സചിനും കുക്കും ഇല്ല; റൂട്ടിന് മുമ്പ് ലോർഡ്സിൽ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ ബാറ്റർമാർ ഇവരാണ്

നിലവിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന ലോർഡ്സ് ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിങ്സിലും ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട് സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ടിനെ മികച്ച നിലയിലെത്തിക്കാൻ റൂട്ടിന്‍റെ സെഞ്ച്വറിക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും മികച്ച മോഡൺ ഡേ ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായ റൂട്ട് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടിയ ബാറ്ററായി മാറി. 34 വട്ടമാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നൂറടിച്ചത്.

ആദ്യ ഇന്നിങ്സിൽ 143 റൺസെടുത്ത റൂട്ട് ഇംഗ്ലണ്ടിനെ 427 എന്ന കൂറ്റൻ സ്കോറിൽ എത്തിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ മറ്റ് ഇംഗ്ലണ്ട് ബാറ്റർമാർ പതറിയപ്പോൾ 101 റൺസുമായി റൂട്ട് മികച്ചുനിന്നു. രണ്ട് ദിവസത്തെ മത്സരം ബാക്കിനിൽക്കെ ലങ്കക്ക് 430 റൺസ് നേടിയാൽ വിജയിക്കാൻ സാധിക്കും. ലോർഡ്സിൽ ഒരു മത്സരത്തിലെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമായി മാറിയിരിക്കുകയാണ് റൂട്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ താരങ്ങളായ, സകല റെക്കോഡുകളും കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യയുടെ സചിൻ ടെണ്ടുൽക്കറിനോ ഇംഗ്ലണ്ടിൽ റൂട്ടിന്‍റെ മുൻഗാമിയായ അലസ്റ്റെയർ കുക്കിനോ ഇല്ലാത്ത റെക്കോഡാണ് ഇത്.  സചിൻ ടെണ്ടുൽക്കറിന്  ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരു സെഞ്ച്വറി പോലും  നേടാൻ സാധിച്ചിട്ടില്ല എന്നുള്ള കാര്യം ശ്രദ്ധേയമാണ്. 

ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്സിൽ ഈ നേട്ടം ആദ്യം കൈവരിക്കുന്നത് ജോർജ് ഹെഡ്ലിയാണ്. 'ബ്ലാക്ക് ബ്രാഡ്മാൻ' എന്നറിയപ്പെടുന്ന ഈ കരീബിയൻ താരമാണ് വെസ്റ്റ ഇൻഡീസിനായി ലോർഡ്സിൽ രണ്ട് ഇന്നിങ്സിലും ആദ്യമായി സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ 106 റൺസും രണ്ടാം ഇന്നിങ്സിൽ 107 റൺസുമാണ് അദ്ദേഹം നേടിയത്. 1939ലായിരുന്നു ഹെഡ്ലിയുടെ ഈ നേട്ടം. മത്സരത്തിൽ ഹെഡ്ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും വെസ്റ്റ് ഇൻഡീസ് തോൽക്കുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ ഗ്രഹാം ഗൂച്ചാണ് ഈ നേട്ടം രണ്ടാമതായി കൈവരിച്ചത്. 1990ൽ ഇന്ത്യക്കെതിരെയായിരുന്നു ലോർഡ്സിൽ രണ്ട് ഇന്നിങ്സിലും അദ്ദേഹം സെഞ്ച്വറി തികക്കുന്നത്. ആദ്യ ഇന്നിങ്സിൽ 333 റൺസ് നേടിയ ഗൂച്ച്  രണ്ടാം ഇന്നിങ്സിൽ 123 റൺസും സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ 247 റൺസിന് ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു.

2004ൽ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൾ വോണാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു താരം. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 103 റൺസും രണ്ടാം ഇന്നിങ്സിൽ 101 റൺസും സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് 210 റൺസിന്‍റെ വിജയം സ്വന്തമാക്കുകയും ചെയ്തു. ആ പട്ടികയിൽ അവസാനമായാണ് ഇപ്പോൾ റൂട്ട് ഇടം നേടിയിരിക്കുന്നത്.

Tags:    
News Summary - joes root becomes this fourth batter to score 100 in both innings at lords

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.