സിഡ്നി: ആസ്ട്രേലിയക്കെതിരായ തോൽവിക്ക് പിന്നാലെ പരിക്കിനെ കുറിച്ച് മൗനം വെടിഞ്ഞ് ജസ്പ്രീത് ബുംറ. ചില സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കേണ്ടി വരും. ശരീരവുമായി നിങ്ങക്ക് പോരാടാനാവില്ല. ഈ പിച്ചിൽ രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാൻ കഴിയാതിരുന്നത് നിരാശാജനകമാണെന്നും ബുംറ പറഞ്ഞു.
ആദ്യ ഇന്നിങ്സിലെ രണ്ടാം സ്പെല്ലിൽ ബൗൾ ചെയ്യാൻ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ബുംറ വ്യക്തമാക്കി. പത്തുവർഷത്തെ ഇടവേളക്കുശേഷം ബോർഡർ-ഗവാസ്കർ ട്രോഫി ആസ്ട്രേലിയ തിരിച്ചുപിടിച്ചിരുന്നു. അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ ആറു വിക്കറ്റിനാണ് ഓസീസ് തകർത്തത്. ഇതോടെ പരമ്പര 3-1ന് സ്വന്തമാക്കിയ ഓസീസ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഉറപ്പിച്ചു.
ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ എതിരാളികൾ. 162 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ ഓസീസ് 27 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 157 റൺസിൽ അവസാനിച്ചിരുന്നു. സ്കോർ: ഇന്ത്യ – 185 & 157, ആസ്ട്രേലിയ – 181 & 162/4. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്. രണ്ട്, നാല്, അഞ്ച് ടെസ്റ്റുകളിൽ ആതിഥേയർ ജയിച്ചപ്പോൾ മൂന്നാം ടെസ്റ്റ് സമനിലയിലായി. 2014-15 ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലാണ് ഓസീസ് അവസാനമായി ജയിച്ചത്. കഴിഞ്ഞ നാലു പരമ്പരയിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിനമാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറക്ക് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പോയി ബുംറ സ്കാനിങ്ങിന് വിധേയനാവുകയും ചെയ്തിരുന്നു. ആസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ ബൗൾ ചെയ്യാൻ ബുംറയെത്തിയിരുന്നില്ല. രോഹിത് ശർമ്മ വിശ്രമത്തിലായതോടെ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.