എഢി ഹെമിങ്സ് എന്ന വെറ്ററൻ സ്പിന്നറുടെ അടിച്ചുപറത്തിയ പന്ത് ബൗണ്ടറി ലൈനരികിൽ മൈക്ക് ഗാറ്റിങ്ങ് കൈപ്പിടിയിലൊതുക്കുമ്പോൾ വാസ്തവത്തിൽ ഇന്ത്യക്ക് നഷ്ടമായത് രണ്ടാം ലോകകപ്പ് എന്ന സ്വപ്നമായിരുന്നു. തൊട്ടു മുമ്പത്തെ പന്ത് ബൗണ്ടറിയിലേക്ക് അടിച്ചു പായിച്ച ആവേശത്തിൽ ക്രീസിൽ നിന്ന ആ ബാറ്റ്സ്മാൻ സിക്സറിലേക്ക് പായിച്ചതായിരുന്നു ക്യാച്ചായി ഒടുങ്ങിയത്. അപ്പോൾ അഞ്ചു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാൻ 87 റൺസ് മതിയായിരുന്നു. പക്ഷേ, അത്യാപത്തിൽ രക്ഷക വേഷം കെട്ടാൻ പോന്ന ഒരാൾ, ഔട്ടായി തലകുനിച്ചു കയറിപ്പോയ ആ നായകനെ പോലെ മറ്റൊരാൾ പിന്നീട് വരാനില്ലായിരുന്നു. എൺപതുകളിൽ ക്രിക്കറ്റിനെ പ്രണയിച്ചവരുടെ മനസ്സിൽ കപിൽദേവ് എന്ന ആ നായകൻ ഇന്നും ചെറുപ്പത്തോടെ നിൽക്കുന്നുണ്ട്.
ട്രെന്റ്ബ്രിഡ്ജ് വെൽസിൽ സിംബാബ്വേക്കെതിരെ 175 റൺസ് നേടിയ കപിൽദേവിൻറെ പ്രകടനം അയാളുടെ നിശ്ചയദാർഡ്യമായിരുന്നു 1983 ജൂൺ 25ന് ലോർഡ്സിന്റെ ബാൽക്കണിയിൽ പ്രൂഡൻഷ്യൽ ലോകകപ്പ് ഇന്ത്യയൂടെ നെഞ്ചിലേക്ക് ചേർത്തുവെച്ചത്. ഒന്നു പൊരുതുവാൻ പോലും ശേഷിയില്ലാത്തവരെന്ന് എഴുതിത്തള്ളിയ, ടെലികാസ്റ്റ് ചെയ്യാൻ കൊള്ളാവുന്ന മത്സരമായി ടെലിവിഷൻകാർക്കുപോലും തോന്നാത്ത ഒരു ടീമായിരുന്നു 1983ൽ ഇന്ത്യ. പക്ഷേ, ആ ജൂണിന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞത് കപിൽദേവ് എന്ന ഒറ്റയാന്റെ മേൽവിലാസത്തിലായിരുന്നു. ഇപ്പോൾ കപിൽദേവിന് 60 വയസ്സായിരിക്കുന്നു. തുടർച്ചയായി മൂന്നാം ലോക കപ്പ് കിരീടം എന്ന വമ്പുമായി വന്ന കരീബിയൻ ടീമിനെ ഒന്നിനും പറ്റാത്ത ഒരു ടീമിനെയും കൊണ്ട് മലർത്തിയടിച്ച് കിരീടം പിടിച്ചുവാങ്ങിയത് അക്കാലത്ത് അത്യപൂർവമായ ടെലിവിഷനിലൂടെ നേരിൽ കണ്ടവർക്ക് ഇന്നും കപിൽതന്നെയാണ് ഇന്ത്യയുടെ നായകൻ.
1983ലായിരുന്നുവല്ലോ ഫൈനലിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ ലോക ചാമ്പ്യന്മാരായത്. അങ്ങനെ 'കപിലിന്റെ ചെകുത്താന്മാർ' (Kapil's Devils) എന്ന് ഇന്ത്യക്ക് വിളിപ്പേര് പതിഞ്ഞത്. നാല് വർഷം കൂടി കഴിഞ്ഞപ്പോൾ ഇന്ത്യ തന്നെ ലോക കപ്പിന് ആതിഥേയരായി. കപിൽ ദേവ് തന്നെയായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. അതു കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നിൽ നിന്ന് അയാൾ നയിച്ചതാണ്. പക്ഷേ, സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പാളിപ്പോയ ആ ഷോട്ട് കിരീടം നിലനിർത്താമെന്ന ഇന്ത്യയുടെ സ്വപ്നങ്ങളെ പിച്ചി ചീന്തി.
