ആഞ്ഞുപിടിച്ചിട്ടും റൺമലയിൽ തെന്നി വീണ് സഞ്ജുവും സംഘവും; സൺറൈസേഴ്സിന് 44 റൺസ് ജയം

ആഞ്ഞുപിടിച്ചിട്ടും റൺമലയിൽ തെന്നി വീണ് സഞ്ജുവും സംഘവും; സൺറൈസേഴ്സിന് 44 റൺസ് ജയം

ഹൈദരാബാദ്: സഞ്ജു സാംസണും ധ്രുവ് ജുറേലും ഷിംറോൺ ഹെറ്റ്മിയറും ശുഭം ദുബെയുമെല്ലാം ആഞ്ഞുപിടിച്ചിട്ടും സൺ റൈസേഴ്സ് ഹൈദാരാബാദ് ഉയർത്തിയ വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല. 44 റൺസിനാണ് രാജസ്ഥാൻ റോയൽസിന്റെ തോൽവി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് റോയൽസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ പതർച്ചയോടെയാണ് തുടങ്ങിയത്. ഓപണർ യശസ്വി ജയ്സ്വാളിനെയും (1), നായകൻ റിയാൻ പരാഗിനെയും (4) നിതീഷ് റാണയെയും പുറത്താക്കി ഹൈദരാബാദ് കളി വരുതിയിലാക്കിയെങ്കിലും കൂറ്റൻ അടികളുമായി ക്രീസിൽ നിലയുറപ്പിച്ച സഞ്ജു സാംസണും ധ്രുവ് ജുറേലും രാജസ്ഥാനെ കരകയറ്റുകയായിരുന്നു. 37 പന്തിൽ നാല് സിക്സും ഏഴു ഫോറുമുൾപ്പെടെ 66 റൺസെടുത്ത സാംസൺ മടങ്ങുമ്പോൾ സ്കോർ 14 ഓവറിൽ 161 റൺസിലെത്തിയിരുന്നു. തൊട്ടടുത്ത പന്തിൽ ധ്രുവ് ജുറേലും മടങ്ങിയതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചു. 35 പന്തുകൾ നേരിട്ട ജുറേൽ ആറ് സിക്സും അഞ്ചു ഫോറും ഉൾപ്പെടെ 70 റൺസെടുത്താണ് മടങ്ങിയത്. തുടർന്നെത്തിയ ഷിംറോൺ ഹെറ്റ്മിയറും (23 പന്തിൽ 42) ശുഭം ദുബെയും (11 പന്തിൽ 34 ) അവസാന ഓവറുകളിൽ കത്തിക്കയറിയെങ്കിലും വിജയലക്ഷ്യം താണ്ടാൻ മാത്രമുള്ള ഓവറുകൾ ബാക്കിയുണ്ടായിരുന്നില്ല. സിമർജീത് സിങും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.

നേരത്തെ, ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ച്വറിയും (47 പന്തിൽ പുറത്താകാതെ 106 റൺസ്) ട്രാവിസ് ഹെഡിന്റെ വെടിക്കെട്ടുമാണ് സൺറൈസേഴ്സിന് കൂറ്റൻ സ്കോർ (286) സമ്മാനിച്ചത്. ഐ.പി.എൽ ചരിത്രത്തിലെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. കഴിഞ്ഞ വർഷം ആർ.സി.ബിക്കെതിരെ സൺറൈസേഴ്സ് തന്നെ കുറിച്ച 287 റൺസാണ് ഉയർന്ന ടോട്ടൽ.

സഞ്ജുസാംസൺ ഇംപാക്ട് പ്ലയറായ മത്സരത്തിൽ രാജസ്ഥാൻ ടീമിനെ നയിച്ച റിയാൻ പരാഗ് ടോസ് നേടി ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും തകർപ്പൻ തുടക്കമാണ് ഹൈദരാബാദിന് നൽകിയത്.

11 പന്തിൽ 24 റൺസെടുത്ത് അഭിഷേക് മടങ്ങിയെങ്കിലും ഇഷാൻ കിഷനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് കത്തിക്കയറുകയായിരുന്നു. 31 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറുമുൾപ്പെടെ 67 റൺസെടുത്ത ഹെഡ് ദേശ്പാണ്ഡെയുടെ പന്തിൽ പുറത്താവുമ്പോൾ ടീം സ്കോർ 9.3 ഓവറിൽ 130 റൺസിലെത്തിയിരുന്നു. തുടർന്നങ്ങോട്ട് ഇഷാന്റെ വിളയാട്ടമായിരുന്നു. 45 പന്തിൽ സെഞ്ച്വറി തികച്ച ഇഷാൻ ആറ് സിക്സും 11 ഫോറുമാണ് പായിച്ചത്.

15 പന്തിൽ 30 റൺസെടുത്ത് നിതീഷ് കുമാർ റെഡിയും 14 പന്തിൽ 34 റൺസുമായി ഹെൻ റിച്ച് ക്ലാസനും ആഞ്ഞടിച്ചതോടെ സ്കോർ ഒരുഘട്ടത്തിൽ മുന്നൂറിലേക്കെന്ന് തോന്നിച്ചിരുന്നു. ഏഴു റൺസെടുത്ത് അനികെത് വർമയും റൺസൊന്നും എടുക്കാതെ അഭിവ് മനോഹറും അവസാന ഓവറുകളിൽ മടങ്ങി. മൂന്ന് വിക്കറ്റെടുത്ത തുഷാർ ദേശ്പാണ്ഡെയും രണ്ടുവിക്കറ്റെടുത്ത മഹീഷ് തീക്ഷ്ണയുമാണ് റണ്ണൊഴുക്കിന് അൽപമെങ്കിലും തടയിട്ടത്. നാലോവർ എറിഞ്ഞ ജോഫ്ര ആർച്ചർ 76 റൺസാണ് വാങ്ങിക്കൂട്ടിയത്.

Tags:    
News Summary - IPL: SRH won by 44 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.