കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ 79 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് അനായാസ ജയം. ബാറ്റിങ് ദുഷ്‍കരമായ പിച്ചിൽ വേഗത്തിൽ റണ്ണടിച്ച് ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്. ദക്ഷിണാഫ്രിക്കക്കായി ബൗളിങ് തുടങ്ങിയ കഗിസൊ റബാദയെയും നാന്ദ്രെ ബർഗറെയും നിർഭയം നേരിട്ട് ഓപണർ യശസ്വി ജയ്സ്വാൾ തുടക്കത്തിൽ തന്നെ ലക്ഷ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, 23 പന്തിൽ ആറ് ഫോറടക്കം 28 റൺസ് അടിച്ച ജയ്സ്വാളിനെ ബർഗറുടെ പന്തിൽ സ്റ്റബ്സ് പിടികൂടിയതോടെ റണ്ണൊഴുക്കും കുറഞ്ഞു. തുടർന്നെത്തിയ ശുഭ്മൻ ഗില്ലിന്റെ (11 പന്തിൽ 10) സ്റ്റമ്പ് വൈകാതെ റബാദ പിഴുതു. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ചേർന്ന് വിജയത്തിലേക്ക് നയിക്കുന്നതിനിടെ നാല് റൺസകലെ കോഹ്‍ലിയും വീണു. 11 പന്തിൽ 12 റൺസെടുത്ത താരത്തെ മാർകോ ജാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർ വെരെയ്ൻ പിടികൂടുകയായിരുന്നു. രോഹിത് 17 റൺസുമായും ശ്രേയസ് അയ്യർ നാല് റൺസുമായും പുറത്താകാതെനിന്നു. വെറും 12 ഓവറിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്.
രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യയുടെ പേസ് ആക്രമണത്തിന് മുന്നിൽ പതറാതെ ഒറ്റയാൾ പോരാട്ടത്തിലൂടെ തകർപ്പൻ സെഞ്ച്വറി നേടിയ ഓപണർ എയ്ഡൻ മർക്രാമിന്റെ മികവിൽ 179 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഒരുവശത്ത് വിക്കറ്റുകൾ തുടരെത്തുടരെ വീഴുമ്പോഴും ഒറ്റക്കുനിന്ന് പൊരുതി 103 പന്തിൽ 106 റൺസാണ് മർക്രാം അടിച്ചെടുത്തത്.
സന്ദർശകർക്കായി ആദ്യ ഇന്നിങ്സിൽ മുഹമ്മദ് സിറാജിന്റെ ആറാട്ടായിരുന്നെങ്കിൽ രണ്ടാം ഇന്നിങ്സിൽ തീതുപ്പിയത് ജസ്പ്രീത് ബുംറയായിരുന്നു. 13.5 ഓവറിൽ 61 റൺസ് വഴങ്ങി ആറ് ബാറ്റർമാരെയാണ് ബുംറ മടക്കിയത്. മുകേഷ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് എറിഞ്ഞിട്ട മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. അവസാന ടെസ്റ്റ് കളിക്കുന്ന താൽക്കാലിക ക്യാപ്റ്റൻ ഡീൻ എൽഗർ 12 റൺസെടുത്ത് പുറത്തായപ്പോൾ ടോണി ഡി സോർസി (1), ട്രിസ്റ്റൺ സ്റ്റബ്സ് (1), ഡേവിഡ് ബെഡിങ്ഹാം (11), കെയ്ൽ വെരെയ്ൻ (9), മാർകോ ജാൻസൻ (11), കേശവ് മഹാരാജ് (3), കഗിസൊ റബാദ (2), ലുങ്കി എങ്കിഡി (8), നാന്ദ്രെ ബർഗർ (പുറത്താവാതെ 6) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന.
ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടിയായി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്കോർ 153ൽ നിൽക്കെ അവസാന ആറ് വിക്കറ്റുകളും അവിശ്വസനീയമായി വീഴുകയായിരുന്നു. കെ.എൽ രാഹുൽ, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ, വിരാട് കോഹ്‍ലി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഒറ്റ റൺസ് പോലും കൂട്ടിച്ചേർക്കുന്നതിന് മുമ്പ് മടങ്ങിയത്. ഇതോടെ ഇക്കാര്യത്തിൽ നാണക്കേടിന്റെ റെക്കോഡും ഇന്ത്യയുടെ പേരിലായി. രണ്ട് ഇന്നിങ്സിലുമായി ദക്ഷിണാഫ്രിക്കയുടെ 13 വിക്കറ്റും ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിലെ പത്ത് വിക്കറ്റും ഉൾപ്പെടെ 23 വിക്കറ്റുകളാണ് അദ്യദിനം വീണത്. 46 റൺസെടുത്ത വിരാട് കോഹ്‍ലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.