അപ്പോഴും വേണമെങ്കിൽ വിജയം പൊരുതി പിടിച്ചെടുക്കാമായിരുന്നു. ക്രീസിൽ മറുവശത്ത് മുഹമ്മദ് അസറുദ്ദീൻ മികച്ച ഫോമിലുണ്ടായിരുന്നു. അതിശയങ്ങൾ തീർക്കാൻ കെൽപ്പുള്ള രവി ശാസ്ത്രി വരാനുണ്ടായിരുന്നു. മനോജ് പ്രഭാകറും കിരൺ മോറേയും ചേതൻ ശർമയും വേണമെങ്കിൽ വിജയം പിടിച്ചെടുക്കാൻ കഴിയുന്നവരുമായിരുന്നു. പക്ഷേ, കപിൽ എന്ന നായകൻ വീണതോടെ അവരുടെ ആത്മവിശ്വാസങ്ങൾ എല്ലാം തകർന്നുപോയിരുന്നു. അനാവശ്യമായി ക്രോസ് ബാറ്റ് വീശി അസ്ഹർ എഢി ഹെമ്മിങ്സിറെ പന്തിൽ 64 റൺസുമായി ടോപ് സ്കോറർ ആയി പുറത്തായി. ഒടുവിൽ ലക്ഷ്യമില്ലാതെ ഉയർത്തിയടിച്ച് ശാസ്ത്രിയും പുറത്തായതോടെ ഇന്ത്യ 35 റൺസിന്തോറ്റു. ആ ലോക കപ്പ് പരമ്പരയിൽ ഇന്ത്യ അത്യുജ്ജല ഫോമിലായിരുന്നു.
ചാമ്പ്യൻമാരായ ആസ്ട്രേലിയയെ ഗ്രൂപ്പ് മത്സരത്തിൽ തോൽപ്പിച്ചതുമാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന പ്രദർശന മത്സരത്തിൽ പാക്കിസ്ഥാനെയും (ഇത് പിന്നീട് അന്താരാഷ്ട്ര മത്സരമായി പരിഗണിച്ചു). ഗ്രൂപ്പ് മത്സരത്തിൽ ആദ്യം ഓസീസിനോട് ഇന്ത്യ തോറ്റത് ഒരു റൺസിനായിരുന്നുവെങ്കിൽ പിന്നീട് തോൽവിയറിയാതെയായിരുന്നു സെമി ഫൈനലിൽ എത്തിയത്. അതിനിടയിൽ രണ്ടാം മത്സരത്തിൽ ആസ്ട്രേലിയയെ 56 റൺസിന് തോൽപ്പിച്ചു. ന്യൂസിലാൻഡിനെയും സിംബാബ്വേയും രണ്ടു വട്ടവും പരാജയപ്പെടുത്തി. സെമി കടന്നിരുന്നുവെങ്കിൽ അന്നത്തെ ഫോമിൽ ഫൈനലിൽ ആസ്ട്രേലിയയെ പരാജയപ്പെടുത്താൻ സാധ്യത ഏറെയായിരുന്നു...
ശൂന്യതയിൽനിന്ന് ലോക കപ്പ് നേടി കൊടുക്കുകയും അടുത്ത ലോക കപ്പിൽ സെമിയിൽ വരെ എത്തിക്കുകയും ചെയ്ത ക്യാപ്റ്റനെ ഇന്ത്യ പക്ഷേ, കണക്കിനു ശിക്ഷിക്കുകയായിരുന്നു. ആ വർഷം ഒടുവിൽ നടന്ന ഇന്ത്യ - വെസ്റ്റിൻഡീസ് പരമ്പരയിൽ കപിൽദേവായിരുന്നില്ല ക്യാപ്റ്റൻ. വെംഗ്സർക്കാർ ആയിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റിൽ വെംഗ്സർക്കാർ പരിക്കേറ്റ് പുറത്തിരുന്നപ്പോൾ താൽക്കാലിക ക്യാപ്റ്റന്റ ചുമതല പോലും കപിലിന് നൽകിയില്ല. രവിശാസ്ത്രിയായിരുന്നു നായകൻ.നരേന്ദ്ര ഹിർവാനി 16 വിക്കറ്റ് വീഴ്ത്തി റെക്കോർഡിട്ട ചെന്നൈയിലെ ആ ടെസ്റ്റിൽ വിൻഡീസ് ബൗളിങ്ങിനെ അരിഞ്ഞുതള്ളി നേടിയ തകർപ്പൻ സെഞ്ച്വറിയായിരുന്നു കപിലിന്റെ മറുപടി.
