോൺവേയെ (22) വാഷിങ്ടണിന്റെ പന്തിൽ ഗിൽ പിടിച്ചു. രചിൻ രവീന്ദ്രയെ (4) അശ്വിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ പന്ത് സ്റ്റമ്പ് ചെയ്തതോടെ മൂന്നിന് 44. നാലാം വിക്കറ്റിൽ ഡാരിൽ മിച്ചലിനൊപ്പം വിൽ യങ് ചെറുത്തുനിന്നു. 21 റൺസെടുത്ത മിച്ചലിനെ ജദേജ പുറത്താക്കി. ബ്ലണ്ടലിന്റെ (4) കുറ്റിയിളക്കി ജദേജ. 51 റൺസെടുത്ത യങ്ങിനെ അശ്വിൻ സ്വന്തം പന്തിൽ പിടിക്കുമ്പോൾ എട്ടിന് 150. ഗ്ലെൻ ഫിലിപ് (26), മാറ്റ് ഹെൻറി (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.

Tags:    
News Summary - India vs New Zealand Test: New Zealand To Historic Clean Sweep vs India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.