മാഞ്ചസ്റ്റർ: പ്രായം കൂടും തോറും വീര്യം കൂടുകയാണ് ജെയിംസ് ആൻഡേഴ്സണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ടീമിെൻറ വജ്രായുധമായ ആൻഡേഴ്സൺ തെൻറ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി തുന്നിച്ചേർത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1000 വിക്കറ്റെന്ന അതുല്യ നേട്ടമാണ് ഇംഗ്ലീഷ് പേസർ സ്വന്തമാക്കിയത്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ കെൻറിനെതിരായ മത്സരത്തിൽ ലങ്കാഷെയറിനായാണ് ജിമ്മി നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ കരിയർ ബെസ്റ്റായ ഏഴിന് 19 എന്ന പ്രകടനത്തോടെയാണ് താരം തിരിച്ചു കയറിയത്.
ആൻഡേഴ്സണിെൻറ ഇൻസ്വിങ്ങറിന് കെൻറ് ബാറ്റ്സ്മാൻ ഹെയ്നോ കുൻ ബാറ്റ് വെച്ചതോടെ വിക്കറ്റിന് പിന്നിൽ കീപ്പർ ക്യാചിലൂടെ ട്രേഡ്മാർക്ക് ശൈലിയിലായി റെക്കോഡ് വിക്കറ്റ് നേട്ടം. ഓൾഡ് ട്രാഫോഡിൽ 38കാരെൻറ അഞ്ചാമത്തെ ഇരയായാണ് കുൻ മടങ്ങിയത്.
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിെൻറയും ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തതിെൻറ റെക്കോഡുകൾ ആൻഡേഴ്സണിെൻറ പേരിലാണ്. മത്സരത്തിൽ കെൻറ് 26.2 ഓവറിൽ 74 റൺസിന് പുറത്തായി. എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ആൻഡേഴ്സണിനെ ആരാധകർ ഗ്രൗണ്ടിൽ നിന്ന് യാത്രയാക്കിയത്.
ഈ മാസം 39 തികയുന്ന ആൻഡേഴ്സൺ 2002ൽ ലങ്കാഷെയറിന് വേണ്ടിയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 162 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 617 വിക്കറ്റുകൾ സ്വന്തമാക്കി. എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതുള്ള ഇന്ത്യയുടെ അനിൽ കുംബ്ലയേക്കാൾ രണ്ട് വിക്കറ്റിെൻറ കുറവ് മാത്രമേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.