എങ്ങനെ മറക്കും ആ 175..?
1983 ജൂൺ 18. ഇന്ത്യ ലോക കപ്പ് നേടുന്നതിന് കൃത്യം ഒരാഴ്ച മുമ്പ്. ട്രെന്റ്ബിഡ്ജ്വെൽസ് മൈതാനത്ത് സിംബാബ്വേയെ ഇന്ത്യ നേരിടുന്നു. ടോസ് കിട്ടിയ ഇന്ത്യ ബാറ്റിങ്ങ് തന്നെ തെരഞ്ഞെടുത്തു. സ്കോർ ബോർഡിൽ റൺ വിരിയും മുമ്പേ സുനിൽ ഗവാസ്കർ വട്ടപ്പൂജ്യത്തിന് പുറത്ത്. തൊട്ടുടൻ കൃഷ്ണമാചാരി ശ്രീകാന്ത് റണ്ണെടുക്കാതെ പുറത്ത്. മൊഹീന്ദർ അമർനാഥ്, സന്ദീപ് പാട്ടീൽ, യശ്പാൽ ശർമ എന്നിവരും ഡ്രസിങ് റൂമിലേക്ക് മാർച്ച് പാസ്റ്റ് നടത്തുകയാണ്. 17 റൺസിന് അഞ്ച് വിക്കറ്റ്.
സംഘാടകർ അങ്കലാപ്പിലായി. അധികം കാണികൾ ഇല്ലെങ്കിലും ഉച്ചയ്ക്ക് മുമ്പ് കളി തീരുന്ന മട്ടാണ്. വാർത്ത ഏജൻസികൾ അതിനു പാകത്തിൽ കമൻററി എഴുതാൻ തുടങ്ങിയ നേരം. ക്യാപ്റ്റൻ പദവി ഏറ്റെടുത്തിട്ട് നാലു മാസം മാത്രം പ്രായമുള്ള കപിൽദേവ് എന്ന 24കാരൻ ആറാമനായി ക്രീസിൽ ഇറങ്ങിയത് അപ്പോഴാണ്. റോജർ ബിന്നിയെ കൂട്ടുപിടിച്ച് സ്കോർ 77ൽ എത്തിച്ചപ്പോൾ ആറാമത്തെ വിക്കറ്റും വീണു. ഒരു റൺ കൂടി ചേർന്നപ്പോൾ രവി ശാസ്ത്രിയും കട്ടയും പടവും മടക്കി. 78ന് ഏഴ്. നൂറു കടക്കാനുള്ള സാധ്യത കഷ്ടി.
എട്ടാം വിക്കറ്റിൽ മദൻലാൽ വന്നപ്പോൾ മറുവശത്ത് കപിൽ ഒറ്റയ്ക്ക് ഇന്നിങ്സിന്റെ അറ്റകുറ്റ പണികൾ തീർക്കാനുള്ള പുറപ്പാടിലായിരുന്നു. ഒരുവിധം 140ൽ എത്തിച്ചപ്പോൾ മദൻലാലും മതിയാക്കി. എട്ടിന് 140. ഒമ്പതാമനായി ക്രീസിൽ വന്ന വിക്കറ്റ് കീപ്പർ സെയ്യദ് കിർമാനിയോട് കപിലിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു, 'എന്തു വന്നാലും 60 ഓവറും പിടിച്ചു നിൽക്കണം. ബാക്കി കാര്യം ഞാനേറ്റു..' (അന്ന് 60 ഓവർ മത്സരമായിരുന്നു ഏകദിനം).
