അഹ്മദാബാദ്: ഐ.പി.എല്‍ 16ാം സീസണിന് ഋതുരാജ് ഗെയ്ക്‍വാദിന്റെ വെടിക്കെട്ടോടെ ആവേശോജ്വല തുടക്കം. നിർഭാഗ്യത്തിന് സെഞ്ച്വറി നഷ്ടമായ താരം 50 പന്തിൽ നാല് ഫോറും ഒമ്പത് സിക്സുമടക്കം 92 റൺസെടുത്ത് കാണികളെ വിരുന്നൂട്ടിയപ്പോൾ ചെന്നൈ ഗുജറാത്തിന് മുമ്പിൽ വെച്ചത് 179 റൺസ് വിജയലക്ഷ്യം. അവസാന ഓവറുകളിൽ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും ആഞ്ഞടിച്ച് തന്റെ പ്രതിഭ മങ്ങിയിട്ടില്ലെന്ന് തെളിയിച്ചു.
ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണര്‍ ഡെവോണ്‍ കോണ്‍വെയുടെ വിക്കറ്റ് ചെന്നൈക്ക് തുടക്കത്തിലേ നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്തിൽ കുറ്റി തെറിച്ച് മടങ്ങുമ്പോൾ ആറ് പന്തിൽ ഒരു റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതോടെ സീസണിലെ ആദ്യ വിക്കറ്റ് ഷമിയുടെ പേരിലായി. പിന്നീട് റാഷിദ് ഖാന്റെ ഊഴമായിരുന്നു. 17 പന്തിൽ 23 റൺസെടുത്ത മോയിൻ ഖാനെയും ആറ് പന്തിൽ ഏഴ് റൺസെടുത്ത ബെൻ സ്റ്റോക്സിനെയും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചു.
എന്നാൽ, ഒരുവശത്ത് ഋതുരാജ് തകർത്തടിച്ചതോടെ ചെന്നൈയുടെ സ്കോറും മുന്നോട്ടുകുതിച്ചു. അവസാനം അൽസാരി ജോസഫിന്റെ പന്തിൽ ശുഭ്മാൻ ഗിൽ പിടിച്ചാണ് ഋതുരാജ് പുറത്താവുന്നത്. അമ്പാട്ടി റായുഡു 12 പന്തിൽ അത്രയും റൺസെടുത്ത് ജോഷ് ലിറ്റിലിന് വിക്കറ്റ് സമ്മാനിച്ചു. 18 പന്തിൽ 19 റൺസെടുത്ത ശിവം ദുബെയെ മുഹമ്മദ് ഷമി റാഷിദ് ഖാന്റെ കൈയിലെത്തിച്ചപ്പോൾ രണ്ട് പന്തിൽ ഒരു റൺസെടുത്ത രവീന്ദ്ര ജദേജയെ ജോസഫിന്റെ പന്തിൽ വിജയ് ശങ്കർ പിടികൂടി. പിന്നീടെത്തിയ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഓരോ സിക്സും ഫോറുമടക്കം ഏഴ് പന്തിൽ 14 റൺസടിച്ച് പുറത്താവാതെ നിന്നു. പരിക്കിന്‍റെ പിടിയിലായിരുന്ന ധോണി ഇന്ന് കളിച്ചേക്കില്ലെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. മൂന്ന് പന്തിൽ ഒരു റൺസുമായി മിച്ചൽ സാന്റ്നറായിരുന്നു ധോണിക്കൊപ്പം ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.