ആസ്ട്രേലിയ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ കഴിഞ്ഞദിവസമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. പിന്നാലെ ലോകകപ്പിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രവചിച്ചിരിക്കുകയാണ് മുൻ ഇടംകൈയൻ പേസർ ഇർഫാൻ പത്താൻ.
പത്താന്‍റെ ടീമിൽ മുൻനായകൻ വിരാട് കോഹ്ലി മൂന്നാം നമ്പർ ബാറ്റുകാരനാണ്. ഏഷ്യ കപ്പിൽ 276 റൺസുമായി മികച്ച പ്രകടനമാണ് കോഹ്ലി നടത്തിയത്. റൺവേട്ടയിൽ പാകിസ്താൻ താരം മുഹമ്മദ് റിസ്വാനു പിന്നിൽ രണ്ടാമതാണ് താരം. അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ കോഹ്ലി ട്വന്‍റി20യിലെ കന്നി സെഞ്ച്വറിയും കുറിച്ചു.
വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പത്താന്‍റെ ടീമിൽ ഇടമില്ല. ആദ്യമത്സരത്തിൽ ഒരു സ്പിന്നർ ഉൾപ്പെടെ പരിചയസമ്പന്നരായ ബൗളർമാരെ കളിപ്പിക്കണമെന്ന് പത്താൻ പറയുന്നു. 'നോക്കൂ, എന്റെ അഭിപ്രായത്തിൽ, ആദ്യ മത്സരം കളിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു സ്പിന്നർ ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ ബൗളർമാർ ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ എന്‍റെ പ്ലയിങ് ഇലൻ ഇതായിരിക്കും -രോഹിത് ശർമ, കെ.എൽ. രാഹുൽ, മൂന്നാം നമ്പറിൽ വിരാട് കോഹ്ലി, നാലാം നമ്പറിൽ സൂര്യകുമാർ യാദവ്, അഞ്ചാം നമ്പറിൽ ദീപക് ഹൂഡ, ആറാമതായി ഹാർദിക് പാണ്ഡ്യ, ഏഴാമനായി ദിനേഷ് കാർത്തിക്, എട്ടാമനായി ലഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ എന്നിവർ ഒമ്പതു മുതൽ 11 വരെയുള്ള നമ്പറുകളിൽ' -പത്താൻ സ്റ്റാർ സ്പോർട്സ് പരിപാടിയിൽ വെളിപ്പെടുത്തി.
സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാൻ കൃഷ്ണമാചാരി ശ്രീകാന്തും ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രവചിച്ചിട്ടുണ്ട്. കെ.എൽ. രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി (മൂന്നാം നമ്പർ), സൂര്യകുമാർ യാദവ് (നാല്), ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, അശ്വിൻ, ചഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ എന്നിവരാണ് പ്ലെയിങ് ഇലവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.