പിന്നെ ട്രെന്റ്ബ്രിഡ്ജ്വെൽസ് കണ്ടത് കൊലവിളിയായിരുന്നു. കപിൽ ശരിക്കും ചെകുത്താനായി മാറിയ ദിവസം. ഒരൊറ്റ ഇന്ത്യക്കാരൻ പോലും ഏകദിനത്തിൽ സെഞ്ച്വറി തൊട്ടിട്ടില്ലാത്ത ആ കാലത്ത് ആദ്യമായി ഇന്ത്യക്കുവേണ്ടി കപിൽ ഏകദിനത്തിൽ സെഞ്ച്വറി കുറിച്ചു. പറഞ്ഞതുപോലെ 60 ഓവറും കിർമാനി കൂടെ നിന്നു. കളി അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ എട്ടിന് 266.
കപിൽദേവ് പുറത്താകാതെ 175 റൺസ്. അതും വെറും 138 പന്തിൽ. മൈതാനത്തിന്റെ അതിരുകൾ അളന്ന 16 ഫോറുകൾ. ആകാശം ഭേദിച്ച ആറ് സിക്സറുകൾ. ഏറെ കാലം പിന്നിട്ട് സൗരവ് ഗാംഗുലി 183 അടിക്കുന്നതുവരെ കപിലിന്റെ 175 ആയിരുന്നു ഇന്ത്യക്കാരന്റ ഏറ്റവും ഉയർന്ന സ്കോർ. 31 റൺസിന് ആ മത്സരം ജയിച്ച് ഇന്ത്യ അവസാന വട്ടത്തിലേക്ക് ഓടിക്കയറുകയും ചെയ്തു.
സച്ചിനും സെവാഗും രോഹിതുമൊക്കെ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയെങ്കിലും കപിലിന്റെ ആ 175 ന് തുല്ല്യം വെക്കാൻ പോന്ന ഒരിന്നിങ്സ് ഓർമയിൽപോലുമില്ല.ഫൈനലിൽ വെസ്റ്റിൻഡീസിനെതിരെ വെറും 183 റൺസിന് പുറത്തായി ബൗളിങ്ങിനായി ഫീൽഡിലേക്കിറങ്ങുമ്പോൾ കപിൽ സഹകളിക്കാരോട് പറഞ്ഞതിത്രയുമായിരുന്നു. 'നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, ഒരു പന്തും വിടരുത്. മരിച്ചിട്ടാണെങ്കിൽ പോലും അത് പിടിച്ചിരിക്കണം. മടങ്ങിപ്പോകുമ്പോൾ നമ്മുടെ കൈയിൽ ഒരു കപ്പുണ്ടാവും. ലോക കപ്പ്...'
നായകൻ തന്നെ മുന്നിൽ നിന്ന് അത് കാണിച്ചു കൊടുത്തു. 30 വാര പിന്നിലേക്കോടി വിവിയൻ റിചാർഡ്സിന്റെ ക്യാച്ചെടുത്തുകൊണ്ട്. വിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡിന്റെ മാരക ഷോട്ട് കൈപ്പിടിയിലാക്കി ഒരിക്കൽ കൂടി അത് തെളിയിച്ചു. ഒടുവിൽ അമർനാഥിന്റെ പന്തിൽ മൈക്കിൾ ഹോൾഡിങ് വിക്കറ്റിനു മുന്നിൽ കുടുങ്ങുമ്പോൾ ലോഡ്സിൽ ചരിത്രം കുറിച്ച് 43റൺസിന്റ വിജയവും ലോക കപ്പും നേടിയിരുന്നു. ഇന്ത്യൻ ബൗളിങ് എന്നാൽ പ്രസന്നയുടെയും ബിഷൻ സിങ്ങ് ബേദിയുടെയും ചന്ദ്രശേഖരിന്റെയും വെങ്കട്ട രാഘവന്റെയും സ്പിൻ തന്ത്രങ്ങൾ മാത്രമായിരുന്ന കാലത്താണ് കപിൽദേവ് രാംലാൽ നിഖഞ്ച് എന്ന ഹരിയാനക്കാരൻ ഇന്ത്യൻ ക്രിക്കറ്റിലേക്ക് കുതിച്ചെത്തുന്നത്. ഹരിയാന എക്സ്പ്രസ് എന്ന വിളിപ്പേര് അന്വർത്ഥമാക്കി.
