ഇഷാൻ കിഷനായി കോടികളെറിഞ്ഞ് മുംബൈ ; ദീപക് ചഹറിനും കോളടിച്ചു

ബംഗളൂരു: ഐ.പി.എൽ മെഗാ താരലേലത്തിൽ പൊന്നും വിലക്ക് ഇഷാൻ കിഷൻ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക്. 15.25 കോടി രൂപയെറിഞ്ഞാണ് വിക്കറ്റ് കീപ്പർബാറ്ററെ മുംബൈ നിലനിർത്തിയത്. ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്സും കിഷനായി ശക്തമായി രംഗത്തുണ്ടായിരുന്നു.

ഐ.പി.എൽ താരലേലത്തിൽ ഒരിന്ത്യൻ താരത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന തുകയാണിത്. 2015ൽ 16 കോടി രൂപ നൽകി യുവരാജ് സിങ്ങിനെ സ്വന്തമാക്കിയതാണ് നിലവിലെ റെക്കോഡ്.

കിഷന് പിന്നാലെ ലേലത്തിൽ 14 കോടി രൂപ നേടി ഇന്ത്യൻ ഓൾറൗണ്ടർ ദീപക് ചഹറിനും കോളടിച്ചു. ചെന്നൈ സൂപ്പർ കിങ്സാണ് ചഹറിനെ നിലനിർത്തിയത്. സമീപകാലത്ത് ഇന്ത്യൻ ജഴ്സിയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പേസർ പ്രസിദ്ധ് കൃഷ്ണയെ 10 കോടി രൂപ നൽകി രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 10.75 കോടി രൂപ നൽകി ഇന്ത്യൻ ഓൾറൗണ്ടർ ശർദുൽ ഠാക്കൂറിനെ ഡൽഹി സ്വന്തമാക്കി. 

കിവീസ് താരം ലോക്കി ഫെർഗൂസനെ 10കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. രണ്ടുകോടി രൂപ അടിസ്ഥാന വിലയിട്ട ആസ്ട്രേലിയൻ താരം ജോഷ് ഹെയ്സൽവുഡിനെ 7.75 കോടി രൂപക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി.

2022ലെ മെഗാ ലേലത്തിന്റെ ഒന്നാം ദിവസം ആദ്യം വിറ്റുപോയ താരമായിരുന്നു ഇന്ത്യൻ ഓപണർ ശിഖർ ധവാൻ. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 8.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് സ്വന്തമാക്കിയത്. ധവാന് ലഭിക്കുന്ന ഏറ്റവും വലിയ ലേലത്തുകയാണിത്.

ഐ.പി.എല്ലിലെ മിന്നും താരമായ ശ്രേയസ് അയ്യറിനെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പൊന്നും വിലക്ക് സ്വന്തമാക്കി. 12.5 കോടി രൂപയാണ് മുൻ ഡൽഹി കാപിറ്റൽസ് താരത്തിന് വേണ്ടി കൊൽക്കത്ത മുടക്കിയത്.

ആസ്ട്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാർണറെ ഡൽഹി കാപിറ്റൽസ് സ്വന്തമാക്കി. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 6.25 കോടിക്കാണ് ഡൽഹി വാങ്ങിയത്. 10 കളിക്കാരുടെ മാർക്വീ ലിസ്റ്റിലും വാർണർ ഉൾപ്പെട്ടിരുന്നു.ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റനായിരുന്ന വാർണർക്ക്, കഴിഞ്ഞ സീസണിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

ഇന്ത്യയുടെ പേസ് ബൗളർ മുഹമ്മദ് ഷമിയെ ഐ.പി.എല്ലിലെ പുതുമുഖമായ ഗുജറാത്ത് ടൈറ്റാൻസ് 6.25 കോടി രൂപയ്ക്ക് സ്വന്തമാക്കി. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. രവിചന്ദ്ര അശ്വിനെ അഞ്ച് കോടിക്ക് രാജസ്ഥാൻ ടീമിലെത്തിച്ചു. ഫാഫ് ഡ്യൂപ്ലസിസിനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഏഴ് കോടി രൂപയാണ് നൽകിയത്.

ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദയെ പഞ്ചാബ് 9.25 കോടിക്കാണ് ടീമിലെത്തിച്ചത്. ക്വിന്റൻ ഡീക്കോക്കിനെ 6.75 കോടിക്ക് പുതിയ ടീമായ ലക്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിലെത്തിച്ചു. ട്രെന്റ് ബോൾട്ടിനെ 8 കോടിക്ക് രാജസ്ഥാൻ സ്വന്തമാക്കി.

പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും ദേശീയ ടീമിനായി കളിക്കാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്.

Tags:    
News Summary - Ishan kishan is now the second most expensive Indian bought in IPLAuction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.