ഐ.പി.എൽ താരലേലം കൊഴുക്കും; പന്തും അയ്യരും രാഹുലും ഇനി ആർക്കൊപ്പം?

ന്യൂഡൽഹി: പ്രമുഖരിൽ ചിലരെ നിലനിർത്തിയും പലരെയും വിട്ടും ടീമുകൾ കണക്കുകൂട്ടലുകളുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയപ്പോൾ താരലേലത്തിൽ കോടികൾ കൊയ്യാനൊരുങ്ങി മിന്നും താരങ്ങൾ.

ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി തുടങ്ങിയവർ ആർക്കൊപ്പമാകുമെന്നാണ് വരുംനാളുകൾ ഉത്തരം നൽകുക. മുടക്കാവുന്ന തുകയുടെ പരിധിയും ആവശ്യമായ താരങ്ങളുടെ എണ്ണവും സമം ചേർന്നുപോകണമെന്നതിനാൽ ഓരോ ക്ലബും കണക്കുകൂട്ടലുകൾ കൃത്യമാക്കിയാകും താരങ്ങൾക്കായി വലവീശുക. ചില ടീമുകൾക്ക് കരുതൽ ധനം കുറവാണെങ്കിൽ പഞ്ചാബ് കിങ്സിന് 110.5 കോടിയും ബംഗളൂരുവിന് 83 കോടിയും കൈയിലിരിപ്പായുണ്ടെന്നത് ലേലത്തിൽ ഗുണകരമാകും.

മൂന്ന് മുൻ നായകന്മാർ ഇത്തവണ ലേലത്തിൽ തിരികെയെത്തിയിട്ടുണ്ട് - ഡൽഹിയുടെ ഋഷഭ് പന്തും കൊൽക്കത്തയുടെ ശ്രേയസ് അയ്യരും ലഖ്നോയുടെ കെ.എൽ. രാഹുലും. ടീം മാനേജ്മെന്റുമായടക്കമുള്ള പിണക്കമാണ് പന്തിനെ ക്ലബ് മാറ്റത്തിന് നിർബന്ധിച്ചതെങ്കിൽ നിലവിലെ 12.25 കോടിയെക്കാൾ ഉയർന്ന വേതനം വേണമെന്ന താൽപര്യമാണ് അയ്യരുടെതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ലഖ്നോ മാനേജ്മെന്റിന് താൽപര്യക്കുറവ് വന്നതാണ് രാഹുലിന് പണിയായത്.

ഇത്തവണ ലേലത്തിൽ ഋഷഭ് പന്ത് തന്നെയാകും ഏറ്റവും ഉയർന്ന തുകക്ക് വിളിക്കപ്പെടുകയെന്നാണ് സൂചനകൾ. 25 -30 കോടിയെങ്കിലും പന്ത് നേടിയേക്കും. ശ്രേയസ് അയ്യർക്ക് കഴിഞ്ഞ തവണത്തേതിൽ കൂടുതൽ ഇത്തവണ ലഭിച്ചേക്കും. അതേസമയം, മിക്ക ടീമുകൾക്കും 15 മുതൽ 18 വരെ താരങ്ങളെ ഇനിയും ആവശ്യമാണ്. എന്നിരിക്കെ ചിലർക്കായി എത്രവരെ മുടക്കാമെന്നത് വലിയ വെല്ലുവിളിയാകും.

Tags:    
News Summary - IPL Auction: Expect Bidding Wars For Rishabh Pant, KL Rahul, Shreyas Iyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.