മിന്നുംപ്രകടനവുമായി ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷ നൽകുന്ന യുവതാരം ശുഭ്മാൻ ഗില്ലിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ നിർണായക മത്സരത്തിൽ സെഞ്ച്വറി പ്രകടനവുമായി ആരാധകരെ ത്രസിപ്പിച്ച താരം ഒരുപിടി റെക്കോഡുകളും സ്വന്തമാക്കിയിരുന്നു.
കുട്ടിക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമാണ് ഗിൽ. സുരേഷ് റെയ്നയുടെ റെക്കോഡാണ് താരം മറികടന്നത്. 63 പന്തിൽ ഏഴു സിക്സും 12 ഫോറും അടക്കം 126 റൺസാണ് താരം നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂർവ നേട്ടവും ഗിൽ സ്വന്തമാക്കി. ട്വന്‍റി20യിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്.
വിരാട് കോഹ്‌ലിയുടെ പാത പിന്തുടരാനും ലോക ക്രിക്കറ്റിലെ ശക്തനായി മാറാനും ഗില്ലിന് കഴിയുമെന്ന് പത്താൻ പറഞ്ഞു. ‘താരത്തിന്‍റെ ബാറ്റിങ് രീതി, എന്നെ അദ്ദേഹത്തിന്‍റെ വലിയ ആരാധകനാക്കി. ഒരു ഓൾ ഫോർമാറ്റ് കളിക്കാരനാകാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു. വിരാട് കോഹ്‌ലി വർഷങ്ങളോളം എല്ലാ ഫോർമാറ്റുകളിലും കളം വാണു. ഈ ബാറ്ററിനും അതിനുള്ള കഴിവുണ്ട്. താരത്തിന്‍റെ കഴിവ് പ്രകടനത്തിലേക്ക് കൊണ്ടുവരിക എന്നത് മറ്റൊരു കാര്യമാണ്’ -പത്താൻ വ്യക്തമാക്കി.
ആഗസ്റ്റിലാണ് ശുഭ്മാൻ ഗിൽ ആദ്യ സെഞ്ച്വറി നേടുന്നത്. ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റിൽ താരത്തിന്‍റെ സെഞ്ച്വറി നേട്ടം ആറായെന്നും പത്താൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.