പല്ലേക്കെലെ: നായകൻ സൂര്യകുമാർ വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി നിറഞ്ഞാടിയപ്പോൾ ലങ്കക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു.
സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 26 പന്തിൽ രണ്ടു സിക്സും എട്ടു ഫോറുമടക്കം 58 റൺസെടുത്താണ് താരം പുറത്തായത്. മതീഷ പതിരനയുടെ പന്തിൽ എൽ.ബി.ഡബ്ല്യവിൽ കുരുങ്ങിയാണ് പുറത്തായത്. ഒരു റൺ അകലെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് അർധ സെഞ്ച്വറി നഷ്ടമായി. 33 പന്തിൽ 49 റൺസെടുത്ത താരം പതിരനയുടെ പന്തിൽ ബൗൾഡായി. യശ്വസി ജയ്സ്വാൾ 21 പന്തിൽ 40 റൺസെടുത്തു.
ഇന്ത്യക്കായി ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 5.6 ഓവറിൽ 74 റൺസെടുത്താണ് പിരിഞ്ഞത്. 16 പന്തിൽ 34 റൺസെടുത്ത ഗില്ലിനെ ആറാം ഓവറിൽ മടക്കി മധുശങ്കയാണ് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. തൊട്ടടുത്ത ഓവറിൽ ജയ്സ്വാളും പുറത്തായി. ഹാർദിക് പാണ്ഡ്യ (10 പന്തിൽ ഒമ്പത്), റിയാൻ പരാഗ് (ആറു പന്തിൽ ഏഴ്), റിങ്കു സിങ് (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
10 റൺസുമായി അക്സർ പട്ടേലും ഒരു റണ്ണുമായി അർഷ്ദീപ് സിങ്ങും പുറത്താകാതെ നിന്നു. ലങ്കക്കായി പതിരന നാലു വിക്കറ്റ് വീഴ്ത്തി. മധുശങ്ക, അസിത ഫെർണാണ്ടോ, വാനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ലങ്കൻ നായകൻ അസലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. സ്പെഷൽ ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഗൗതം ഗംഭീറിന് ഇന്ത്യൻ പരിശീലകനെന്ന നിലയിൽ ആദ്യ മത്സരമാണിത്.
ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ് (നായകൻ), ഋഷഭ് പന്ത്, റിയാൻ പരാഗ്, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്
ശ്രീലങ്കൻ ടീം: കുസാൽ മെൻഡിസ്, പാത്തും നിസ്സങ്ക, കുസാൽ പെരേര, കമിന്ദു മെൻഡിസ്, ചരിത്ത് അസലങ്ക (നായകൻ), ദസുൻ ശനക, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, മതീഷ പതിരന, അസിത ഫെർനാണ്ടോ, ദിൽശൻ മദുശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.