ഹാങ്ചോ: ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ ഇന്ത്യ വെള്ളി ഉറപ്പിച്ചു. ഒന്നാം സെമി ഫൈനലിൽ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 51 റൺസിന് ഇന്ത്യ ആൾഔട്ടാക്കുകയായിരുന്നു.
നാല് വിക്കറ്റെടുത്ത ഇന്ത്യൻ പേസർ പൂജ വസ്ട്രാക്കറാണ് ബംഗ്ലാ ടീമിന് കനത്ത പ്രഹരമേൽപ്പിച്ചത്. 12 റൺസെടുത്ത ബ്ലംഗ്ലാദേശ് ക്യാപ്റ്റൻ നൈഗർ സുൽത്താനയാണ് രണ്ടക്കം കണ്ട ഏക ബാറ്റർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 8.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. പുറത്താകാതെ 20 റൺസെടുത്ത ജെയിംസ് റോഡ്രിഗസാണ് ടോപ് സ്കോറർ. ഓപണർമാരായ ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും (7) ഷഫാലി വർമയുടെയും (17) വിക്കറ്റുകളാണ് നഷ്ടമായത്. കനിഹ അഹുജ ഒരു റൺസുമായി പുറത്താകാതെ നിന്നു.
ഉയർന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ നേരിട്ട് ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് ഇന്ത്യ. തുടർന്ന് മലേഷ്യക്കെതിരായ ക്വാർട്ടർ മത്സരം മഴ മൂലം പാതിവഴിയിൽ ഉപേക്ഷിച്ചു. ഉയർന്ന സീഡുകാരായതിനാൽ ഇന്ത്യക്ക് സെമി ഫൈനൽ പ്രവേശനം നൽകുകയായിരുന്നു. രണ്ടാം സെമിയിൽ ഇന്ന് ശ്രീലങ്കയെ പാകിസ്താനും നേരിടും.
അതേസമയം, ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ ഇന്ത്യ ഞായറാഴ്ച അവസാന ഗ്രൂപ് മത്സരത്തിന് ഇന്നിറങ്ങും. ഇന്ന് മ്യാന്മറിനെ തോൽപിക്കാനായാൽ സുനിൽ ഛേത്രിക്കും സംഘത്തിനും ആറ് പോയന്റുമായി അനയാസം പ്രീ ക്വാർട്ടറിൽ കടക്കാം. സമനിലയായാലും പ്രതീക്ഷയുണ്ട്. നിലവിൽ ആറ് പോയന്റുമായി ചൈന ഗ്രൂപ് എയിൽ ഒന്നാമതും മൂന്ന് വീതം പോയന്റുള്ള ഇന്ത്യയും മ്യാന്മറും രണ്ട് മൂന്നും സ്ഥാനങ്ങളിലുമാണ്.
പുരുഷ ഹോക്കിയിൽ സുവർണ പ്രതീക്ഷകളുമായെത്തിയ ഇന്ത്യ ഞായറാഴ്ച ആദ്യത്തിനിറങ്ങും. ഉസ്ബകിസ്താനാണ് ആദ്യ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.