1978 ഒക്ടോബർ 16ന് ഫൈസലാബാദിൽ പാക്കിസ്ഥാനെതിരെ സാദിഖ് മുഹമ്മദിനെ ഗാവസ്കറുടെ കൈയിലെത്തിച്ച് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച കപിൽ ലോക ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഓൾ റൗണ്ടർ തന്നെയായിരുന്നു. ഇംറാൻ ഖാനും റിച്ചാർഡ് ഹാഡ്ലിയും ഇയാൻ ബോതവും കത്തിനിന്നപ്പോഴും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചത്ത പിച്ചിൽനിന്ന് കപിൽ അതിശയങ്ങൾ തീർത്തു. ഇടംകൈ ഉയർത്തി അൽപം ഇടത്തോട്ട് ചാഞ്ഞ് അന്തരീക്ഷത്തിൽ ഉയർന്ന് പന്ത് ഔട്ട് സ്വിങ്ങറിലേക്ക് തൊടുക്കുന്ന കപിലിന്റെ അത്രയും മനോഹരമായ ബൗളിങ് ആക്ഷൻ പിന്നീട് ലോകത്തിലാരിലും കണ്ടിട്ടില്ല.
ടെസ്റ്റ് ക്രിക്കറ്റിൽ 5248 റൺസും 434 റൺസും എന്ന ഇതുവരെ തകർക്കാനാവാത്ത ആൾറൗണ്ട് റെക്കോർഡുമായി ന്യൂസിലാൻഡിനെതിരെ ഹാമിൽട്ടണിൽ 1994 മാർച്ചിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റോടെ കപിൽ 34ാമത്തെ വയസ്സിൽ കളി മതിയാക്കി. ഒരു കളിക്കാരന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെ സ്നേഹിക്കുന്ന ആരാധകരുടെ നടുവിൽനിന്ന് വിരമിക്കണം എന്നതാണ്. പക്ഷേ, ആ അവസരം ഇന്ത്യൻ ക്രിക്കറ്റിനെ ഏറെ കാലം തോളിലേറ്റിയ കപിൽദേവിന് ഇന്ത്യൻ ക്രിക്കറ്റ് അധികൃതർ അനുവദിച്ചില്ല.
ഒരാളുടെയും ഔദാര്യത്തിന് കാത്തുനിൽക്കുന്നയാളായിരുന്നില്ല കപിൽ. കളിക്കളത്തിലും പുറത്തും ആ വ്യക്തിത്വം അങ്ങനെ തിളങ്ങി നിന്നിട്ടുണ്ട്. ഇന്ന് ഇന്ത്യൻ ഭൂഖണ്ഡത്തിൽ ആടിത്തിമിർക്കുന്ന ഐ.പി.എല്ലിനും ഒരർത്ഥത്തിൽ തുടക്കക്കാരൻ കപിൽ തന്നെയായിരുന്നു. ഐ.സി.എൽ (ഇന്ത്യൻ ക്രിക്കറ്റ് ലീഗ്) എന്ന ട്വൻറി 20 ലീഗുമായി വന്ന് ബി.സി.സി.ഐയുടെ കണ്ണിലെ കരടായി മാറുകയായിരുന്നു ആ സംരംഭം.
ആരുടെ മുന്നിലും ഓച്ഛാനിച്ച് നിന്ന് അയാൾക്ക് ശീലമില്ല. അതുകൊണ്ട് ഇന്ത്യൻ ടീമിന്റെ കോച്ചായി അധിക കാലം നിലനിൽക്കാൻ കപിലിനായില്ല. ബി.സി.സി. ഐ എന്ന പണംവാരി പ്രസ്ഥാനത്തിന്റെ ഉയർന്ന കസേരകളിൽ ഇരിക്കാനും അതുകൊണ്ടു തന്നെ കപിലിനായില്ല. എങ്കിലും ഇന്ത്യൻ ക്രിക്കറ്റ് എന്നാൽ ആദ്യം മനസ്സിൽ വരിക ഈ മനുഷ്യന്റെ പേരാണ്. ഇതിഹാസങ്ങൾ വല്ലപ്പോഴുമേ പിറക്കൂ. ശരിക്കും കപിൽ ഒരു ഇതിഹാസമായിരുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.