ദുബൈ: ഓരോ ഐ.പി.എല്ലും ഇന്ത്യൻ ക്രിക്കറ്റിന് മികച്ച താരങ്ങളെ സംഭാവന ചെയ്യാറുണ്ട്. 14ാം ഐ.പി.എല്ലും അക്കാര്യത്തിൽ മോശമാക്കിയില്ല. ഇന്ത്യൻ ടീമിലേക്ക് ഏതുനിമിഷവും വിളിക്കപ്പെടാൻ പാകത്തിൽ മാറ്റുതെളിയിച്ച നിരവധി താരങ്ങളെയാണ് ഇക്കുറിയും ഐ.പി.എൽ സംഭാവന ചെയ്തത്.
പ്രഗല്ഭരായ നിരവധി വിദേശതാരങ്ങൾക്കിടയിലും ബാറ്റിങ്ങിലും ബൗളിങ്ങിലും എല്ലാവരെയും കടത്തിവെട്ടിയത് ഇന്ത്യൻ യുവതാരങ്ങൾ. ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും നേടിയതും ഇന്ത്യൻ യുവതാരങ്ങൾ. കുട്ടിക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി ഭദ്രമെന്ന സന്ദേശം കൂടി ചെന്നൈ സൂപ്പർ കിങ്സിെൻറ കിരീടധാരണത്തോടെ സമാപിച്ച ഐ.പി.എൽ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ സീസണിൽ 'ഫയർ' ഇല്ലെന്ന ആക്ഷേപം സാക്ഷാൽ ധോണിയിൽനിന്ന് നേരിടേണ്ടിവന്ന ഋതുരാജ് ആയിരുന്നില്ല ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിെൻറ ഓപ്പണിങ്ങിൽ കണ്ടത്. 16 മത്സരങ്ങളിൽ നിന്ന് 635 റൺസ് നേടിയ ഋതുരാജ് ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും തെൻറ പേരിൽ കുറിച്ചാണ് ഓറഞ്ച് ക്യാപ്പിന് അർഹനായത്.
അധികം വൈകാതെ ഇന്ത്യൻ ടീമിൽ എത്താൻ ഏറ്റവും സാധ്യതയുള്ള കളിക്കാരനും ഋതുരാജാണ്. 136.26 സ്ട്രൈക് റേറ്റുള്ള ഋതുരാജിെൻറ മികവിലാണ് ചെന്നൈ ആദ്യം തന്നെ പ്ലേ ഓഫ് പിടിച്ചതും ചാമ്പ്യനായതും.
വിരാട് കോഹ്ലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇക്കുറിയും കിരീടം കിട്ടാക്കനിയായെങ്കിലും 15 മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റുമായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തി പർപ്പിൾ ക്യാപ്പണിഞ്ഞ ഹർഷൽ പട്ടേലിെൻറ പ്രകടനം മികച്ചുതന്നെ നിന്നു. ഒരു ഹാട്രിക്കടക്കമാണ് ഹർഷൽ ഡ്വൈൻ ബ്രാവോയുടെ 32 വിക്കറ്റ് എന്ന റെക്കോഡിനൊപ്പമെത്തിയത്. ഭാവി ഇന്ത്യൻ താരത്തെയാണ് ഹർഷലിൽ കാണുന്നത്.
ഐ.പി.എൽ യു.എ.ഇയിലേക്ക് പറിച്ചുനട്ട ശേഷമാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിെൻറ നിരയിൽ വെങ്കിടേശ് അയ്യർ എന്ന താരം ഉദിച്ചുയരുന്നത്. അയ്യരുടെ മികവിൽ അടിമുടി മാറിയ കൊൽക്കത്തയെയാണ് രണ്ടാം പകുതിയിൽ കണ്ടത്. 10 മത്സരങ്ങളിൽനിന്ന് 370 റൺസെടുത്തു. സൗരവ് ഗാംഗുലിയുടെ ആരാധകനായ വെങ്കിടേശ് അയ്യർ വൈകാതെ ഇന്ത്യൻ ടീമിലെത്തുമെന്നു പ്രതീക്ഷിക്കുന്നു.
ലീഗ് മത്സരങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ പോയൻറുമായി പ്ലേഓഫിൽ കയറിയ ഡൽഹി ക്യാപിറ്റൽസിന്റെ വിജയങ്ങളിൽ ആവേശ് ഖാനെന്ന ബൗളറുടെ ആവേശോജ്ജ്വലമായ ബൗളിങ്ങുണ്ടായിരുന്നു. ആവേശിെൻറ വർഷമായിരുന്നു ഇക്കുറി. 2017 മുതൽ ഐ.പി.എല്ലിൽ കളിക്കുന്ന ആവേശ് ഖാന് മൂർച്ചയേറിയതും ഈ വർഷമാണ്. 16 കളികളിൽ നിന്ന് 24 വിക്കറ്റ് വീഴ്ത്തിയ ആവേശ് വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനുമാണ്. ഇന്ത്യൻ ടീമിലെത്താൻ മികച്ച സാധ്യതയാണ് കാണുന്നത്.
സൺറൈസേഴ്സ് ഹൈദരാബാദിനായി വെറും മൂന്നു മത്സരങ്ങൾ മാത്രം കളിച്ച് രണ്ടു വിക്കറ്റ് സ്വന്തമാക്കാനേ ഉംറാൻ മാലിക്കെന്ന കശ്മീരുകാരന് കഴിഞ്ഞുള്ളൂ. പക്ഷേ, ആ മൂന്നു മത്സരങ്ങൾ കൊണ്ട് ഇന്ത്യയുടെ ട്വൻറി 20 ലോകകപ്പ് മത്സരങ്ങൾക്കുള്ള ടീമിെൻറ നെറ്റ്സ് ബൗളറായി ഇടം കിട്ടിയ താരമാണ് ഉംറാൻ മാലിക് എന്ന 22കാരൻ. കാരണം, അയാളുടെ പന്തുകളുടെ അപാര വേഗമാണ് മറ്റ് ബൗളർമാരിൽ നിന്നും ഉംറാനെ വേറിട്ടു നിർത്തുന്നത്. മുംബൈക്കെതിരെ ഉംറാൻ എറിഞ്ഞ 152.95 കിലോ മീറ്ററാണ് ഈ ടൂർണമെൻറിെല ഏറ്റവും വേഗമേറിയ പന്ത്. ഉംറാെൻറ വേഗത്തിനു മുന്നിൽ ഇന്ത്യൻ ടീമിലേക്കുള്ള വഴി പാതിതുറന്നുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.