യശസ്വി ജയ്സ്വാളിന് അരങ്ങേറ്റം; കിഷൻ പുറത്ത്; മൂന്നാം ട്വന്‍റി20യിൽ വെസ്റ്റിൻഡീസിന് ബാറ്റിങ്

പ്രോവിഡൻസ് (ഗയാന): ഇന്ത്യക്കെതിരായ മൂന്നാം ട്വന്‍റി20യിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. യുവതാരം യശസ്വി ജയ്സ്വാൾ ഇന്ത്യക്കായി ട്വന്‍റി20 അരങ്ങേറ്റം കുറിക്കും.

ഇഷാൻ കിഷനു പകരക്കാരനായാണ് ജയ്സ്വാൾ പ്ലെയിങ് ഇലവനിലെത്തിയത്. രവി ബിഷ്‌ണോയിക്കു പകരക്കാരനായി കുൽദീപ് യാദവും ടീമിൻ ഇടംനേടി. വിൻഡീസ് നിരയിൽ ജേസൺ ഹോൾഡറിനു പകരം റോസ്റ്റൺ ചേസ് ടീമിലെത്തി.

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ ഇന്ത്യക്ക് ഇന്നത്തെ കളിയിൽ ജയിക്കാതെ രക്ഷയില്ല. തോൽക്കുന്നപക്ഷം ഏഴു വർഷത്തിന് ശേഷം ആദ്യമായി വെസ്റ്റിൻഡീസിനോട് ട്വന്റി20 പരമ്പര നഷ്ടമാവും.

ടെസ്റ്റ്, ഏകദിന പരമ്പരകൾ നേടിയ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യൻ യുവനിരക്ക് പക്ഷേ, പ്രതീക്ഷിച്ചപോലെയായില്ല കാര്യങ്ങൾ. ഹാർദിക് പാണ്ഡ്യയും സംഘവും ജയം മറന്ന സ്ഥിതിയാണ്. വിൻഡീസിനാവട്ടെ ഇന്നത്തെ കളികൂടി നേടാനായാൽ പരമ്പര കൈക്കലാക്കാം. മുൻനിര ബാറ്റർമാരുടെ പരാജയമാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം. ഓപണർമാരായ ശുഭ്മൻ ഗില്ലും ഇഷാൻ കിഷനും മൂന്നാമൻ സൂര്യകുമാർ യാദവും പെട്ടെന്ന് മടങ്ങുന്നതോടെ മധ്യനിരയിൽ തിലക് വർമക്കും സഞ്ജു സാംസണിനും പാണ്ഡ്യക്കും മേൽ സമ്മർദമേറുന്നു.

തുടക്കക്കാരനായ തിലക് രണ്ട് കളിയിലും ആഞ്ഞടിച്ചെങ്കിലും സഞ്ജുവടക്കം വേഗത്തിൽ തിരിച്ചെത്തുന്നതാണ് സ്ഥിതി.

ആദ്യ കളിയിൽ വിൻഡീസ് 149 റൺസ് വിജയകരമായി പ്രതിരോധിച്ചെങ്കിൽ രണ്ടാമത്തതിൽ ആദ്യം ബാറ്റ് ചെയ്ത് 152 റൺസ് നേടിയിട്ടും ഇന്ത്യക്ക് കീഴടങ്ങേണ്ടിവന്നു. സന്ദർശക ബൗളർമാർ ഏറക്കുറെ നന്നായി കാര്യങ്ങൾ നിർവഹിക്കുന്നുണ്ട് താനും. രണ്ടാം മത്സരത്തിൽ പാണ്ഡ്യ ആദ്യ ഓവറിൽത്തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്ക് പ്രതീക്ഷ നൽകിയ ശേഷമാണ് ആതിഥേയർ രണ്ട് വിക്കറ്റ് ജയം നേടിയത്.

ടീം ഇന്ത്യ: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, തിലക് വർമ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, യുസ്‌വേന്ദ്ര ചാഹൽ.

വെസ്റ്റ് ഇൻഡീസ്: റോവ്‌മാൻ പവൽ (ക്യാപ്റ്റൻ), കൈൽ മേയേഴ്‌സ്, ജോൺസൺ ചാൾസ്, റോസ്റ്റൺ ചേസ്, ഷിമ്രോൺ ഹെറ്റ്‌മെയർ, നിക്കോളാസ് പൂരൻ, അകീൽ ഹുസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിങ്, ഒബെദ് മക്കോയ്, റൊമാരിയോ ഷെപ്പേർഡ്.

Tags:    
News Summary - India vs West Indies 3rd T20I: WI Opt To Bat Against India, Yashasvi Jaiswal To Debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.