മുംബൈ: ഇന്ത്യ വലിയൊരു ദുരന്തമുഖത്താണ്. കോവിഡിന്‍റെ രണ്ടാം തരംഗം പിടിച്ചുകെട്ടാനാവാത്തവിധം ആഞ്ഞടിക്കുകയാണ്. നിരവധി പേരാണ് പ്രാണവായു പോലും കിട്ടാതെ മരിച്ചുവീണത്. ഇതിനിടയിൽ കോടികൾ ചെലവഴിച്ച് നടക്കുന്ന ഐ.പി.എൽ ക്രിക്കറ്റ് പൂരത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിട്ടുള്ളത്. കോവിഡ് ഭീതി കാരണം മൂന്ന് ആസ്ട്രേലിയൻ താരങ്ങളും ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനും ഐ.പി.എല്ലിൽനിന്ന് പിന്മാറുകയും ചെയ്തു.
എന്നാൽ, ഐ.പി.എൽ മാറ്റിവെക്കില്ലെന്നും ഇതുപോലെ മുന്നോട്ടുപോകുമെന്നും ബി.സി.സി.ഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരെങ്കിലും ടൂർണമെന്‍റിൽനിന്ന് വിട്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ബൗളർമാരായ ആസ്ട്രേലിയയുടെ ആദം സാംപയും കെയിൻ റിച്ചാർഡ്സണും മടങ്ങിയിരുന്നു. വ്യക്തിഗത കാരണങ്ങളാണ് ഇരുവരും ബോധിപ്പിച്ചിരിക്കുന്നത്. കൂടാതെ രാജസ്ഥാൻ റോയൽസ് ഫാസ്റ്റ് ബൗളർ ആൻഡ്രൂ ടൈയും കഴിഞ്ഞ ദിവസം തിരിച്ചുപോയി.
ആദം സാംപയും റിച്ചാർഡസണും സീസണിലെ ഇനിയുള്ള കളികളിൽ ഉണ്ടാകില്ലെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വാർത്ത കുറിപ്പിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 1.5 കോടിക്കാണ് സാംപയെ വാങ്ങിയിരുന്നത്. മുൻനിര താരമായ റിച്ചാർഡ്സണ് നാലു കോടിയും നൽകി. ഒരു കോടിക്ക് രാജസ്ഥാൻ സ്വന്തമാക്കിയ ടൈയും ആസ്ട്രേലിയക്കാരനാണ്. തന്‍റെ ജന്മനാടായ പെർത്തിൽ ഇന്ത്യയിൽനിന്നെത്തി ക്വാറന്‍റീനിൽ കഴിയുന്നവരുടെ എണ്ണം കൂടുന്നത് കണ്ടാണ് ടൈ ഞായറാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. ഒരു കളിയിൽ പോലും ഇതുവരെ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. കോവിഡ് ബാധ തടയാൻ താരങ്ങൾക്ക് ഏർപെടുത്തുന്ന ബയോ ബബ്ൾ വീർപ്പുമുട്ടിക്കുന്നതാണെന്നും ടൈ സൂചിപ്പിക്കുന്നു.
17 ആസ്ട്രേലിയൻ താരങ്ങളാണ് െഎ.പി.എല്ലിൽ രജിസ്റ്റർ ചെയ്തിരുന്നത്. പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ, െഗ്ലൻ മാക്സ്വെൽ തുടങ്ങിയവരും പരിശീലകക്കുപ്പായത്തിൽ റിക്കി പോണ്ടിങ്, ഡേവിഡ് ഹസി തുടങ്ങിയവരുമുണ്ട്.
കോവിഡിനെതിരെ പോരാടുന്ന കുടുംബത്തിന് തുണയാകാനാണ് ഡൽഹികാപ്പിറ്റൽസ് താരം രവിചന്ദ്രൻ അശ്വിൻ ഐ.പി.എല്ലിൽ നിന്നും ഇടവേളയെടുത്തത്. ഞായറാഴ്ച സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിൽ വിജയിച്ച ശേഷമായിരുന്നു അശ്വിന്‍റെ അഭിപ്രായ പ്രകടനം.
കാര്യങ്ങളെല്ലാം ശരിയായ ദിശയിലായാൽ ടൂർണമെന്‍റിലേക്ക് മടങ്ങിവരാം എന്ന് ഉറപ്പുനൽകിയാണ് അശ്വിൻ മടങ്ങിയത്. ഇത്തരം ബുദ്ധിമുേട്ടറിയ സമയത്ത് കുടുംബത്തെ പിന്തുണക്കണമെന്ന് കരുതുന്നതായും അശ്വിൻ ട്വീറ്റിൽ പറഞ്ഞു. തന്‍റെ ട്വിറ്റർ പ്രൊഫൈലിന്‍റെ പേര് Stay home stay safe! Take your vaccine എന്നാക്കി അശ്വിൻ മാറ്റിയിട്ടുണ്ട്. അശ്വിന് പിന്തുണനൽകുന്നതായും കുടുംബത്തിനായി പ്രാർഥിക്കുന്നതായും ഡൽഹി കാപ്പിറ്റൽസ് മറുപടിയായി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.