വൈഡ് വിളിക്കാനൊരുങ്ങിയ അംപയറെ കൊണ്ട് ഔട്ട് വിളിപ്പിച്ച് ഇഷാൻ കിഷൻ; അമ്പരന്ന് എതിർ ടീം, ഐ.പി.എല്ലിൽ നാടകീയ രംഗങ്ങൾ

'വൈഡ് വിളിക്കാനൊരുങ്ങിയ അംപയറെ കൊണ്ട് ഔട്ട് വിളിപ്പിച്ച് ഇഷാൻ കിഷൻ'; അമ്പരന്ന് എതിർ ടീം, ഐ.പി.എല്ലിൽ നാടകീയ രംഗങ്ങൾ

ഹൈദരാബാദ്: അംപയർ വിധിക്കും മുൻപെ സ്വയം ഔട്ട് വരിച്ച് കയറിപ്പോയ ഇഷാൻ കിഷന്റെ നടപടിയാണ് വിവാദമാകുന്നത്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരം ഇഷാൻ കിഷൻ അംപയറെ പോലും കുഴപ്പിച്ചത്.

വൈഡ് വിളിക്കാനൊരുങ്ങിയ അംപയർ ഒടുവിൽ ഔട്ടിനായി വിലരുയർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സൺറൈസേഴ്സിനായി മൂന്നാമനായി ക്രീസിലെത്തിയ ഇഷാൻ, ദീപക് ചഹാറിന്റെ ഓവറിലെ ആദ്യ പന്തിലാണ് ഔട്ടാണെന്ന് കരുതി കയറിപ്പോയത്. ലെഗ് സൈഡിലൂടെ വന്ന പന്തിൽ ബാറ്റുവെക്കാൻ ശ്രമിച്ച ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകിയെന്ന ധാരണയിലാണ് സ്വയം നടന്നുപോയത്.

എന്നാൽ, മുംബൈ താരങ്ങളാരും ഔട്ടിനായി അപ്പീൽ ചെയ്തുപോലുമില്ല. വൈഡ് വിളിക്കാൻ കൈ ഉയർത്തിയ അംപയർ ഇഷാൻ കയറിപോയത് കണ്ട് കൈ നേരെ ഔട്ടിനായി ഉ‍യർത്തുകയായിരുന്നു. 

സ്വയം ഔട്ട് വരിച്ച് അനാവശ്യമായ സത്യസന്ധതയാണ് ഇഷാൻ കാണിച്ചതെന്ന വിമർശനമാണ് മുൻതാരങ്ങളെല്ലാം ഉയർത്തുന്നത്. കഴിഞ്ഞ സീസൺ വരെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ഇഷാൻ പഴയ ടീമിനോടുള്ള സ്നേഹം കാണിച്ചതാണെന്ന വിമർശനവും സമൂഹമാധ്യമങ്ങളിൽ ഉയർന്നു.

മത്സരത്തിൽ, മുംബൈ ഏഴു വിക്കറ്റിന് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈ 15.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 46 പന്തിൽ മൂന്നു സിക്സും എട്ടു ഫോറുമടക്കം 70 റൺസെടുത്ത രോഹിത് ശർമയാണ് ജയം അനായാസമാക്കിയത്. 19 പന്തിൽ 40 റൺസുമായി സൂര്യകുമാർ യാദവ് പുറത്താകാതെ നിന്നു.

Tags:    
News Summary - Ishan Kishan’s bizarre dismissal: Umpire calls it wide, no appeal from MI, but batter walks off even as snicko shows no edge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.